
റയൽ-ബാഴ്‌സ താരങ്ങൾ പരിശീലനത്തിൽ |ഫോട്ടോ:AFP
ബാഴ്‌സലോണ (സ്‌പെയിൻ): സീസണിലെ അവസാന സ്പാനിഷ് എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയും റയൽ മഡ്രിഡും ഞായറാഴ്ച നേർക്കുനേർ. ലാലിഗ ഫുട്‌ബോളിൽ കിരീടം നിർണയിക്കപ്പെടുന്ന പോരാട്ടമാവും നടക്കുക. വൈകീട്ട് 7.45-നാണ് മത്സരം.
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്റർ മിലാനോടേറ്റ തോൽവിയുടെ മുറിപ്പാടുമായാണ് ബാഴ്‌സ സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്നത്.
എന്നാൽ, സീസണിലെ മൂന്ന് എൽ ക്ലാസിക്കോയിലും റയലിനെ കീഴടക്കിയത് ഹാൻസി ഫ്‌ളിക്കിന് ആത്മവിശ്വാസം നൽകുന്നു. രണ്ടാഴ്ചമുൻപ് കോപ ഡെൽറെ ഫൈനലിൽ 3-2 സ്‌കോറിലാണ് ബാഴ്‌സ ജയിച്ചത്. സ്പാനിഷ് സൂപ്പർ കപ്പിലും ബാഴ്സയ്ക്കുമുന്നിൽ റയൽ തകർന്നിരുന്നു (5-2). ലാലിഗയിൽ റയലിന്റെ തട്ടകത്തിലും ബാഴ്‌സ അനായായ ജയംകുറിച്ചു (4-0).
പോയിന്റ് പട്ടികയിൽ മുന്നിലുള്ള ബാഴ്‌സലോണയ്ക്ക് 34 കളികളിൽ 79 പോയിന്റും രണ്ടാമതുള്ള റയലിന് 75 പോയിന്റുമാണുള്ളത്. നാലുമത്സരങ്ങളാണ് അവശേഷിക്കുന്നത്. റയലിനെ കീഴടക്കാനായാൽ ബാഴ്‌സയ്ക്ക് കിരീടം ഏറക്കുറെ ഉറപ്പിക്കാനാവും. റയൽ ജയിച്ചാൽ കിരീടപ്പോരാട്ടം വീണ്ടും മുറുകും.
മുന്നേറ്റനിരയുടെ കരുത്തിലാണ് ബാഴ്സയുടെ പ്രതീക്ഷ. മുതിർന്ന സ്ട്രൈക്കർ റോബർട്ട് ലവൻഡോസ്‌കി പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയതും ബാഴ്‌സയ്ക്ക് ആശ്വാസം പകരുന്നു. യുവതാരം ലാമിൻ യമാൽ സീസണിലുടനീളം മിന്നുന്നഫോമിലാണ്. മിഡ്ഫീൽഡിൽ പരിക്കുകാരണം രണ്ടുമാസമായി പുറത്തായിരുന്ന മാർക് കസാഡോയും തിരിച്ചെത്തിയിട്ടുണ്ട്.
റയൽ പരിശീലകനെന്നനിലയിൽ ആഞ്ചലോട്ടിയുടെ അവസാന എൽ ക്ലാസിക്കോയായിരിക്കും ഞായറാഴ്ചത്തെ മത്സരം. ഇറ്റാലിയൻ കോച്ച് അടുത്തസീസണിൽ ബ്രസീൽ ദേശീയ ടീം പരിശീലകനാവുമെന്നാണ് വാർത്ത. ലോക ക്ലബ് കപ്പിനുമുൻപായി സ്പാനിഷ് ലീഗിൽ കിരീടം നിലനിർത്തി റയലിന് കരുത്തുതെളിയിക്കേണ്ടതുണ്ട്. മുൻനിരയിൽ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും വിനീഷ്യസും ഫോമിലേക്കുയർന്നാൽ ബാഴ്‌സ പ്രതിരോധം ഭേദിക്കാനാവുമെന്നാണ് കാർലോ ആഞ്ചലോട്ടിയുടെ പ്രതീക്ഷ.
Content Highlights: Barcelona vs Real Madrid0El Clasico La Liga








English (US) ·