
പഥേർ പാഞ്ചാലിയിൽ നിന്നുള്ള രംഗം
നീണ്ട അലച്ചിലിനൊടുവില്‍ വീട്ടില്‍ വന്നു കയറിയ ഭര്‍ത്താവിനെ, മകളുടെ അകാലമരണവാര്‍ത്ത എങ്ങനെ അറിയിക്കുമെന്നോര്‍ത്ത് പകച്ചു നില്‍ക്കുന്ന സര്‍ബജയ റോയ്. 'പഥേര്‍ പാഞ്ചലി'യിലെ ഏറ്റവും ഹൃദയഭേദകമായ രംഗമാണത്. നിശബ്ദമായ ഒരു വിങ്ങലായി ഇന്നും മനസ്സിനെ പിന്തുടരുന്ന കഥാസന്ദര്‍ഭം.
ഇക്കാലമത്രയും തീരാദുരിതത്തിന്റേയും മുഴുപ്പട്ടിണിയുടേയും പിടിയിലായിരുന്നു സ്വന്തം കുടുംബം എന്നറിയില്ല ഹരിഹര്‍ റോയിക്ക്. നഗര ജീവിത വിശേഷങ്ങള്‍ ഉത്സാഹത്തോടെ പങ്കുവെക്കുന്നതിനിടെ, മകള്‍ക്ക് വേണ്ടി കൊണ്ടുവന്ന പുടവ ഹരിഹര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍വ നിയന്ത്രണങ്ങളും വിട്ടു പൊട്ടിക്കരഞ്ഞു പോകുന്നു സര്‍ബജയ. ഒന്നും മനസ്സിലാകാതെ തരിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ മടിയിലേക്ക് അവര്‍ തളര്‍ന്നു വീഴുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുക താര്‍ ഷഹനായി എന്ന സംഗീതോപകരണത്തിന്റെ വിഷദാര്‍ദ്ര നാദം. 'എന്നെ ഏറ്റവും കരയിച്ചിട്ടുള്ള ശബ്ദമാണത്. വേര്‍പാടിന്റെ വേദന ഇത്ര ആഴത്തില്‍ അനുഭവിപ്പിക്കുന്ന മറ്റൊരു സംഗീത ശകലം ലോക സിനിമയില്‍ തന്നെ കേട്ടിട്ടില്ല.'' വിഖ്യാത ചലച്ചിത്രകാരന്‍ റിച്ചാര്‍ഡ് അറ്റന്‍ബറോ ഒരിക്കല്‍ പറഞ്ഞു. അറ്റന്‍ബറോയുടെ വീക്ഷണം പങ്കുവെക്കുന്ന പ്രമുഖര്‍ വേറെയുമുണ്ട്: വയലിന്‍ ഇതിഹാസം യഹൂദി മെനൂഹിന്‍, തബല മാന്ത്രികന്‍ അല്ലാ രഖ, ഹോളിവുഡ് സംഗീതസംവിധായകന്‍ എനിയോ മൊറീക്കോണെ, എഴുത്തുകാരനായ ആര്‍തര്‍ സി ക്ലര്‍ക്ക്, വിഖ്യാത ചലച്ചിത്രശില്‍പ്പികളായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള, ബിമല്‍ റോയ്, ഗുല്‍സാര്‍, ഗോവിന്ദ് നിഹലാനി.. അങ്ങനെ പലരും; ഏറ്റവുമൊടുവില്‍ സല്‍മാന്‍ റുഷ്ദി വരെ.
അത്ഭുതം തോന്നാം: 'പഥേര്‍ പാഞ്ചലി' (പാതയുടെ ഗീതം) യിലെ ഈ രംഗത്ത് പശ്ചാത്തല സംഗീതമേ വേണ്ടെന്നു വെച്ചിരുന്നതാണ് സംവിധായകന്‍ സത്യജിത് റായ്. കഥാസന്ദര്‍ഭത്തിന്റെ ഗൗരവം അത് ചോര്‍ത്തിക്കളയുമോ എന്നൊരു തോന്നല്‍. പക്ഷേ ഷൂട്ട് ചെയ്ത രംഗം കണ്ടപ്പോള്‍ എവിടെയോ എന്തോ ഒരപൂര്‍ണ്ണത പോലെ. മകളെ നഷ്ടപ്പെട്ട അമ്മയുടെ ആത്മവേദന താന്‍ ഉദ്ദേശിച്ച ഭാവതീവ്രതയോടെ പ്രേക്ഷകനില്‍ എത്തുന്നുണ്ടോ എന്ന് റായ്ക്ക് സംശയം. മാത്രമല്ല സര്‍ബജയയുടെ ഉറക്കെയുള്ള കരച്ചില്‍ ഒരു പരിധി വരെ ആ രംഗത്തില്‍ അമിതനാടകീയത കലര്‍ത്തുന്നുമുണ്ട്. ശബ്ദം പാടേ ഒഴിവാക്കി അതേ രംഗം കണ്ടുനോക്കിയപ്പോഴാകട്ടെ, ഫലം അത്ഭുതകരമായിരുന്നു. നിശബ്ദതയാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി എന്ന് റായ് തിരിച്ചറിഞ്ഞ സന്ദര്‍ഭം. 'പശ്ചാത്തല സംഗീതം സിനിമയ്ക്ക് അനിവാര്യമല്ലെന്ന് ഇന്നെനിക്കറിയാം. പക്ഷേ അന്നത്തെ തുടക്കക്കാരനായ സംവിധായകന് അത്രത്തോളം ധൈര്യമില്ല. പൂര്‍ണനിശബ്ദതയോടെ ഒരു രംഗം വെള്ളിത്തിരയില്‍ കാണുമ്പോള്‍ സൗണ്ട് ട്രാക്കിന് എന്തെങ്കിലും കുഴപ്പമുള്ളതായി പ്രേക്ഷകര്‍ക്ക് തോന്നുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. പശ്ചാത്തലത്തില്‍ ലളിതമെങ്കിലും ആളുകളുടെ മനസ്സിനെ ചെന്ന് തൊടുന്ന ഒരു സംഗീതശകലമുണ്ടെങ്കില്‍ നന്നായിരിക്കും എന്ന് തീരുമാനിക്കാന്‍ കാരണം അതാണ്.'' ചരിത്രകാരനും ബ്രിട്ടീഷ് ഗ്രന്ഥകര്‍ത്താവുമായ ആന്‍ഡ്രൂ റോബിന്‍സണ് നല്‍കിയ അഭിമുഖത്തില്‍ പില്‍ക്കാലത്ത് റായ് പറഞ്ഞു.
സിതാര്‍ ഇതിഹാസമായ രവിശങ്കറാണ് 'പഥേര്‍ പാഞ്ചലി'യുടെ സംഗീത സംവിധായകന്‍. ലോകമറിയുന്ന 'പണ്ഡിറ്റ്'' ആയിട്ടില്ല അന്ന് അദ്ദേഹം. രണ്ടു സിനിമയും ഒന്നു രണ്ടു ബാലേകളും ചെയ്ത പരിചയമാണ് സംഗീത സംവിധാനത്തില്‍ ആകെയുള്ള കൈമുതല്‍. 'ദുര്‍ഗയുടെ മരണം ഹരിഹറിന്റെയും സര്‍ബജയയുടെയും ജീവിതത്തില്‍ സൃഷ്ടിക്കുന്ന ശൂന്യതയുടെ ആഴം ഋജുവായും ലളിതമായും പ്രേക്ഷകരില്‍ എത്തിക്കണം എന്നാണ് സത്യജിത് റായ് നല്‍കിയ നിര്‍ദേശം.'' ടെലിഗ്രാഫ് പത്രത്തിലെ ഓര്‍മ്മക്കോളത്തില്‍ രവിശങ്കര്‍ എഴുതി. 'മൂന്നു സാധ്യതകളായിരുന്നു എന്റെ മുന്നില്‍ - വയലിന്‍, സാരംഗി, ഷഹനായ്. സാധാരണ മുഖ്യധാരാ സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ വേര്‍പാടിന്റെ വേദന അനുഭവപ്പെടുത്താന്‍ വയലിനാണ് ഉപയോഗിക്കുക. 'പഥേര്‍ പാഞ്ചലി' പോലൊരു പരീക്ഷണ ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ ടോണ്‍ കേള്‍പ്പിക്കണം എന്ന് തോന്നി എനിക്ക്. മാത്രമല്ല, വയലിന്റെ പാശ്ചാത്യ പരിവേഷം റായ്യുടെ പടത്തിലെ ഗ്രാമീണാന്തരീക്ഷത്തോട് നീതി പുലര്‍ത്തുകയുമില്ല. പിന്നെയുള്ളത് സാരംഗിയാണ്. ഒരു പ്രത്യേക ബിന്ദുവിലേക്ക് യാത്ര ചെയ്ത ശേഷം പെട്ടെന്ന് ചിന്നിച്ചിതറിപ്പോകുന്ന ശബ്ദമാണ് അതിന്റെ. ഷഹനായിക്കാകട്ടെ, മംഗള വാദ്യത്തിന്റെ പ്രതീതിയാണ് ഏറെയും.'' സിനിമയില്‍ അധികം ഉപയോഗിക്കാറില്ലാത്ത താര്‍ ഷഹനായ് പരീക്ഷിച്ചാലോ എന്ന ആശയം രവിശങ്കറിന്റെ ബുദ്ധിയില്‍ ഉദിച്ചത് ആ ഘട്ടത്തിലാണ്. അസാമാന്യ സംഗീത ബോധമുണ്ടായിരുന്ന സത്യജിത് റായ്ക്ക് ആ പരീക്ഷണത്തില്‍ പന്തികേടൊന്നും തോന്നിയതുമില്ല.
പേരില്‍ ഷഹനായിയുണ്ടെങ്കിലും കാഴ്ചയില്‍ സിതാറിനോടും ദില്‍രുബയോടുമാണ് താര്‍ ഷെഹനായിക്ക് സാമ്യം; കേള്‍വിയില്‍ വയലിനോടും. ദില്‍രുബയുടെ പ്രതലത്തില്‍ ഒരു കൊച്ചു കോളാമ്പി ഘടിപ്പിച്ച പോലിരിക്കും കാണാന്‍. സാരംഗിയേയും വയലിനേയും അപേക്ഷിച്ച് മൂര്‍ച്ചയും വികാരതീവ്രതയും കൂടും താര്‍ ഷെഹനായിയുടെ നാദത്തിന്. 'നെഞ്ചു തുളയ്ക്കുന്ന ശബ്ദം'' എന്നാണ് സത്യജിത് റായ് തന്നെ ഒരിക്കല്‍ താര്‍ ഷെഹനായിയെ വിശേഷിപ്പിച്ചത്. പട്ദീപ് രാഗത്തില്‍ രവിശങ്കര്‍ ചിട്ടപ്പെടുത്തിയ വിഷാദ സാന്ദ്രമായ ഈണം സിനിമയുടെ പശ്ചാത്തലത്തില്‍ വായിക്കാന്‍ അതിപ്രഗല്‍ഭനായ ഒരു താര്‍ ഷെഹനായ് വാദകനെ തന്നെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് ദക്ഷിണ മോഹന്‍ ടാഗോറിനെ ക്ഷണിച്ചു വരുത്തി റായ്. ശാസ്ത്രീയ സംഗീത വേദികളില്‍ എന്നപോലെ സിനിമയിലും തിരക്കുള്ള ആര്‍ട്ടിസ്റ്റ് ആണ് അന്ന് ടാഗോര്‍. ഇന്ത്യന്‍ സിനിമയില്‍ കേട്ട അവിസ്മരണീയമായ എത്രയോ വിഷാദഗാനങ്ങളുടെ പിന്നണിയില്‍ ടാഗോറിന്റെ താര്‍ ഷെഹനായിയുടെ ഇന്ദ്രജാലം കൂടി ഉണ്ടായിരുന്നു എന്നറിയുക: സാരംഗാ തേരി യാദ് മേ, ചല്‍രീ സജ്‌നീ അബ് ക്യാ സോഛെ, ചിങ്കാരീ കോയീ ഭട്‌കേ, ഓ ജാനേവാലേ ഹോ സകേ തോ, ന തും ഹമേ ജാനോ...
ടാഗോറിന്റെ താര്‍ ഷെഹനായ് വാദനം മറക്കാനാവാത്ത അനുഭവമായിരുന്നു റായ്ക്ക്. 'കഷ്ടിച്ച് മൂന്നോ നാലോ മിനിട്ട് നീളുന്ന ഒരു സംഗീതശകലമേ സിനിമയില്‍ വേണ്ടിയിരുന്നുള്ളൂ എങ്കിലും ഒരു മണിക്കൂറോളം താര്‍ ഷെഹനായിയുടെ സഞ്ചാരപഥങ്ങളിലൂടെ എന്നെയും രവിശങ്കറിനെയും കൈപിടിച്ച് കൊണ്ടുപോയി ടാഗോര്‍. നിര്‍ത്താന്‍ പറയാന്‍ മനസ്സ് സമ്മതിച്ചില്ല എന്നതാണ് സത്യം. ഉച്ചസ്ഥായിയില്‍ വായിച്ച ഭാഗമാണ് പിന്നീട് സിനിമയില്‍ ഉപയോഗിച്ചത്. ആ ഭാഗമെത്തുമ്പോള്‍ തിയേറ്ററിലെ ഇരുട്ടിലിരുന്ന് സാധാരണ പ്രേക്ഷകര്‍ കണ്ണു തുടയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം രവിശങ്കറിനെയും ടാഗോറിനെയും ഓര്‍ക്കും.'' എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും (പഥേര്‍ പാഞ്ചലി റിലീസായത് 1955 ഓഗസ്റ്റ് 26 നാണ്) ആ ഈണം ചലച്ചിത്രകാരന്മാരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
(ഇവിടെ മറ്റൊരു കൗതുകം കൂടി: മലയാള സിനിമയില്‍ താര്‍ ഷഹനായിയുടെ സാധ്യതകള്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകര്‍ ദേവരാജനും, ബാബുരാജും കെ രാഘവനുമായിരിക്കണം. തെക്കുംകൂറടിയാത്തി, സുറുമയെഴുതിയ മിഴികളെ തുടങ്ങിയ ഗാനങ്ങള്‍ ഓര്‍ക്കുക. നാടന്‍ പാട്ടുകളില്‍, പ്രത്യേകിച്ച് പുള്ളുവന്‍ പാട്ടുകളിലാണ് , ഈ ഉപകരണത്തിന്റെ വ്യത്യസ്ത ശബ്ദം മലയാളത്തില്‍ ഏറെയും കേട്ടിട്ടുള്ളത്. 1960 കള്‍ മുതല്‍ 90 കളുടെ അവസാനം വരെ എ പി ഷണ്മുഖം ആയിരുന്നു തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കേറിയ താര്‍ ഷഹനായ് വാദകന്‍. ഓര്‍ക്കസ്ട്ര കലാകാരന്മാരുടെ സംഘടനയായ സിനി മ്യുസീഷ്യന്‍സ് യൂണിയന്റെ ഉന്നത ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം.)
ദക്ഷിണ മോഹന്‍ ടാഗോറിനെ പോലെ സത്യജിത് റായ് യുടെ സംഗീത ഭൂമികയില്‍ ഇടം നേടിയ മറ്റൊരു കലാകാരന്‍ കൂടിയുണ്ട് - പുല്ലാങ്കുഴല്‍ വിദഗ്ദന്‍ അലോക്‌നാഥ് ഡേ. 'പഥേര്‍ പാഞ്ചലി'യുടെ വിശ്രുതമായ തീം മ്യൂസിക് ബാംസുരിയില്‍ വായിച്ചത് അലോക് നാഥ് ആണ്. സിനിമയോടൊപ്പം കാലത്തെ അതിജീവിച്ച ആ പ്രമേയ സംഗീതത്തെ ഒഴിച്ച് നിര്‍ത്തി പഥേര്‍ പാഞ്ചലിയെ കുറിച്ചും അതിലെ കഥാപാത്രങ്ങളുടെ ഭാവപ്പകര്‍ച്ചകളെ കുറിച്ചും ചിന്തിക്കാന്‍ പോലുമാവില്ല നമുക്ക്. സിനിമ പുറത്തിറങ്ങി മൂന്നു പതിറ്റാണ്ട് കഴിഞ്ഞ്, ഒരു യൂറോപ്യന്‍ പര്യടനത്തിനിടെ യാദൃഛികമായി ട്രെയിനില്‍ വെച്ച് കണ്ടുമുട്ടിയ ജര്‍മന്‍കാരന്‍, ആ തീംമ്യൂസിക് ഓര്‍മ്മയില്‍ നിന്ന് വീണ്ടെടുത്ത് തന്നെ ചൂളമടിച്ചു കേള്‍പ്പിച്ച് അമ്പരപ്പിച്ച കഥ സത്യജിത് റായ് തന്നെ എഴുതിയിട്ടുണ്ട്. 'സിനിമ പുറത്തിറങ്ങി കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും അതിന്റെ പശ്ചാത്തലത്തിലെ ഒരു കൊച്ചു ഈണം പ്രേക്ഷകന്‍ എല്ലാ സൂക്ഷ്മാംശങ്ങളോടെയും ഓര്‍ത്തിരിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഈ അനുഭവം പിന്നീട് രവിശങ്കറിനെ നേരിട്ടറിയിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ ആഹ്ലാദവും അത്ഭുതവും വിവരണാതീതമായിരുന്നു.''
സിനിമയുടെ 'റഫ് കട്ട്' വെള്ളിത്തിരയില്‍ കാണും മുന്‍പ് തന്നെ തീം മ്യൂസിക്കിന്റെ ഒരു ഏകദേശ രൂപം രവിശങ്കറിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. 'ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ 'പഥേര്‍ പാഞ്ചലി' നോവല്‍ രൂപത്തില്‍ നേരത്തെ വായിച്ചിട്ടുണ്ട് ഞാന്‍. ആ ഗ്രാമീണാന്തരീക്ഷവും കഥാപാത്രങ്ങളുടെ നിഷ്‌കളങ്കതയും അന്നേ മനസ്സിനെ മഥിച്ചിരുന്നതിനാല്‍ റായ് യുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ എന്റെ മനസ്സിലെ സംഗീതം അദ്ദേഹത്തിന് മൂളിക്കേള്‍പ്പിച്ചു കൊടുക്കാന്‍ കഴിഞ്ഞു. അതദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.''
പിന്നീട് കൊല്‍ക്കത്തയിലെ ഭവാനി തീയറ്ററില്‍ ഇരുന്ന് ചിത്രീകരിച്ച ഭാഗങ്ങള്‍ ആദ്യമായി കാണവേ, കിട്ടിപ്പോയി എന്ന് ആര്‍ത്തുവിളിച്ച് തന്റെ കൈ മുറുകെ പിടിച്ച രവിശങ്കറിനെ കുറിച്ച് റായ് എഴുതിയിട്ടുണ്ട്. 'ഷോ കഴിഞ്ഞയുടന്‍ രവി ആദ്യം ചെയ്തത് അലോക് നാഥിന് നോട്ടേഷന്‍ നല്‍കുകയാണ്. പടത്തിന് വേണ്ടി ആദ്യം റെക്കോര്‍ഡ് ചെയ്തതും തീം മ്യൂസിക് തന്നെ. പിന്നീട് അതേ ഈണം സിതാറില്‍ രവിശങ്കറും റെക്കോര്‍ഡ് ചെയ്തു. 'പഥേര്‍ പാഞ്ചലി'യുടെ കഥാഗതിയുമായും അന്തരീക്ഷവുമായും അങ്ങേയറ്റം ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നു ആ സംഗീതശകലം. കഥാപാത്രങ്ങളുടെ വ്യക്തിത്വവും സ്വഭാവ വിശേഷങ്ങളും മാത്രമല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിലനിന്ന ദാരിദ്ര്യവും അനിശ്ചിതാവാസ്ഥയും വരെ ആ ഈണമൊരുക്കുമ്പോള്‍ രവിശങ്കറിന്റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം.
Content Highlights: seventy years of Pather Panchali
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·