16 May 2025, 09:48 AM IST

ക്രിസ്റ്റ്യാനോ ജൂനിയർ | X.com/@Cristiano
സഗ്രബ് (ക്രൊയേഷ്യ): പോർച്ചുഗൽ ടീമിനായി അരങ്ങേറ്റംകുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡൊയുടെ മകൻ ക്രിസ്റ്റ്യാനോ ഡോസ് സാന്റോസ്. ക്രോയേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര അണ്ടർ-15 ടൂർണമെന്റിൽ ജപ്പാനെതിരേയായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ ദേശീയകുപ്പയമണിഞ്ഞത്. പോർച്ചുഗൽ 4-1 സ്‌കോറിൽ ജയിച്ച മത്സരത്തിൽ പകരക്കാരനായി 54-ാം മിനിറ്റിലാണ് 14-കാരനായ ഡോസ് സാന്റോസ് കളത്തിലിറങ്ങിയത്. പിതാവിന്റെ ഏഴാം നമ്പർ ജേഴ്‌സിയാണ് ജൂനിയർ ക്രിസ്റ്റ്യാനോയും അണിഞ്ഞത്.
ക്രിസ്റ്റ്യാനോ സീനിയറിന്റെ അമ്മ ഡൊളോറസ് അവേരിയയും കൊച്ചുമകന്റെ അരങ്ങേറ്റത്തിന് സാക്ഷ്യംവഹിക്കാൻ ഗ്യാലറിയിലുണ്ടായിരുന്നു. മാഞ്ചെസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളുടെ സ്‌ക്കൗട്ടുകളും കളികാണാനെത്തിയിരുന്നു. ക്രിസ്റ്റ്യാനോ കളിക്കുന്ന സൗദിയിലെ അൽ നസ്ർ ക്ലബ്ബിന്റെ ജൂനിയർ ടീം അംഗമായിരുന്നു ഡോസ് സാന്റോസ്. ക്രിസ്റ്റ്യാനോയുടെ മുൻ ക്ലബ്ബുകളായ മാഞ്ചെസ്റ്റർ യുണൈറ്റഡ്, യുവന്റസ് ക്ലബ്ബുകളുടെയും ജൂനിയർ ടീമുകളിൽ കളിച്ചിരുന്നു.
മകന്റെ നേട്ടത്തിൽ ക്രിസ്റ്റ്യാനോ ആശംസയർപ്പിച്ചു. ‘അഭിനന്ദനങ്ങൾ, നിന്നെയോർത്ത് അഭിമാനിക്കുന്നു’ -സാമൂഹികമാധ്യമത്തിൽ ക്രിസ്റ്റ്യാനോ കുറിച്ചു. മകൻ കളിക്കുന്ന ചിത്രങ്ങളും പോർച്ചുഗൽ ഇതിഹാസം പങ്കുവെച്ചു. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ 136 ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗലിനെ 2016-ൽ യൂറോ കിരീടത്തിലേക്കും നയിച്ചു.
Content Highlights: cristiano jr debut continent nine scouts








English (US) ·