എൻഒസി വാങ്ങിയിരുന്നു, ഇളയരാജയുടെ പാട്ട് ഉപയോ​ഗിച്ചത് നിയമപരമായി- 'ഗുഡ് ബാഡ് അ​ഗ്ലി' നിർമാതാക്കൾ

9 months ago 8

15 April 2025, 08:51 PM IST

Y-Ravi-Shankar-Ilaiyaraaja

ഇളയരാജ, വൈ. രവിശങ്കർ | Photo: Facebook/ Ilaiyaraaja, PTI

ജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യില്‍ അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. ചിത്രത്തില്‍ ഇളയരാജയുടെ പാട്ട് ഉപയോഗിച്ചതിലൂടെ തങ്ങള്‍ തെറ്റായി ഒന്നുംചെയ്തിട്ടില്ലെന്ന് മൈത്രി മൂവി മേക്കേഴ്‌സിന്റെ ഉടമകളില്‍ ഒരാളായ വൈ. രവിശങ്കര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ചിത്രത്തില്‍ ഉപയോഗിച്ച പാട്ടുകളുടെ മ്യൂസിക് ലേബലുകളില്‍നിന്ന് ആവശ്യമായ അനുമതി വാങ്ങിയിരുന്നുവെന്നുവെന്നാണ് രവിശങ്കര്‍ പറയുന്നത്. 'ലേബലുകളുടെ കൈവശമാണ് പകര്‍പ്പവകാശം. അതിനാല്‍ ഞങ്ങള്‍ മാനദണ്ഡം പാലിച്ച് അവരില്‍നിന്ന് നിരാക്ഷേപപത്രം (എന്‍ഒസി) വാങ്ങിയിരുന്നു. നിയമപരമായാണ്‌ ഞങ്ങള്‍ എല്ലാംചെയ്തത്', രവി ശങ്കര്‍ വ്യക്തമാക്കി.

തന്റെ അനുവാദമില്ലാതെയാണ് മൂന്നുപാട്ടുകള്‍ ഉപയോഗിച്ചതെന്ന് കാണിച്ചാണ് അജിത് കുമാര്‍ ചിത്രം ഗുഡ് ബാഡ് അഗ്ലി നിര്‍മാതാക്കള്‍ക്ക് ഇളയരാജ നോട്ടീസ് അയച്ചത്. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. 1996-ല്‍ പുറത്തിറങ്ങിയ 'നാട്ടുപുര പാട്ട്' എന്ന ചിത്രത്തിലെ ഒത്ത രൂപൈ തരേന്‍, 1982-ല്‍ പുറത്തിറങ്ങിയ 'സകലകലാ വല്ലവ'നിലെ ഇളമൈ ഇതോ ഇതോ, 1986-ലെ 'വിക്ര'ത്തിലെ എന്‍ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളാണ് 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചിരിക്കുന്നത്.

താന്‍ ഈണമിട്ട പാട്ടുകളുടെ യഥാര്‍ഥ ഉടമ താനാണെന്നും അത്തരം സൃഷ്ടികളുടെ ധാര്‍മികവും നിയമപരവുമായ അവകാശങ്ങള്‍ തനിക്കാണെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. തന്റെ അനുവാദമില്ലാതെ, പാട്ട് വികലമായി ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശത്തിന്റെ ലംഘനമാണ്. റോയല്‍റ്റി നല്‍കാതെ തന്റെ സൃഷ്ടിയെ വാണിജ്യപരമായി ദുരുപയോഗംചെയ്തുവെന്നും നോട്ടീസില്‍ പറയുന്നു. ചിത്രത്തില്‍നിന്ന് പാട്ടുകള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസില്‍, ഉപാധികളില്ലാതെ മാപ്പുപറയണമെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വ്യക്തമാക്കുന്നു. നോട്ടീസിലെ ആവശ്യങ്ങള്‍ ഏഴുദിവസത്തിനുള്ളില്‍ അംഗീകരിക്കാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

Content Highlights: Ajith Kumar's Good Bad Ugly producers accidental they person NOC arsenic Ilaiyaraaja demands ₹5 crore compensation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article