ന്യൂഡല്‍ഹി: ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. സെഞ്ചുറികളും ഡബിള്‍ സെഞ്ചുറിയും പിറന്ന ആ ബാറ്റില്‍ നിന്ന് നിരവധി റെക്കോഡുകളും പിറന്നു. റെഡ്‌ബോള്‍ ക്രിക്കറ്റിന് ശേഷം താരം വൈറ്റ്‌ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ ഗില്‍ ടീമില്‍ തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തുതന്നെ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനമുണ്ടായേക്കും.
പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഓപ്പണിങ് റോളുകളിലേക്ക് മടങ്ങിയെത്തും. ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ ഗില്‍ കളിച്ചിട്ട് കുറച്ചുകാലമായി. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഗില്ലുണ്ടായിരുന്നില്ല. 2024 ജൂലായിലാണ് ഗില്‍ അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു മത്സരം. ജയ്‌സ്വാളും ഏകദിനത്തിലും ടെസ്റ്റിലുമാണ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഏഷ്യാ കപ്പില്‍ ഇരുവരെയും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ടീമില്‍ സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളുടെ സ്ഥാനം ഭീഷണിയിലാകും. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് നിലവില്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍മാര്‍. ഇരുവരും ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. 17-അംഗ സ്‌ക്വാഡില്‍ സെലക്ടര്‍മാര്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്നതില്‍ വ്യക്തത വരാനുണ്ട്.
അതേസമയം മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരുടെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് മത്സരത്തിലും സിറാജ് കളിച്ചിട്ടുണ്ട്. എന്നാല്‍ ബുംറയാകട്ടെ മൂന്ന് മത്സരത്തിലാണ് കളിച്ചത്. ജോലി ഭാരം പരിഗണിച്ച് താരങ്ങള്‍ വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. ടൂര്‍ണമെന്റ് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം വിന്‍ഡീസിനെതിരേ ടെസ്റ്റ് പരമ്പരയുമുണ്ട്.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലാണ്. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയാവും ഏഷ്യാ കപ്പില്‍ ഇന്ത്യ അണിനിരത്തുക. അധികം വൈകാതെ തന്നെ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ അജിത് അഗാര്‍ക്കർക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കാനിരിക്കുകയാണ്.
Content Highlights: asia cupful gill acceptable to t20 instrumentality sanju abhishek chances








English (US) ·