എൻഗിഡിക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ, ഹെയ്സൽവുഡിന് പരുക്കും ഫൈനലും; സിംബാബ്‌വെ താരത്തെ 75 ലക്ഷത്തിന് സ്വന്തമാക്കി ആർസിബി

8 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: May 20 , 2025 06:23 PM IST

1 minute Read

ബ്ലെസിങ് മുസറബാനി (ഫയൽ ചിത്രം)
ബ്ലെസിങ് മുസറബാനി (ഫയൽ ചിത്രം)

മുംബൈ∙ ജോഷ് ഹെയ്‍സൽവുഡിന്റെ പരുക്കും ലുങ്കി എൻഗിഡിയുടെ തിരിച്ചുപോക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നിരയിലേക്ക്, പകരക്കാരനായി എത്തുന്നത് സിംബാബ്‌വെ താരം. ഈ സീസണിൽ സിംബാബ്‌വെയിൽനിന്ന് ഐപിഎൽ കളിക്കാനെത്തുന്ന ആദ്യ താരമെന്ന സവിശേഷതയോടെ പേസ് ബോളർ ബ്ലെസിങ് മുസറബാനിയാണ് ആർസിബിയിലേക്ക് എത്തുന്നത്. 75 ലക്ഷം രൂപയ്ക്കാണ് ആർസിബി മുസറബാനിയെ ടീമിലെത്തിച്ചത്.

2022 സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പം നെറ്റ് ബോളറായിരുന്നെങ്കിലും, മുസറബാനി ഐപിഎൽ ടീമിന്റെ മുഖ്യധാരയിലേക്ക് വരുന്നത് ഇതാദ്യമാണ്. ആർസിബിയുടെ അടുത്ത മത്സരം നടക്കുന്ന മേയ് 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിയുടെ സേവനം ലഭ്യമാണെങ്കിലും, അതിനു ശേഷം മേയ് 27ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുൻപ് താരം മടങ്ങിപ്പോകും. ഈ സാഹചര്യത്തിലാണ് സിംബാബ്‌വെ താരവുമായി ആർസിബി കരാറിലെത്തിയത്.

സീസണിൽ ആർസിബിയുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ഓസീസ് താരം ജോഷ് ഹെയ്‍സൽവുഡ് പരുക്കേറ്റ് പുറത്താണ്. തോളിനേറ്റ പരുക്കിൽനിന്ന് മുക്തനാകുന്ന ഹെയ്‍സൽവുഡ് പ്ലേഓഫിനു മുൻപായി ടീമിനൊപ്പം ചേർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. അതേസമയം, ജൂൺ 11ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസീസ് ടീമിലും ഹെയ്‍സൽവുഡ് അംഗമാണ്.

ആർസിബി ഇതിനകം പ്ലേഓഫിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, ലീഗ് ഘട്ടത്തിലെ അവസാന രണ്ടു മത്സരങ്ങളും നിർണായകമാണ്. ശേഷിക്കുന്ന രണ്ടു കളികളിൽ ഒന്നെങ്കിലും അവർ തോറ്റാൽ, ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സും പോയിന്റ് പട്ടികയിൽ അവരെ പിന്തള്ളും. ഇതോടെ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താൻ ആർസിബിക്ക് കഴിയില്ല. ഫലത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ ആർസിബിക്ക് ശേഷിക്കുന്ന രണ്ടു കളികളും ജയിക്കണം.

സിംബാബ്‌വെയ്ക്കായി 12 ടെസ്റ്റുകളും 55 ഏകദിനങ്ങളും 70 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മുസറബാനി. അടുത്തിടെ ബംഗ്ലദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ മുസറബാനി ഒൻപത് വിക്കറ്റുമായി ടീമിന്റെ വിജയശിൽപിയായിരുന്നു. കളിയിലെ കേമൻ പട്ടവും സ്വന്തമാക്കി. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിനായും കറാച്ചി കിങ്സിനായും കളിച്ച് പരിചയമുണ്ട്. കരീബിയൻ പ്രിമിയർ ലീഗിൽ സെന്റ് കിറ്റ്സിനായും നെവിസ് പാട്രിയോട്സിനായും കളിച്ചിട്ടുണ്ട്. 

English Summary:

RCB enactment successful Blessing Muzarabani arsenic impermanent replacement for Lungi Ngidi

Read Entire Article