Published: December 08, 2025 11:33 AM IST Updated: December 08, 2025 06:49 PM IST
1 minute Read
അയർട്ടൻ സെന്നയുടെ മരണം ഫോർമുല വൺ സർക്യൂട്ടിൽ രക്തക്കറ വീഴ്ത്തി 5 വർഷം കഴിഞ്ഞാണു ലാൻഡോ നോറിസിന്റെ ജനനം. ഏഴു ചാംപ്യൻഷിപ്പുകൾ നേടിയിട്ടുള്ള ഇതിഹാസ താരം മൈക്കൽ ഷൂമാക്കർ തന്റെ ആദ്യ കിരീടം നേടി അഞ്ചു വർഷം കഴിഞ്ഞ്. ഏഴു കിരീടം സ്വന്തമാക്കിയ ലൂയിസ് ഹാമിൽട്ടൻ ആദ്യം ജേതാവായ അതേ മക്‌ലാരൻ ടീമിന് ഒപ്പമാണു നോറിസിന്റെയും വിജയം എന്നതും ശ്രദ്ധേയം.
ഏറ്റവും കൂടുതൽ എഫ് വൺ ചാംപ്യൻമാരെ സമ്മാനിച്ച ബ്രിട്ടന്റെ പട്ടികയിലേക്കാണ് നോറിസും കടന്നുചെല്ലുന്നത്. ലൂയിസ് ഹാമിൽട്ടൻ, മൂന്നു തവണ ജേതാവായ ജാക്കി സ്റ്റ്യുവർട്ട്, രണ്ടു വീതം ചാംപ്യൻഷിപ്പുകൾ നേടിയിട്ടുള്ള ജിം ക്ലാർക്ക്, ഗ്രഹാം ഹിൽ, നൈജൽ മാൻസൽ, ഡാമൺ ഹിൽ, ജൻസൻ ബട്ടൻ, മൈക്ക് ഹാവ്തോൺ, ജെയിംസ് ഹണ്ട്, ജോൺ സുർടീസ് എന്നിവരുടെ നിരയിലേക്കാണു ലാൻഡോ നോറിസിന്റെ കടന്നുവരവ്.
ഓവർടേക്കിങ്ങിലെ മികവാണു നോറിസിനെ സർക്യൂട്ടിൽ ശ്രദ്ധേയനാക്കുന്നത്. മറികടക്കൽ അസാധ്യമായ സർക്യൂട്ടുകളിൽപ്പോലും മറ്റു കാറുകളെ ഓവർടേക്ക് ചെയ്യാനും പിന്നിലുള്ള കാറുകളെ പ്രതിരോധിക്കാനും കാണിക്കുന്ന അസാമാന്യ മികവാണു വിജയരഹസ്യം.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ജനിച്ച ലാൻഡോ നോറിസിന് അമിതവേഗത്തിന്റെ ബാല്യമുണ്ടായിരുന്നു. സ്കൂട്ടറുകൾ, ബൈക്കുകൾ എന്നിവയിലൂടെ അതിവേഗത്തോടുള്ള ആദ്യകാല പ്രണയം ആ ബാലൻ പ്രകടിപ്പിച്ചു. ബ്രിട്ടനിലെ വൻ ധനികരിലൊരാളായ പിതാവ് ആദം നോറിസ് മകനെ ഏഴാം വയസ്സിൽ ഇരുചക്രവാഹനത്തിൽ നിന്നു കാർട്ടിങ്ങിലേക്കു വഴി മാറ്റിവിട്ടു. ജൂനിയർ റേസിങ്ങിൽ നിന്നു എഫ് വൺ കിരീടം വരെ എത്തിനിൽക്കുന്ന നോറിസിന്റെ വിജയവഴിയുടെ തുടക്കം ഇതാണ്. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നതിനാൽ നോറിസിനു തന്റെ സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ പണം തടസ്സമായില്ല.
ഏഴാം വയസ്സിൽ കാർട്ടിങ് ആരംഭിച്ചു. 14 വയസ്സുള്ളപ്പോൾ ലോക കാർട്ടിങ് ചാംപ്യനായി. ഇതിനിടെ സോമർസെറ്റിലെ മിൽഫീൽഡ് സ്കൂളിൽ ചേർന്ന് വിദ്യാഭ്യാസം സമാന്തര സർക്യൂട്ടിലൂടെ മുന്നോട്ടു കൊണ്ടുപോയി.
2019ലാണ് നോറിസ് മക്‌ലാരനൊപ്പം ഫോർമുല വൺ റേസിനിറങ്ങുന്നത്. 2020ൽ ഓസ്ട്രേലിയയിൽ ആദ്യ പോഡിയം (മൂന്നാം സ്ഥാനം) നേടിയപ്പോൾത്തന്നെ നോറിസിന്റെ സാന്നിധ്യം ആരാധകർ തിരിച്ചറിഞ്ഞു. 2022, 23 സീസണുകളിൽ മക്‌ലാരന്റെ പ്രധാന താരം താൻ തന്നെയെന്നു തെളിയിക്കാനായി നോറിസിന്. 2024ൽ തന്റെ യഥാർഥ മികവു പുറത്തെടുത്ത നോറിസ് ചാംപ്യൻഷിപ്പിൽ രണ്ടാംസ്ഥാനത്തെത്തി. ഈ വർഷം അതിന്റെ തുടർച്ചയായി ചാംപ്യൻഷിപ് നേട്ടവും.
English Summary:









English (US) ·