ഏകദിനത്തിൽ മാത്രം തുടരുന്ന കോലിയും രോഹിത്തും 2027 ലോകകപ്പിനില്ല?; ഇരുവർക്കും തിരിച്ചടിയായി ബിസിസിഐയുടെ പുതിയ തീരുമാനം

5 months ago 5

മനോരമ ലേഖകൻ

Published: August 10, 2025 03:06 PM IST

1 minute Read

virat-kohli-rohit-sharma
വിരാട് കോലിയും രോഹിത് ശർമയും (ഫയൽ ചിത്രം, X/@BCCI)

ന്യൂഡൽഹി∙ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ചതോടെ നിലവിൽ ഇന്ത്യൻ ആരാധകർക്ക് ഏകദിനത്തിൽ മാത്രം കാണാൻ അവസരമുള്ള വിരാട് കോലി, രോഹിത് ശർമ എന്നീ സൂപ്പർതാരങ്ങൾ പൂർണമായും കളമൊഴിയുന്നു? ഒക്ടോബറിൽ നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. 2027ൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ബിസിസിഐ ഇരുവരെയും പ്രതീക്ഷിക്കുന്നില്ലെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പര ഇരുവരുടെയും അവസാന രാജ്യാന്തര പരമ്പരയായേക്കുമെന്ന പ്രചാരണം.

2027 ലോകകപ്പിൽ കളിക്കാൻ ഇവരും ആഗ്രഹിക്കുന്നപക്ഷം, ആഭ്യന്തര ക്രിക്കറ്റിൽ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടി വരുമെന്നാണ് വിവരം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി, ഈ വർഷം ഡിസംബറിലാണ് നടക്കുക.

കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി മുതിർന്ന താരങ്ങൾ ഉൾപ്പെടെ രഞ്ജി ട്രോഫിയിൽ കളിക്കേണ്ടിവന്നതിനു സമാനമായ സാഹചര്യമാണ് ഇത്. നിലവിൽ 2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ ഒരുക്കാനാണ് ബിസിസിഐ നീക്കം. ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാ സമ്പത്ത് മുതലെടുത്ത് ഏറ്റവും മികച്ച ടീമിനെത്തന്നെ ലോകകപ്പിന് അണിനിരത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത്.

ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുന്നോടിയായി കോലിയും രോഹിത്തും ഉൾപ്പെടെയുള്ള താരങ്ങൾ രഞ്ജി ട്രോഫിയിൽ കളിക്കാൻ നിർബന്ധിതരായിരുന്നു. ഇതേത്തുടർന്ന് രോഹിത് മുംബൈയ്‌ക്കായും കോലി ഡൽഹിക്കായും ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി കളിക്കാനിറങ്ങി.

എന്നാൽ, ഇതിനു പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇരുവരും ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യം രോഹിത് ശർമയും പിന്നാലെ വിരാട് കോലിയും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടിയതിനു പിന്നാലെ ഇരുവരും ആ ഫോർമാറ്റിൽനിന്നും വിരമിച്ചിരുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന മത്സരങ്ങൾ ഒക്ടോബർ 19നാണ് ആരംഭിക്കുക. പെർത്ത്, അഡ്‍ലെയ്ഡ്, സിഡ്നി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഇതിനു ശേഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലാണ് അടുത്ത ഏകദിന പരമ്പര. 2026ൽ ന്യൂസീലൻഡ് (ജനുവരി), അഫ്ഗാനിസ്ഥാൻ (ജൂൺ), ഇംഗ്ലണ്ട് (ജൂലൈ), വെസ്റ്റിൻഡീസ് (സെപ്റ്റംബർ), ന്യൂസീലൻഡ് (ഒക്ടോബർ) എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നുണ്ട്.

English Summary:

Virat Kohli, Rohit Sharma To Retire From ODIs After Australia Series?

Read Entire Article