എൽദോസ് പ്രതീക്ഷയിലാണ്; ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ

4 months ago 5

മനോരമ ലേഖകൻ

Published: September 03, 2025 01:38 PM IST

1 minute Read

പോൾ ഫൈനലിൽ (ഫയൽ ചിത്രം)
പോൾ ഫൈനലിൽ (ഫയൽ ചിത്രം)

കോട്ടയം ∙ കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്‍ലീറ്റ്, ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇടംപിടിച്ച രാജ്യത്തെ ആദ്യ ട്രിപ്പിൾ ജംപ് താരം... അത്‍ലറ്റിക്സിൽ രാജ്യത്തിനായി വിസ്മയ നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളി അത്‍ലീറ്റ് എൽദോസ് പോൾ ഇപ്പോൾ നിരാശയുടെ പിറ്റിൽ വീണുകിടക്കുകയാണ്. പരുക്കിനെത്തുടർന്ന് ഒന്നര വർഷമായി മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന എൽദോസിനു സ്പോൺസറെ നഷ്ടമായി. മെഡൽ ഇല്ലാതായതോടെ കേന്ദ്ര സർക്കാരിന്റെ ടോപ് സ്കീമിൽനിന്നും പുറത്തായി. കായിക ഭാവിയിൽ ഇരുൾ വീഴുമെന്ന ഭീതിക്കിടെ, തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സാമ്പത്തിക സഹായം തേടി അലയുകയാണ് കോമൺവെൽത്ത് ഗെയിംസിലെ കേരളത്തിന്റെ ഏക വ്യക്തിഗത സ്വർണത്തിന്റെ ഉടമ. 

2024ൽ പാരിസ് ഒളിംപിക്സിനായുള്ള തയാറെടുപ്പിനിടെയാണ് എറണാകുളം കോല‍ഞ്ചേരി സ്വദേശിയായ എൽദോസ് പോളിനെ വിധി വീഴ്ത്തിയത്. കസഖ്സ്ഥാനിൽ നടന്ന ഇന്റർകോണ്ടിനന്റൽ മീറ്റിനിടെ ഇടതു കാൽമുട്ടിന് ഗുരുതരമായി പരുക്കേറ്റു. സീസണിലെ 5 രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ നാലിലും മെഡൽ നേടി, ഒളിംപിക്സ് യോഗ്യതയ്ക്ക് തൊട്ടരികിലായിരുന്ന എൽദോസിന്റെ പാരിസ് ഒളിംപിക്സ് സ്വപ്നങ്ങളും അതോടെ അവസാനിച്ചു. 

പരുക്കിനെത്തുടർന്ന് മത്സരങ്ങൾക്ക് ഇറങ്ങാൻ പറ്റാതെ വന്നതോടെ സ്പോൺസറായിരുന്ന ജെഎസ്ഡബ്ല്യുവുമായി വേർപിരിയേണ്ടിവന്നു. ബെംഗളൂരുവിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഈ വർഷം 2 തവണ ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും അത് വിജയമായതുമില്ല. ഒളിംപ്യൻ എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്ന ദോഹയിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ നടത്തണമെന്നാണ് ഇപ്പോൾ എൽദോസ് പോളിന് കിട്ടിയിരിക്കുന്ന വിദഗ്ധ ഉപദേശം. എന്നാൽ 17 ലക്ഷത്തോളം ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് സഹായം നൽകാൻ എൽദോസിന് ഇപ്പോൾ ഒരു സ്പോൺസറുടെ പിൻബലമില്ല. വിദേശത്തെ ചികിത്സയ്ക്ക് കേന്ദ്ര കായികവകുപ്പിന്റെ സാമ്പത്തിക പിന്തുണയുമുണ്ടാകില്ല.

English Summary:

Eldhose Paul, a Commonwealth Games champion, is seeking fiscal assistance for his genu surgery.

Read Entire Article