
ശ്വേതാ മേനോൻ | ഫോട്ടോ: മാതൃഭൂമി
താരസംഘനയായ അമ്മയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് ചുമതല ഏൽക്കുകയാണ്. നടി ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് 159 വോട്ട് നേടി വിജയിച്ച് വന്നപ്പോൾ 31 വർഷത്തെ സംഘടനയുടെ യാത്രയിലെ നാഴികക്കല്ലായി ഈ നിമിഷം മാറിയിരിക്കുകയാണ്. ശ്വേതാ മേനോനും ഭർത്താവ് ശ്രീവത്സൻ മേനോനും തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖം.
അമ്മയുടെ ചരിത്രമായി മാറിയിരിക്കുകയാണ് ശ്വേതാ മേനോൻ എന്ന പേര്
ശ്വേത : ഇതുവരെ എനിക്ക് ഒരു കുഞ്ഞായിരുന്നു. ഇപ്പോൾ 506 കുഞ്ഞുങ്ങൾ കൂടി. ഭയങ്കര അഭിമാനം തോന്നുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് ഒരു ഗെയിം ചെയ്ഞ്ചർ ആയിരുന്നു. ഒരുപാട് കാര്യങ്ങളിൽ. അഭിമാനമുണ്ട്.
ശ്വേത എന്ന ലീഡറിനുള്ള ക്വാളിറ്റിയായി കാണുന്നത് എന്താണ്
ശ്രീവത്സൻ : ശ്വേത നല്ലൊരു വ്യക്തിയാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ആളാണ്. ശ്വേതയാണ് സത്യം പറഞ്ഞാൽ എന്റെ കുടുംബത്തിലുള്ളവരുമായി പോലും നല്ല അടുപ്പത്തിൽ ഇരിക്കുന്ന വ്യക്തി. വ്യക്തിബന്ധങ്ങൾക്ക് വളരെ പ്രാധ്യാന്യം കൽപിക്കുന്ന ആളാണ് ശ്വേത. സംഘടനയിലും അത് വളരെയധികം ഉപകാരം ചെയ്യും എന്നുതന്നെയാണ് എന്റെ വിശ്വാസം.
തിരഞ്ഞെടുപ്പിൽ പേര് വന്നതിന് പിന്നാലെയാണ് കേസും വിവാദങ്ങളും ഉണ്ടാകുന്നത് ?
ശ്വേത : ആ കേസ് എന്തിനാണ്, എന്ത് അടിസ്ഥാനത്തിലാണ് അവർ പ്ലാൻ ചെയ്തത് എന്നെനിക്ക് മനസിലായില്ല. അതെനിക്ക് വളരെയധികം വിഷമമുണ്ടാക്കി. തിരഞ്ഞെടുപ്പിന്റെ ആ ചൂടിലിരിക്കുമ്പോൾ എവിടുന്നോ വന്ന്, എന്തോ മണ്ടത്തരം പറഞ്ഞ്, എന്ത് കേസ് വേണമെങ്കിലും ആർക്കെതിരേയും കൊടുക്കാം എന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നത്. സിനിമാ മേഖലയ്ക്ക് തന്നെ വലിയ വെല്ലുവിളിയായിരുന്നു അത്. ഏത് നടിയുടെയും വീട്ടിൽ കയറിയും എപ്പോൾ വേണമെങ്കിലും എന്ത് വേണമെങ്കിലും പറയാം എന്നുള്ളത് തെറ്റായ സന്ദേശമാണ്, ഞാൻ പോരാടുക തന്നെ ചെയ്യും.
ശ്രീവത്സൻ : ഈ കേസ് ഇത്ര വലിയതാണെന്ന് എനിക്കും അറിയില്ലായിരുന്നു. മീഡിയയിൽ ഉള്ളവർ വിളിച്ചപ്പോഴാണ് അതിന്റെ ഗൗരവം മനസിലാവുന്നത്. ജാമ്യമില്ലാ വകുപ്പ് ആണെന്നുള്ളത് അപ്പോഴാണ് അറിയുന്നത്. ഇതിനെതിരേ നിയമപരമായി തന്നെ പോരാടണം എന്ന് അപ്പോൾ തന്നെ മനസിലായി. പക്ഷേ എല്ലാവരും ഞങ്ങളെ പിന്തുണച്ചു. എനിക്ക് കേരളത്തിലെ പൊതുസമൂഹത്തോട് വലിയ നന്ദി പറയാനുണ്ട്. ഇത്രയും പേരുടെ പിന്തുണ വന്നപ്പോൾ തന്നെ മനസിലായതാണ് ഞങ്ങളാണ് ശരി എന്ന്. പിന്നെ ആരെയും പഴി ചാരിയിട്ടൊന്നും കാര്യമില്ല . നിയമപരമായി തന്നെ മുന്നോട്ട് പോകണം. ഹൈക്കോടതിയാണ് അടുത്ത ഓപ്ഷൻ ഉണ്ടായിരുന്നത്. കോടതി നമുക്ക് കേസിൽ സ്റ്റേ തന്നിട്ടുണ്ട്. നിയമപരമായി തന്നെ മുന്നോട്ട് പോകുകയും ചെയ്യും.
ഒരുപാട് പ്രശ്നങ്ങൾക്കിടയിലാണ് സംഘടന ഇപ്പോൾ ഉള്ളത്. അത് പരിഹരിക്കാനുള്ള ആദ്യ നടപടി എന്താണ് ?
ശ്വേത : ആദ്യം തന്നെ എക്സിക്യൂട്ടീവ് മീറ്റിങ്ങ് ചേർന്ന് ചർച്ച ചെയ്ത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന് തീരുമാനമെടുക്കും. ചർച്ച തന്നെയാണ് മുഖ്യം. കമ്മ്യൂണിക്കേഷൻ ആണെന്റെ കീ വേർഡ്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ഇരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ നോക്കും.
വിജയം പ്രതീക്ഷിച്ച തിരഞ്ഞെടുപ്പ് ആയിരുന്നോ ?
ശ്വേത : ഫലം വന്നപ്പോൾ ഞാൻ ഭയങ്കര ബ്ലാങ്ക് ആയിരുന്നു. നല്ല കടുത്ത മത്സരം തന്നെയായിരുന്നു. പരസ്പരമുള്ള കമ്മ്യൂണിക്കേഷനിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ വിളിച്ച ആൾക്കാർ വന്ന് എനിക്ക് വോട്ട് ചെയ്തു എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വോട്ട് ചെയ്യാത്തവരോടും എനിക്കൊരു പ്രശ്നവുമില്ല. ഒരാളെ ചെളി വാരിത്തേക്കാനോ, കുറ്റം പറയാനോ എനിക്ക് അറിയില്ല. അതുകൊണ്ടാണ് ഞാൻ വേറൊരു രീതിയിലും തിരഞ്ഞെടുപ്പിൽ എന്റെ അജണ്ട മാറ്റി പിടിക്കാത്തത്.
ശ്വേതയുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ദിവസമാണ് ആഗസ്റ്റ് 15 ?
ശ്വേത : എന്റെ ആദ്യ സിനിമയായ അനശ്വരം പുറത്തിറങ്ങിയിട്ട് 34 വർഷം തികയുകയാണിന്ന്. അതേ ദിവസം തന്നെ ഇത്തരമൊരു വലിയ സ്ഥാനമേൽക്കാൻ സാധിച്ചത് യാദൃച്ഛികമാണ്.
Content Highlights: Actress Shwetha Menon creates past by becoming the archetypal pistillate president of AMMA





English (US) ·