ഏഷ്യാ കപ്പിൽ ട്വിസ്റ്റ്; പാകിസ്താൻ അയയുന്നു, ടീം സ്റ്റേഡിയത്തിലെത്തും അസാധാരണ സംഭവം

4 months ago 5

pakistan-cricket

പാക് താരങ്ങൾ യുഎഇയിൽ പരിശീലനത്തിൽ | Photo: AFP

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരേയുള്ള മത്സരം പാകിസ്താന്റെ മത്സരം തുടങ്ങാൻ വൈകുന്നു. തുടക്കത്തിൽ മത്സരം പാകിസ്താൻ ബഹിഷ്കരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ടീം ഈ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയതായാണ് അറിയുന്നത്. ടീം കളിക്കും. ഇന്ത്യൻ സമയം ഏഴ് മണി വരെ ഹോട്ടലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന പാക് ടീം ഒടുവിൽ ഏഴരയോടെ സ്റ്റേഡിയത്തിലേയ്ക്ക് യാത്ര തിരിച്ചു. ഇതോടെ മത്സരം തുടങ്ങാൻ ഒരു മണിക്കൂറെങ്കിലും വൈകുമെന്ന് ഉറപ്പായി. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്.

ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തിന്റെ ചുവടുപിടിച്ചാണ് അസാധാരണ സംഭവങ്ങൾ. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാക് സംഘം മത്സരം ബഹിഷ്കരിക്കാൻ ആലോചിച്ചത്.

ഏഷ്യ കപ്പിൽ ഗ്രൂപ്പ് ബിയിൽ പാകിസ്താനും യുഎഇയും ഇന്ന് രാത്രി എട്ട് മണിക്ക് നേർക്കുനേർ വരാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ. പിസിബി ചെയർമാൻ മൊഹാസിൻ നഖ്വി ഉടൻ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് വിവരം.

സൽമാൻ ആഗയുടെ നേതൃത്വത്തിലുള്ള പാക് സംഘം ദുബായിൽ പരിശീലനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന വാർത്താ സമ്മേളനം പാകിസ്താൻ റദ്ദാക്കിയിരുന്നു.

ഏഷ്യാ കപ്പിൽ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ ഏഴ് വിക്കറ്റിന് പാകിസ്താൻ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ടോസിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ ആഗയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു. ഇന്ത്യയുടെ വിജയത്തിന് ശേഷവും കളിക്കാർ പരസ്പരം കൈ കൊടുക്കാതെയാണ് പിരിഞ്ഞത്. ഇതാണ് പാക് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്.

ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്താൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു. പൈക്രോഫ്റ്റിനെ നീക്കാത്ത പക്ഷം ഏഷ്യാ കപ്പിലെ അടുത്ത കളികൾ ബഹിഷ്കരിക്കുമെന്നും പാകിസ്താൻ ഭീഷണി മുഴക്കി. ഐസിസിക്കു പുറമേ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാകിസ്താൻ പരാതി നൽകിയിട്ടുണ്ട്. മാച്ച് റഫറിയെ അടിയന്തരമായി പുറത്താക്കിയില്ലെങ്കിൽ യുഎഇക്കെതിരായ അടുത്ത കളി മുതൽ ബഹിഷ്കരിക്കുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി. യുഎഇക്കെതിരായ പാകിസ്താന്റെ അടുത്ത മത്സരത്തിലും പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറി.

Content Highlights: Pakistan Threatens Asia Cup Boycott Over Handshake Dispute with India

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article