
അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ | മാതൃഭൂമി
ചെങ്ങന്നൂർ: സിനിമയ്ക്കായി 500 കോടി മുടക്കിയെന്നുപറയുന്നത് കാഴ്ചക്കാരെ പറ്റിക്കാൻ ഊതിപ്പെരുപ്പിക്കുന്നതോ വേണ്ടാത്ത കാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നതോ ആകാമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. 'പമ്പ' (പീപ്പിൾ ഫോർ പെർഫോമിങ് ആർട്‌സ് ആൻഡ് മോർ) സാഹിത്യോത്സവം -ഫെസ്റ്റിവൽ ഓഫ് ഡയലോഗ്‌സ് 13-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയും തുക മുടക്കിയെങ്കിൽ അതനുസരിച്ചുള്ള നികുതി കൊടുക്കണം. അതില്ല. 500 കോടി മുടക്കിയെന്നു കേൾക്കുമ്പോൾ സിനിമ കേമമാണെന്ന വിചാരമാണ്. ഭേദപ്പെട്ട സിനിമകൾ ഇപ്പോൾ ആളുകൾ കാണുന്നില്ല. ഭേദപ്പെട്ടതാണെങ്കിൽ കാണാനുള്ളതല്ലെന്നാണ് അർഥം. ഏറ്റവും വഷളായ സിനിമ ഇറങ്ങുന്നദിവസം വെളുപ്പാൻ കാലത്തും കാണാനാളുണ്ട് -അടൂർ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളുടെയും റീൽസുകളുടെയും സ്വാധീനം മൂലം അറിയാതെതന്നെ നമ്മൾ സംസ്കാരം ഇടിച്ചുതാഴ്ത്തുകയാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും നല്ല സാഹിത്യസൃഷ്ടികൾ മലയാളത്തിലിറങ്ങുന്നുണ്ട്. അവയൊന്നും വായിക്കാനാളില്ല. കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കണം. അവർ കഥകളി, കൂടിയാട്ടം പോലെയുള്ള പാരമ്പര്യ കലകൾ കൂടി അറിഞ്ഞു വളരണം. കഥകളും കവിതകളും പത്രങ്ങളും വായിക്കണം. കുട്ടികൾ കഷ്ടിച്ചേ സാഹിത്യം പഠിക്കുന്നുള്ളൂ. ആഴത്തിലുള്ള സാഹിത്യപഠനം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ പി.സി.വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനായി. നാടകപ്രവർത്തക സവിതാ റാണി. ഫെസ്റ്റിവൽ ക്യുറേറ്റർ കനകഹാമാ വിഷ്ണുനാഥ്, എഴുത്തുകാരി വിദ്യാ സൗന്ദർരാജൻ, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, കവി കെ. രാജഗോപാൽ, മണക്കാല ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സൗത്ത് ഇന്ത്യൻ റൈറ്റേഴ്‌സ് എൻസംബിൾ(സിവേ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെയാണ് 'പമ്പ' സാഹിത്യോത്സവം നടക്കുന്നത്. ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിലാണ് മൂന്നുദിവസത്തെ സാഹിത്യോത്സവം.
Content Highlights: Adoor Gopalakrishnan Critiques Inflated Film Budgets and Declining Literary Culture
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·