Published: November 25, 2025 10:05 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ തുടർന്നും കളിക്കണമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ശ്രീവത്സ് ഗോസ്വാമി. ഏകദിന ഫോർമാറ്റിൽനിന്നു വിരമിച്ച് കോലി ടെസ്റ്റിൽ തുടരണമായിരുന്നെന്നാണ് ഗോസ്വാമിയുടെ വാദം. കോലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ഇന്ത്യൻ ടീമിനുണ്ടായിരുന്ന ആത്മവിശ്വാസവും ഊർജവും ഇപ്പോൾ ഇല്ലെന്നും മുൻ ആർസിബി താരം കൂടിയായ ഗോസ്വാമി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പിടിച്ചുനിൽക്കാൻ സാധിക്കാതെ പൊരുതുന്നതിനിടെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ ഇറങ്ങിയ ഇന്ത്യൻ ടീം പരമ്പര തോൽവിയുടെ വക്കിലാണ്. ഗുവാഹത്തിയിൽ ജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാൻ സാധിക്കുമായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യ ന്യൂസീലൻഡിനോടും ടെസ്റ്റ് പരമ്പര തോറ്റിരുന്നു. ‘‘വിരാട് ഏകദിനത്തിൽനിന്നു വിരമിച്ച് ടെസ്റ്റിൽ തുടരുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ടെസ്റ്റ് ക്രിക്കറ്റ് അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. ഒരു താരം എന്ന നിലയിൽ മാത്രമല്ല, അദ്ദേഹം കളിച്ചിരുന്നപ്പോൾ ഇന്ത്യൻ ടീമിനുണ്ടായിരുന്ന ഊർജവും ഏതു സാഹചര്യത്തിലും വിജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഇപ്പോഴില്ല.’’- ഗോസ്വാമി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 201 റൺസെടുത്തു പുറത്തായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ നേടിയത് 288 റൺസിന്റെ ലീഡ്. തുടർന്ന് ഫോളോ ഓൺ വേണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ തീരുമാനിക്കുകയായിരുന്നു.
മാർകോ യാൻസന്റെ ബോളിങ് പ്രകടനമാണ് മൂന്നാം ദിനം ഇന്ത്യയെ തകർത്തെറിഞ്ഞത്.19.5 ഓവറുകൾ പന്തെറിഞ്ഞ പേസർ മാർകോ യാൻസൻ 48 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യൻ നിരയിൽ അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണു ടോപ് സ്കോറര്‍. 97 പന്തുകൾ നേരിട്ട ജയ്സ്വാൾ 58 റൺസാണു സ്വന്തമാക്കിയത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച വിരാട് കോലി ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണു കളിക്കുന്നത്.
English Summary:








English (US) ·