ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ മത്സരക്രമം ഇനിയും പ്രഖ്യാപിക്കാത്തതില്‍ ആശങ്കയറിയിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി). പ്രഖ്യാപനം വൈകുന്ന പശ്ചാത്തലത്തില്‍ എസിസി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് കത്തെഴുതിയതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. അതേസമയം ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്‌പോര്‍ട്‌സ് ടാക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബിസിസിഐ അധികൃതരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐക്ക് കത്തെഴുതിയിട്ടുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് സ്‌പോണ്‍സര്‍മാരില്‍ നിന്ന് സമ്മര്‍ദമുണ്ട്. ടൂര്‍ണമെന്റ് വൈകുന്നത് സാമ്പത്തികനഷ്ടമുണ്ടാക്കുമെന്ന ആശങ്കയാണ് സ്‌പോണ്‍സര്‍മാര്‍ പങ്കുവെക്കുന്നത്. ഇക്കാര്യം എസിസി കത്തില്‍ സൂചിപ്പിച്ചതായാണ് വിവരം.
അതേസമയം ഏഷ്യാ കപ്പ് സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ-പാക് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം സെപ്റ്റംബര്‍ ഏഴിന് നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ മിക്ക സ്‌പോണ്‍സര്‍മാരും ഇന്ത്യയില്‍ നിന്നുള്ളവരായതിനാല്‍ ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ഏഷ്യാ കപ്പ് പ്രായോഗികമല്ലെന്ന് ബിസിസിഐക്ക് അറിയാം. ഇന്ത്യ-പാകിസ്താന്‍ മത്സരം ഇല്ലാതെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുമാകില്ല. ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഇന്ത്യ-പാക് മത്സരങ്ങളില്‍നിന്നാണ്.
ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റി ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.
Content Highlights: ACC Asks BCCI To Confirm Asia Cup Venue Citing Pressure From Sponsors








English (US) ·