ഒന്നായ വിജയനെ ചിലപ്പോള്‍ മൂന്നായി കാണാം കളിക്കളത്തില്‍; സ്ട്രൈക്കറുടെയും മിഡ് ഫീല്‍ഡറുടെയും സ്റ്റോപ്പറുടെയുമൊക്കെ വേഷങ്ങളില്‍. എന്നാല്‍, കളത്തിന് പുറത്തെ വിജയന് വേഷപ്പകര്‍ച്ചകളില്ല. അന്നുമിന്നും ഒരേയൊരു മുഖം, ഒരേയൊരു ഭാവം. സുതാര്യസുന്ദരനായ ആ വിജയനെ ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കാനാകുക?
വിജയന്റെ അപൂര്‍വം ആത്മസുഹൃത്തുക്കളില്‍ ഒരാളെന്ന് അഭിമാനിച്ചിരുന്നു ഒരിക്കല്‍. പിന്നെ മനസ്സിലായി ആ ധാരണ തെറ്റാണെന്ന്. വിജയന്റെ പതിനായിരക്കണക്കിന് സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രം ഞാന്‍. ആദ്യമായി കാണുന്നവരെപ്പോലും ഒരു വാക്കിലൂടെ, നോക്കിലൂടെ, ചിരിയിലൂടെ നിതാന്ത സുഹൃത്തുക്കളാക്കാന്‍ പോന്ന എന്തോ മാജിക് ഉണ്ട് വിജയന്റെ പെരുമാറ്റത്തില്‍. ആ വ്യക്തിത്വത്തിന്റെ സവിശേഷതയാകാം. മൂന്നര പതിറ്റാണ്ട് മുന്‍പ് എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന കൗമാരക്കാരന്റെ മുഖത്തെ പുഞ്ചിരിക്ക് ഇന്നും അതേ തിളക്കം, അതേ ഊഷ്മളത. ഹൃദയത്തില്‍നിന്ന് ഒഴുകിയിറങ്ങി വരുന്നതാണല്ലോ ആ ചിരി.
'മേനോനേ, ഇവനാണ് ഇനിയങ്ങോട്ട് നമ്മുടെ ടീമിലെ പുലിക്കുട്ടി...'' കൊല്ലത്തെ കാര്‍ത്തിക ഹോട്ടലിന്റെ വരാന്തയിലൂടെ ഒരു കയ്യില്‍ ബക്കറ്റും മറുകയ്യില്‍ ഫുട്‌ബോള്‍ ബൂട്ട്‌സുമായി നടന്നുവരുന്ന പയ്യനെ ചൂണ്ടി കേരള ടീമിന്റെ ക്യാപ്റ്റന്‍ തോമസ് സെബാസ്റ്റ്യന്‍ പറഞ്ഞു. എന്തിലും ഏതിലും തമാശ കണ്ടെത്തുന്ന ആ പുലിക്കുട്ടി ഇന്ത്യന്‍ ഫുട്ബാളിലെ പുലിയും പുപ്പുലിയുമായി വളര്‍ന്നത് പില്‍ക്കാല ചരിത്രം.
കൊല്ലം സന്തോഷ് ട്രോഫിയില്‍ (1988) കേരളത്തിന് കളിക്കാനെത്തിയതായിരുന്നു താരതമ്യേന തുടക്കക്കാരനായ വിജയന്‍. ഞാനാകട്ടെ കേരളകൗമുദിക്ക് വേണ്ടി ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്യാനും. ആദ്യം കണ്ടു പരിചയപ്പെട്ട നാള്‍ ഹോട്ടല്‍ മുറിയില്‍ വെറുതെ സംസാരിച്ചിരിക്കേ, ചോദിച്ച ചോദ്യങ്ങളിലൊന്ന് ഓര്‍മ്മയുണ്ട്: 'ഏതുവരെ പഠിച്ചു വിജയാ?''
പൊട്ടിച്ചിരിച്ചു വിജയന്‍. പിന്നെ വലംകാല്‍ കട്ടിലില്‍ കയറ്റിവെച്ച് കൈകൊണ്ടു വിസ്തരിച്ചുഴിഞ്ഞ് വെടിയുണ്ട കണക്കെ ഒരു മറുപടി: 'മ്മടെ എഴുത്തും വായനയുമൊക്കെ ഈ കാല്മ്മലല്ലേ രവ്യേട്ടാ...''

പില്‍ക്കാലത്ത് പല അഭിമുഖങ്ങളിലും വിജയന്‍ ആവര്‍ത്തിച്ചു കേട്ടിട്ടുള്ള മറുപടി. ആ കാലുകളിലെ 'എഴുത്തും വായനയും'' ഇന്ന് ഫുട്ബാള്‍ ചരിത്രത്തിന്റെ ഭാഗം. വെടിയുണ്ടകളുതിര്‍ക്കുന്ന ആ കാലുകളാല്‍ വിജയന്‍ കളിക്കളത്തില്‍ എഴുതിച്ചേര്‍ത്ത വീരഗാഥകള്‍ എത്രയെത്ര.
കൊല്ലം സന്തോഷ് ട്രോഫിക്ക് തൊട്ടു പിന്നാലെ, ചെമ്പുക്കാവിലെ കൊച്ചുവീട്ടില്‍ അമ്മ കൊച്ചമ്മുവിനെ കാണാന്‍ വിജയനൊപ്പം ചെന്നതോര്‍മ്മയുണ്ട്. തല കുനിച്ചു മാത്രം കയറാവുന്ന ഒരു കൊച്ചുകൂര. മകന്റെ കൂട്ടുകാരനോടുള്ള സ്‌നേഹം മുഴുവന്‍ കുഴച്ചുചേര്‍ത്ത് അമ്മയൊരുക്കിയ ഊണ്, ചാണകം മെഴുകിയ നിലത്തിരുന്ന് വിജയനൊപ്പം കഴിച്ചത് മറ്റൊരു വികാരനിര്‍ഭരമായ അനുഭവം.
കൊച്ചമ്മു ഇന്നില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും തന്ത്രശാലികളായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന വിജയന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയങ്ങളെല്ലാം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് ജീവിതത്തില്‍ അഗ്നിപരീക്ഷകളിലൂടെയും യാതനകളിലൂടെയും കടന്നുപോന്ന ഈ അമ്മയ്ക്കാണ്. അച്ഛന്‍ മണി റോഡപകടത്തില്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ പിഞ്ചുകുഞ്ഞുങ്ങളാണ് വിജയനും സഹോദരനും. പറക്കമുറ്റാത്ത മക്കളുടെ വിശപ്പടക്കാന്‍ കണ്ണില്‍ കണ്ട ജോലിയെല്ലാം ചെയ്യേണ്ടി വന്നു കൊച്ചമ്മുവിന്. ഇല്ലായ്മകള്‍ക്കെതിരായ ഒരു ഒറ്റയാള്‍ പോരാട്ടമായിരുന്നു അവരുടെ ജീവിതം. 'അമ്മ അന്നനുഭവിച്ച ദുരിതത്തിന് ഞാന്‍ പന്തുകളിച്ചു സമ്പാദിച്ച ലക്ഷങ്ങളെക്കാള്‍ വിലയുണ്ട്.' വിജയന്റെ വാക്കുകള്‍.
പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കുന്നില്ല വിജയന്‍. ഓര്‍ത്തുകൊണ്ടേയിരിക്കുന്നു; ജീവിതയാത്രയില്‍ തണലും തുണയുമായവരെ, പ്രതിസന്ധികളില്‍ ഒപ്പം നിന്നവരെ, കളിക്കളത്തില്‍ ഗോളടിക്കാന്‍ പാസുകള്‍ കൈമാറിയവരെ വരെ.... 'അവരൊന്നുമില്ലെങ്കില്‍ ഈ ഞാനുമില്ലല്ലോ രവിയേട്ടാ, മറക്കാന്‍ പറ്റുമോ എനിക്ക്?' കാതുകളില്‍ ആ ചോദ്യമുണ്ട് ഇപ്പോഴും.
.jpg?$p=c153d5a&w=852&q=0.8)
ജീവിതത്തിലെന്ന പോലെ കളിക്കളത്തിലും ഒന്നാന്തരം എന്റര്‍ടെയ്‌നര്‍ ആയിരുന്നു വിജയന്‍. ഗാലറിയില്‍ ആരവങ്ങളുമായി കാത്തിരിക്കുന്ന ലക്ഷങ്ങളുടെ മനസ്സറിയുന്ന ഒരാള്‍. ഒരു കോപ്പിബുക്കിനും വഴങ്ങാത്ത ശൈലിയുടെ ഉടമ. ഹാഫ് വോളി, ഡ്രൈവ്, ബൈസിക്കിള്‍ കിക്ക്, ചിപ്പ്, ഹെഡ്ഡര്‍ തുടങ്ങി ഫുട്ബാളിലെ പരമ്പരാഗത സ്‌കോറിംഗ് തന്ത്രങ്ങള്‍ക്കെല്ലാം അപ്പുറത്തുള്ള, നിര്‍വചനാതീതമായ ഷോട്ടുകള്‍ വിജയന്റെ ബൂട്ടില്‍നിന്ന് പിറന്നുകണ്ടിട്ടുണ്ട്; ഗോളുകളും.
ചിലതൊക്കെ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ അത്ഭുതഗോളുകള്‍. ഓര്‍മ്മയുടെ തിരശ്ശീലയിലേയുള്ളൂ അവ.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സ്തബ്ധരാക്കിയ ഒരു ഗോള്‍ ഓര്‍മ്മവരുന്നു. സ്വന്തം ഹാഫില്‍ മധ്യരേഖയ്ക്കു മൂന്ന് വാര അകലെനിന്ന് ലഭിച്ച ത്രൂപാസുമായി പാര്‍ശ്വരേഖയ്ക്ക് സമാന്തരമായി കുതിച്ച വിജയന്‍ എതിര്‍ വിംഗ്ബാക്കിനെ നിമിഷാര്‍ദ്ധം കൊണ്ട് വെട്ടിച്ചു കടന്നശേഷം പൊടുന്നനെ ഓട്ടത്തിന്റെ ഗതിമാറ്റി പെനാല്‍റ്റി ഏരിയയില്‍ പ്രവേശിക്കുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ആ നീക്കത്തിന് മുന്നില്‍ സ്വാഭാവികമായും അങ്കലാപ്പിലായി എതിര്‍ ടീമിന്റെ പ്രതിരോധസേന. ദീര്‍ഘകായരായ പ്രതിരോധഭടന്മാരുടെ തലയ്ക്കു മുകളിലൂടെ പന്ത് ഡീപ് ഡിഫന്‍സില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന രാമന്‍ വിജയന്‍ എന്ന സഹകളിക്കാരന് 'ചെത്തി''യിട്ടു കൊടുത്ത് പിന്മാറുന്നു നമ്മുടെ വിജയന്‍ . ഇനിയുള്ള തമാശ കൈകെട്ടിനിന്ന് ആസ്വദിക്കാന്‍.
ഒഴിഞ്ഞ ഗോള്‍ ഏരിയ. സ്ഥാനം തെറ്റി നില്‍ക്കുന്ന ഗോള്‍ക്കീപ്പര്‍. പന്ത് ഗോളിലേക്ക് വെറുതെ ഒന്ന് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളൂ രാമന്. പകരം അത് തടുത്തുനിര്‍ത്തി അല്‍പം സമയമെടുത്തു തന്നെ ഒരു സ്‌റ്റൈലന്‍ ഗോള്‍ (ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി) സൃഷ്ടിക്കാനാണ് രാമന്‍ തീരുമാനിച്ചത്. ഗോള്‍ക്കീപ്പര്‍ക്ക് പൊസിഷന്‍ വീണ്ടെടുക്കാനും രക്ഷാഭടന്മാര്‍ക്ക് ഓടിക്കൂടാനും ആ സാവകാശം ധാരാളമായിരുന്നു. സ്വന്തം നിയന്ത്രണത്തില്‍നിന്ന് വഴുതിപ്പോകുന്ന പന്തിനെ നോക്കി രാമന്‍ പകച്ചുനില്‍ക്കെയാണ് ആ അത്ഭുതം സംഭവിച്ചത്.
അതുവരെ ചിത്രത്തില്‍ എങ്ങും ഇല്ലാതിരുന്ന വിജയന്‍ എങ്ങുനിന്നോ ഗോള്‍ ഏരിയയില്‍. പന്തിനു മുന്നില്‍ പൊട്ടിവീഴുന്നു. രണ്ടു സ്റ്റോപ്പര്‍ ബാക്കുകളുടെ കാലുകള്‍ക്കിടയിലൂടെ, കീപ്പറുടെ കൈകളിലൂടെ, വിജയന്റെ ഷോട്ട് വലയിലേക്ക്. സ്റ്റേഡിയത്തിലെ പേടിപ്പെടുത്തുന്ന നിശബ്ദത കാതടപ്പിക്കുന്ന ആരവത്തിനു വഴിമാറിയത് പെട്ടെന്നാണ്.
അതായിരുന്നു വിജയന്‍, എന്നും നമുക്ക് വേണ്ടി വിസ്മയങ്ങള്‍ കാത്തുവെച്ച കളിക്കാരന്‍; മൈതാനത്തില്‍ മാത്രമല്ല, പുറത്തും.
പക്ഷെ, ജീവിതത്തില്‍ എന്നെങ്കിലും തന്റെ അത്ഭുതജീവിതത്തെ കുറിച്ച് ബോധവാനായിട്ടുണ്ടോ വിജയന്‍? സംശയമാണ്. കളിച്ചു തുടങ്ങും മുന്‍പത്തെ വിജയനും കളിക്കളത്തിലെ കണ്ണില്‍ ചോരയില്ലാത്ത വിജയനും കളി നിര്‍ത്തിയ ശേഷമുള്ള വിജയനും നടനായ വിജയനും സര്‍വീസില്‍നിന്ന് വിരമിക്കുന്ന വിജയനുമെല്ലാം ഒരാള്‍ തന്നെ; ഹവായ് ചെരുപ്പുമിട്ടു കൈലിയും മടക്കിക്കുത്തി 'മ്മക്ക് പൊളിക്കാട്ടാ ഗഡീ' എന്ന് പറഞ്ഞുകൊണ്ട് സാധാരണക്കാരനില്‍ സാധാരണക്കാരനായി മലയാളിയുടെ നിത്യ ജീവിതത്തിലേക്ക് നടന്നുകയറിയ ആ പഴയ കോലോത്തുംപാടക്കാരന്‍.
Content Highlights: IM Vijayan: Football Legend`s Unforgettable Journey








English (US) ·