02 June 2025, 12:41 PM IST

Photo: AFP
കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കല്‍ തീരുമാനമെന്നും 36-കാരനായ താരം അറിയിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കുകയാണ് ലക്ഷ്യം. 13 വര്‍ഷത്തെ ഏകദിന കരിയറിനാണ് മാക്‌സ്‌വെല്‍ വിരാമമിടുന്നത്. ഇതോടെ 2027 ലോകകപ്പില്‍ ഓസീസ് നിരയില്‍ മാക്‌സ്‌വെല്‍ ഉണ്ടാകില്ല. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലാണ് മക്‌സ്‌വെല്‍ അവസാനമായി ഓസീസ് ടീമില്‍ കളിച്ചത്.
149 ഏകദിന മത്സരങ്ങളില്‍ നിന്നായി 3990 റണ്‍സും 77 വിക്കറ്റുകളും നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 33.81 ശരാശരിയിലാണ് താരത്തിന്റെ നേട്ടം. 2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു മാക്‌സ്‌വെല്‍. 2023 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ പരാജയം മുന്നില്‍ കണ്ട് ഓസീസിനെ ഇരട്ട സെഞ്ചുറിയുമായി (201*) വിജയത്തിലെത്തിച്ച മാക്‌സ്‌വെല്ലിന്റെ പ്രകടനം മറക്കാനാകാത്തതാണ്.
ഏകദിനത്തില്‍ തുടര്‍ന്നുകളിക്കാന്‍ തന്റെ ശരീരം പ്രാപ്തമല്ലെന്നും സ്വാര്‍ഥ കാരണങ്ങളാല്‍ ഇനി കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാക്‌സ്‌വെല്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലിയുമായി സംസാരിച്ചാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ബിഗ് ബാഷ് ലീഗിലും മറ്റ് ആഗോള ടി20 ലീഗുകളിലും തുടര്‍ന്നു കളിക്കുമെന്നും താരം വ്യക്തമാക്കി.
Content Highlights: Australian all-rounder Glenn Maxwell retires from One Day Internationals to absorption connected T20 cricket








English (US) ·