ഏഷ്യാ കപ്പില്‍നിന്ന് പിന്മാറാന്‍ ഇന്ത്യ; ലക്ഷ്യം പാകിസ്താനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്തല്‍

8 months ago 8

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള പാക് പ്രകോപനങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളാക്കിയ ഘട്ടത്തില്‍ ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്‍വലിക്കാന്‍ ബിസിസിഐ നീക്കം. ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (എസിസി) നയിക്കുന്നത് പാകിസ്താന്‍ മന്ത്രിയും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനും കൂടിയായ മൊഹ്സിന്‍ നഖ്വിയാണ്. ഇക്കാരണം മുന്‍നിര്‍ത്തിയാണ് ബിസിസിഐയുടെ നീക്കം. ഇതോടെ അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന വനിതാ എമേര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പില്‍ നിന്നും സെപ്റ്റംബറില്‍ നടക്കുന്ന പുരുഷ ഏഷ്യാ കപ്പില്‍നിന്നും പിന്മാറുന്നതായി ബിസിസിഐ, എസിസിയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് മന്ത്രി നയിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളില്‍നിന്ന് തത്കാലം വിട്ടുനില്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

'പാകിസ്താന്‍ മന്ത്രി അധ്യക്ഷനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന് കളിക്കാന്‍ കഴിയില്ല. അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിതാ എമേര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പില്‍നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങള്‍ എസിസിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ അവരുമായി ബന്ധപ്പെട്ട ഭാവി പരിപാടികളിലെ ഞങ്ങളുടെ പങ്കാളിത്തവും നിര്‍ത്തിവച്ചിരിക്കുന്നു', ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ പിന്മാറുന്നതോടെ ഏഷ്യാ കപ്പിന്റെ നടത്തിപ്പുതന്നെ അനിശ്ചിതത്വത്തിലാകും.

സെപ്റ്റംബറിലാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്. ഇന്ത്യയേയും പാകിസ്താനെയും കൂടാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ശ്രീലങ്ക ടീമുകളും ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ഇന്ത്യയുടെ നിലപാട് ടൂര്‍ണമെന്റിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ മിക്ക സ്‌പോണ്‍സര്‍മാരും ഇന്ത്യയില്‍ നിന്നുള്ളവരായതിനാല്‍ ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ഏഷ്യാ കപ്പ് പ്രായോഗികമല്ലെന്ന് ബിസിസിഐക്ക് അറിയാം. ഇന്ത്യ-പാകിസ്താന്‍ മത്സരം ഇല്ലാതെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുമാകില്ല. ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഇന്ത്യ-പാക് മത്സരങ്ങളില്‍നിന്നാണ്.

നിലവില്‍ ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ നടക്കുന്നത്. പാകിസ്താനില്‍ കളിക്കുന്നതിന് ഇന്ത്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് പാകിസ്താന്‍ ആതിഥേയത്വം വഹിച്ച 2023 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലും കഴിഞ്ഞ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലുമായാണ് നടത്തിയത്.

Content Highlights: India to pulls retired of the Asia Cup, citing governmental tensions with Pakistan and the ACC`s leadership

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article