Published: October 13, 2026 07:02 AM IST Updated: October 13, 2026 08:55 AM IST
1 minute Read
തിരുവനന്തപുരം ∙ മികച്ച പുരുഷ– വനിത കായിക താരങ്ങൾക്കുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ 2025–26 വർഷത്തെ ജിവി രാജ പുരസ്കാരങ്ങൾക്ക് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും ബാഡ്മിന്റൻ താരം ട്രീസ ജോളിയും അർഹരായി (3 ലക്ഷം രൂപ വീതം). ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഒളിംപ്യൻ സുരേഷ് ബാബു സ്മാരക അവാർഡ് (2 ലക്ഷം) മുൻ കായികതാരവും അത്‌ലറ്റിക്സ് പരിശീലകനുമായ ഡോ.പി.ടി. ജോസഫിനാണ്. മികച്ച കായിക പരിശീലകനുള്ള അവാർഡിന് (1 ലക്ഷം) അത്‌ലറ്റിക്സ് കോച്ച് അനൂപ് ജോസഫ് അർഹനായി. മികച്ച കായിക കോളജിനുള്ള പുരസ്കാരം (50,000 രൂപ) ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനാണ്. ഡോ.സി.എസ്.സദാനന്ദനാണ് കോളജ് തലത്തിലെ മികച്ച പരിശീലകൻ (50,000 രൂപ).
സ്പോർട്സ് ഹോസ്റ്റലുകളിലെ മികച്ച കായിക താരങ്ങൾക്കുള്ള പുരസ്കാരത്തിന് (50,000 വീതം) പുരുഷ വിഭാഗത്തിൽ എഡ്വിൻ പോൾ സിബിയും വനിതകളിൽ പി.അനാമികയും അർഹരായി. രാജ്യാന്തര പാരാ പവർ ലിഫ്റ്റിങ് താരം ജോബി മാത്യുവും മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. പുരസ്കാരങ്ങൾ ഇന്നു വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന കായിക ദിനാചരണ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ സമ്മാനിക്കും.
അജയ് ബെന്നിന് മാധ്യമ പുരസ്കാരംതിരുവനന്തപുരം ∙ കേരള സ്പോർട്സ് കൗൺസിലിന്റെ 2025–26 വർഷത്തെ കായിക മാധ്യമ പുരസ്കാരങ്ങളിൽ മികച്ച സ്പോർട്സ് റിപ്പോർട്ടർക്കുള്ള അവാർഡ് (50,000 രൂപ) മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ അജയ് ബെന്നിന്. കേരളത്തിലെ കായിക താരങ്ങളുടെ ജീവിതവും നേട്ടങ്ങളും അവതരിപ്പിച്ച ലേഖനങ്ങൾക്കാണു പുരസ്കാരം. മറ്റു മാധ്യമ പുരസ്കാരങ്ങൾ (50,000 രൂപ വീതം): ഫൊട്ടോഗ്രഫർ– കെ.കെ.സന്തോഷ് (മാതൃഭൂമി), ദൃശ്യ മാധ്യമ പരിപാടി– ശ്രാവൺ കൃഷ്ണ (ഏഷ്യാനെറ്റ് ന്യൂസ്), സ്പോർട്സ് പുസ്തകം– ബി.ടി.സിജിൻ.
English Summary:






English (US) ·