ഏഴോവറിൽ വേണ്ടത് 77 റൺസ്, പതിവു പോലെ ഫിനിഷിങ്ങിൽ കളി കൈവിട്ട് രാജസ്ഥാൻ; ഗുജറാത്ത് ജയിച്ചപ്പോൾ പഞ്ചാബ് കിങ്സും പ്ലേ ഓഫിൽ

8 months ago 8

മനോരമ ലേഖകൻ

Published: May 19 , 2025 10:43 AM IST

2 minute Read

  • രാജസ്ഥാനെതിരെ പഞ്ചാബിന്റെ ജയം 10 റൺസിന്


രാജസ്ഥാൻ ബാറ്റർ ധ്രുവ് ജുറെൽ (ചിത്രത്തിലില്ല) പുറത്തായപ്പോൾ പഞ്ചാബ് താരങ്ങളുടെ ആഹ്ലാദം
രാജസ്ഥാൻ ബാറ്റർ ധ്രുവ് ജുറെൽ (ചിത്രത്തിലില്ല) പുറത്തായപ്പോൾ പഞ്ചാബ് താരങ്ങളുടെ ആഹ്ലാദം

ജയ്പുർ ∙ ഒരു പതിറ്റാണ്ടു നീണ്ട പ്ലേഓഫ് കാത്തിരിപ്പ് ഗുജറാത്തിന്റെ കൈ പിടിച്ച് സഫലമാക്കി പഞ്ചാബ് കിങ്സ്. ഇന്നലെ ആദ്യ മത്സരത്തിൽ രാജസ്ഥാനെ പഞ്ചാബ് 10 റൺസിനു തോൽപിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഗുജറാത്ത് ഡൽഹിയെ തോൽപിച്ചതോടെയാണ് പഞ്ചാബിന് പ്ലേഓഫ് സ്ഥാനം ഉറപ്പായത്. സ്കോർ: പഞ്ചാബ്– 20 ഓവറിൽ 5ന് 219. രാജസ്ഥാൻ– 7ന് 209. 

രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (50), വൈഭവ് സൂര്യവംശി (40) എന്നിവരുടേത് അടക്കം 3 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ പ​ഞ്ചാബിന്റെ ഇംപാക്ട് പ്ലെയർ ഹർപ്രീത് ബ്രാറാണ് പ്ലെയർ ഓഫ് ദ് മാച്ച്. 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ആദ്യ 8 ഓവറിൽ 100 റൺസ് നേടിയാണ് ബാറ്റിങ് തുടങ്ങിയത്. 7 വിക്കറ്റുകൾ ശേഷിക്കെ അവസാന 7 ഓവറിൽ 77 റൺസായി ലക്ഷ്യം ചുരുങ്ങിയെങ്കിലും ഫിനിഷിങ്ങിൽ അവർക്കു വീണ്ടും പിഴച്ചു. സീസണിൽ ഇത് നാലാം തവണയാണ് 12 റൺസിൽ താഴെ മാർജിനിൽ രാജസ്ഥാൻ തോൽവി വഴങ്ങുന്നത്. 

രക്ഷകനായി വധേരടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് പ്രിയാംശ് ആര്യ (9) പ്രഭ്സിമ്രൻ സിങ് (21) മിച്ചൽ ഓവൻ (0) എന്നിവരെ ആദ്യ 4 ഓവറിനുള്ളിൽ നഷ്ടമായി.  നേഹൽ വധേരയുടെയും (37 പന്തിൽ 70) ശശാങ്ക് സിങ്ങിന്റെയും (30 പന്തിൽ 59 നോട്ടൗട്ട്) പോരാട്ടങ്ങളാണ് അവരെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചത്.  ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം (25 പന്തിൽ 30) നാലാം വിക്കറ്റിൽ 67 റൺസ് നേടി ടീമിനെ തകർച്ചയിൽനിന്നു കരകയറ്റിയ വധേര, അഞ്ചാം വിക്കറ്റിൽ ശശാങ്ക് സിങ്ങിനൊപ്പം ചേർന്ന് സ്കോറുയർത്തി.16–ാം ഓവറിൽ വധേരയെ പുറത്താക്കിയപ്പോൾ രാജസ്ഥാൻ ചെറുതായൊന്ന് ആശ്വസിച്ചെങ്കിലും ശശാങ്കിന് കൂട്ടായി അസ്മത്തുല്ല ഒമർസായി (9 പന്തിൽ 21*) എത്തി. അവസാന 4 ഓവറിൽ 60 റൺസ് നേടിയ ഇവരുടെ വെടിക്കെട്ടാണ് പഞ്ചാബ് സ്കോർ 219ൽ എത്തിച്ചത്.

എന്തൊരു തുടക്കം 34 റൺസിനിടെ 3 വിക്കറ്റ് നഷ്ടമായി പതറിയശേഷമാണ് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കൂറ്റൻ സ്കോറുയർത്തിയതെങ്കിൽ പവർപ്ലേയിലെ വെടിക്കെട്ട് തുടക്കത്തിനുശേഷമായിരുന്നു രാജസ്ഥാന്റെ വീഴ്ച. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (25 പന്തിൽ 50) വൈഭവ് സൂര്യവംശിയും (15 പന്തിൽ 40) തകർത്തടിച്ചപ്പോൾ ആദ്യ 3 ഓവറിൽ രാജസ്ഥാൻ നേടിയത് 51 റൺസ്. ഇതിൽ 50 റൺസും വന്നത് ബൗണ്ടറികളിലൂടെ. ഹർപ്രീത് ബ്രാർ അഞ്ചാം ഓവറിൽ വൈഭവിനെ പുറത്താക്കിയെങ്കിലും ഈ സീസണിലെ ഏറ്റവും മികച്ച പവർപ്ലേ സ്കോറുമായി രാജസ്ഥാൻ കുതിച്ചു (89 റൺസ്). എന്നാൽ 9–ാം ഓവറിൽ ജയ്സ്വാളിനെയും പുറത്താക്കിയ ഹർപ്രീത് രാജസ്ഥാന്റെ സ്കോറിങ് പിടിച്ചുനിർത്തി. 

പരുക്കു ഭേദമായി ടീമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും (16 പന്തിൽ 20) ഫോമിലേക്കുയരാനായില്ല. 14–ാം ഓവറിൽ റിയാൻ പരാഗിനെക്കൂടി (11 പന്തിൽ 13) മടക്കിയ അയച്ച് ഹർപ്രീത് രാജസ്ഥാന്റെ മുറുവിൽ മുളക് പുരട്ടി. ധ്രുവ് ജുറേലിന്റെ (31 പന്തിൽ 53) ഒറ്റയാൾ പോരാട്ടം ഇടയ്ക്ക് പ്രതീക്ഷ പകർന്നെങ്കിലും പിന്തുണ നൽകാൻ മധ്യനിരയിൽ ആളുണ്ടായില്ല. അവസാന 3 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ 41 റൺസ് വേണ്ടിയിരുന്ന രാജസ്ഥാനെ വരിഞ്ഞുമുറുക്കി പ​ഞ്ചാബ് പേസർമാർ ജയമുറപ്പിച്ചു.  

English Summary:

Punjab Kings secures a thrilling 10-run triumph implicit Rajasthan Royals, securing their playoff spot acknowledgment to a stunning show by Nehal Wadhera and important wickets by Harpreet Brar. The lucifer was filled with breathtaking moments and high-scoring action.

Read Entire Article