03 September 2025, 02:22 PM IST
.jpg?%24p=c7fdb1b&f=16x10&w=852&q=0.8)
വിരാട് കോലി | AFP
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരണവുമായി വിരാട് കോലി. ആർസിബിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആകേണ്ടിയിരുന്നത് ഒരു ദുരന്തമായി മാറിയെന്ന് മുൻനായകൻ വിരാട് കോലി പ്രതികരിച്ചു. പരിക്കേറ്റവരെ കുറിച്ചും മരിച്ചവരുടെ കുടുംബങ്ങളെക്കുറിച്ചും ഓർക്കുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നതായി കോലി വ്യക്തമാക്കി. ബെംഗളൂരുവിന്റെ വെബ്സൈറ്റിലൂടെയാണ് കോലിയുടെ പ്രതികരണം.
ജൂൺ നാലിന് സംഭവിച്ചതുപോലൊരു ഹൃദയവേദന ഉൾക്കൊള്ളാനാവാത്തതാണ്. നമ്മുടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആകേണ്ടിയിരുന്നത് ഒരു ദുരന്തമായി മാറി. നമുക്ക് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെക്കുറിച്ചും പരിക്കേറ്റ ആരാധകരെക്കുറിച്ചും ഞാൻ ഓർക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. - വിരാട് കോലി കുറിച്ചു.
ഒരുമിച്ച്, കരുതലോടെയും ബഹുമാനത്തോടെയും ഉത്തരവാദിത്തത്തോടെയും നമുക്ക് മുന്നോട്ട് പോകാമെന്നും കോലി പ്രതികരിച്ചു. ദുരന്തബാധിതർക്ക് ആർസിബി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോലിയുടെ പ്രതികരണം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വനിതാ ലോകകപ്പ് മത്സരങ്ങളടക്കം ബെംഗളൂരുവിൽ നിന്ന് മാറ്റിയിരുന്നു. നവി മുംബൈയിലേക്കാണ് മത്സരങ്ങൾ മാറ്റിയത്.
ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീടവിജയത്തിനു ശേഷം ജൂണ്‍ നാലാം തീയതി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആര്‍സിബിയുടെ ഇവന്റ് മാനേജര്‍ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ മാനേജ്മെന്റ് എന്നിവരെ പ്രതിചേര്‍ത്ത് കബ്ബണ്‍ പാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ജൂണ്‍ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Content Highlights: virat kohli connected bengaluru stampede








English (US) ·