Published: December 28, 2025 12:20 PM IST
1 minute Read
മുംബൈ∙ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു ഋഷഭ് പന്തിനെ പരിഗണിക്കില്ല. പന്തിനു പകരം യുവതാരം ഇഷാൻ കിഷനെ ഏകദിന ടീമിലേക്കു തിരികെക്കൊണ്ടുവരാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ടോപ് സ്കോററായ ഇഷാൻ കിഷൻ ജാർഖണ്ഡിനെ കിരീടത്തിലെത്തിച്ചിരുന്നു.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിൽ കര്‍ണാടകയ്ക്കെതിരെ താരം 33 പന്തിൽ സെഞ്ചറി നേടിയിരുന്നു. ഇതോടെയാണ് ഇഷാനെ ഏകദിന ടീമിലേക്കു വീണ്ടും പരിഗണിക്കാൻ ആലോചനകൾ തുടരുന്നത്. ട്വന്റി20 ലോകകപ്പിനും ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും ഇഷാൻ കിഷനാണ് ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പർ. 2023ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇഷാൻ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി ഏകദിനം കളിച്ചത്. ഇന്ത്യൻ ജഴ്സിയിൽ 27 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു ഡബിൾ സെഞ്ചറിയും ഒരു സെഞ്ചറിയും ഏഴ് അർധ സെഞ്ചറികളും നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ക്യാപ്റ്റൻ കെ.എൽ. രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഋഷഭ് പന്തും ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ഈ ടീമിലുണ്ടായിരുന്നെങ്കിലും പന്തിന് മൂന്നു മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. ഇഷാൻ കിഷൻ ഏകദിന ടീമിലെത്തിയാലും കെ.എൽ. രാഹുൽ തന്നെയായിരിക്കും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. മധ്യനിര താരം ശ്രേയസ് അയ്യർ ഏകദിന ടീമിലേക്കു തിരിച്ചെത്തിയേക്കും.
ബെംഗളൂരുവിലെ ബിസിസിഐ ‘സെന്റർ ഓഫ് എക്സലൻസിൽ’ ശ്രേയസ് അയ്യർ പരിശീലനം തുടരുകയാണ്. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം അയ്യർ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ കളിച്ചിരുന്നില്ല. ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ശ്രേയസ് പിന്നീട് ഇന്ത്യൻ ടീമിൽ കളിക്കാനിറങ്ങിയില്ല.
English Summary:








English (US) ·