Published: November 08, 2025 07:17 PM IST Updated: November 08, 2025 07:49 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് വീണ്ടും പരുക്കിന്റെ ഭീഷണിയിൽ. ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ പന്ത് പരുക്കേറ്റു മടങ്ങി. ബാറ്റിങ്ങിനിടെ പരുക്കേറ്റ പന്ത് ‘റിട്ടയർ ഹർട്ടായാണ്’ ഗ്രൗണ്ട് വിട്ടത്. പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടർന്ന ഋഷഭ് 54 പന്തിൽ 65 റൺസെടുത്താണു പുറത്തായത്.
ഇന്ത്യ എ ടീം ക്യാപ്റ്റന്റെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റിങ്ങിനിടെ ദക്ഷിണാഫ്രിക്കൻ പേസർ ഷെപോ മൊറേകിയുടെ പന്തുകൾ പല തവണ ഇന്ത്യന്‍ ക്യാപ്റ്റന്റെ ദേഹത്തുപതിച്ചു. ഹെൽമറ്റിലും കയ്യിലുമെല്ലാം പന്തിടിച്ചതോടെ, ബാറ്റിങ് തുടരാൻ ബുദ്ധിമുട്ടിയ ഋഷഭ് 17 പന്തിൽ 22 റൺസെടുത്താണു മടങ്ങിയത്. വിശ്രമത്തിനു ശേഷം പന്ത് വീണ്ടും ബാറ്റു ചെയ്യാൻ ഇറങ്ങി.
അഞ്ചാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങിയ ഋഷഭിനെ ഷോര്‍ട്ട് ബോളുകളുമായാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. ഒകുലെ സെലെയെ തുടർച്ചയായി രണ്ടു ബൗണ്ടറികൾ കടത്തിയെങ്കിലും, തുടർച്ചയായി പന്തുകൾ ശരീരത്തിൽ കൊണ്ടതോടെ ഋഷഭ് പന്ത് പ്രതിരോധത്തിലേക്കു വലിഞ്ഞു. ഗ്രൗണ്ടിൽവച്ച് ഫിസിയോമാരുടെ സഹായം തേടിയ ശേഷം ബാറ്റിങ് തുടർന്ന പന്ത് വൈകാതെ ഗ്രൗണ്ട് വിടുകയായിരുന്നു. തിരിച്ചുവന്ന ശേഷം അർധ സെഞ്ചറി തികച്ച താരം നാല് സിക്സറുകളും അഞ്ച് ഫോറുകളുമാണ് ബൗണ്ടറി കടത്തിയത്. ഏകദിന ശൈലിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന താരം, തിരിച്ചുവരവിന്റെ ഭാഗമായാണ് ഇന്ത്യ എ ടീമിൽ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സീനിയർ ടീമിൽ ഋഷഭ് പന്ത് ഇടം പിടിച്ചിട്ടുണ്ട്. നവംബർ 14ന് കൊൽക്കത്തയിലാണ് ആദ്യ ടെസ്റ്റ്. 22ന് ഗുവാഹത്തിയിലാണു രണ്ടാം മത്സരം. പരുക്ക് ഗുരുതരമാണെങ്കിൽ വിക്കറ്റ് കീപ്പറായി കളിക്കാൻ താരത്തിനു സാധിച്ചേക്കില്ല. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന, ട്വന്റി20 പരമ്പരകളും കളിക്കാനുണ്ട്. രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 417 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 382 റൺസെടുത്ത് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.
English Summary:








English (US) ·