Published: October 29, 2025 11:16 AM IST
1 minute Read
കാൻബറ ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര നഷ്ടത്തിന് ട്വന്റി20 പരമ്പര നേട്ടത്തിലൂടെ പകരം ചോദിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ഓസീസ് പര്യടനത്തിലെ 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കാൻബറയിൽ നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ പ്രധാന താരങ്ങളെയെല്ലാം നിലനിർത്തിയാണ് ഓസ്ട്രേലിയയുടെ വരവ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ഇന്ത്യൻ പ്രതീക്ഷട്വന്റി20 ക്രിക്കറ്റിൽ സമീപകാലത്തെ മിന്നും ഫോം ഓസ്ട്രേലിയയിലും ആവർത്തിക്കാൻ ഉറപ്പിച്ചാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം എത്തുന്നത്. അവസാനം കളിച്ച 10 ട്വന്റി20 മത്സരങ്ങളിൽ എട്ടിലും ജയിച്ചാണ് ഇന്ത്യയുടെ വരവ്. സൂര്യയുടെ കീഴിൽ കളിച്ച 29 ട്വന്റി20 മത്സരങ്ങളിൽ 23ലും തോൽവി അറിഞ്ഞിട്ടില്ലെന്നതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. നിലവിലെ ഏഷ്യാകപ്പ് ചാംപ്യൻമാർ എന്ന പകിട്ടും ടീം ഇന്ത്യയ്ക്ക് സ്വന്തം.
ബാറ്റിങ്ങിൽ അഭിഷേക് ശർമ നൽകുന്ന തുടക്കം തന്നെയാണ് ഇന്ത്യൻ കുതിപ്പിന് ഇന്ധനം. ശുഭ്മൻ ഗിൽ, സൂര്യ, തിലക് വർമ, സഞ്ജു സാംസൺ തുടങ്ങി ഇന്ത്യൻ ടോപ് ഓർഡർ സുശക്തം. അക്ഷർ പട്ടേൽ, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ എന്നിവരടങ്ങിയ മധ്യനിരയും ബാറ്റിങ്ങിന് മാറ്റുകൂട്ടും. ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിങ്ങായിരിക്കും രണ്ടാമൻ. വരുൺ ചക്രവർത്തി– കുൽദീപ് യാദവ് സ്പിൻ ജോടിയുടെ പ്രകടനവും ഇന്ത്യയ്ക്കു നിർണായകമാകും. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തന്നെ എത്തിയേക്കും.
ഓസീസ് കരുത്ത്ഏകദിന പരമ്പരയിൽ ലഭിച്ച ‘ആതിഥേയരുടെ ആനുകൂല്യം’ ട്വന്റി20യിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റൻ മിച്ചൽ മാർഷും സംഘവും. ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മാത്യു ഷോട്, മാർക്കസ് സ്റ്റോയ്നിസ്, ടിം ഡേവിഡ് തുടങ്ങി പവർ ഹിറ്റർമാർക്കു ടീമിൽ പഞ്ഞമില്ല. ജോഷ് ഹെയ്സൽവുഡ് നയിക്കുന്ന പേസ് നിരയിൽ ഒരു ഡെത്ത് ഓവർ സ്പെഷലിസ്റ്റിന്റെ അഭാവം ടീമിനെ അലട്ടുന്നുണ്ട്.
English Summary:








English (US) ·