Published: April 08 , 2025 06:52 PM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്സ്കി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 27–ാം വയസ്സിലാണ് ഓസ്ട്രേലിയൻ യുവ ബാറ്റർ കരിയർ അവസാനിപ്പിക്കുന്നത്. 2021 ലെ സിഡ്നി ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരായി താരം കളിച്ചിട്ടുണ്ട്. വിൽ പുക്കോവ്സ്കിയുടെ കരിയറിലെ ഒരേയൊരു ടെസ്റ്റ് മത്സരവും ഇതുതന്നെ. പന്ത് തലയിലിടിച്ച് തുടർച്ചയായി പരുക്കേറ്റതോടെയാണ് ക്രിക്കറ്റ് അവസാനിപ്പിക്കാൻ പുക്കോവ്സ്കി തീരുമാനിച്ചത്.
ഷെഫീൽ ഷീൽഡ് മത്സരത്തിനിടെ റിലെ മെറിഡിത്തിന്റെ പന്ത് തലയിൽകൊണ്ടാണു പുക്കോവ്സ്കിക്ക് ഒടുവിൽ പരുക്കേറ്റത്. തുടര്‍ന്ന് ഒരു വർഷത്തോളം താരത്തിനു പുറത്തിരിക്കേണ്ടിവന്നു. ബൗണ്‍സറുകൾ നേരിടുമ്പോൾ താരത്തിനു പരുക്കേൽക്കുന്നതു പതിവായിരുന്നു. കരിയറിലെ ഒരേയൊരു രാജ്യാന്തര മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുക്കോവ്സ്കി 62 റൺസടിച്ച് തിളങ്ങിയിരുന്നു. രണ്ടാം ഇന്നിങ്സിൽ പത്തു റൺസിനും പുറത്തായി. പിന്നീട് ഓസ്ട്രേലിയൻ ടീമിൽ താരത്തിന് അവസരങ്ങൾ ലഭിച്ചില്ല.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 36 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2350 റൺസ് നേടിയിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ കരിയർ അവസാനിപ്പിക്കുകയാണെന്നും ഇനി പരിശീലകന്റെ റോളിൽ ക്രിക്കറ്റിൽ തുടരുമെന്നും പുക്കോവ്സ്കി ഒരു ഓസ്ട്രേലിയൻ മാധ്യമത്തോടു പ്രതികരിച്ചു. ‘‘ ഇനി ക്രിക്കറ്റ് കളിക്കാൻ ഞാനില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ അത്രയേറെ ബുദ്ധിമുട്ടുകയാണ്. നടക്കുകയെന്നതു പോലും വലിയ പോരാട്ടമായ പോലെ.’’– പുക്കോവ്സ്കി പറഞ്ഞു.
‘‘ഇപ്പോഴും പൂർണമായും ആ ബുദ്ധിമുട്ടുകൾ എന്നെ വിട്ടുപോയിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം. തലവേദന പതിവായി. ശരീരത്തിന്റെ ഇടതു ഭാഗം സ്വാധീനം കുറഞ്ഞപോലെയാണ്. ഈ തീരുമാനത്തിലൂടെ തലയിൽ ഇനിയും ഏറു കിട്ടില്ലെന്ന് എനിക്ക് ഉറപ്പിക്കാം. പക്ഷേ ഇപ്പോഴും ഭയപ്പെടുത്തുന്ന വേദനകളാണ് അനുഭവിക്കുന്നത്.’’– പുക്കോവ്സ്കി വ്യക്തമാക്കി.
English Summary:








English (US) ·