ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ചൊവ്വാഴ്ച യോഗം ചേരുമ്പോൾ താരധാരാളിത്തത്തിന്റെ തലവേദനയിലാണ് ഇന്ത്യൻ സെലക്‌ഷൻ കമ്മിറ്റി. 15 അംഗ ടീമിൽ സ്ഥാനംനേടാൻ ഇരട്ടിയോളം കളിക്കാരുടെ പേര് അന്തരീക്ഷത്തിലുണ്ട്. ഓപ്പണിങ്ങിൽ ഉൾപ്പെടെ ഓരോ സ്ഥാനത്തേക്കും ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. മുംബൈയിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ അജിത് അഗാർക്കർ ഉൾപ്പെടുന്ന സെലക്‌ഷൻ കമ്മിറ്റിക്കൊപ്പം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. സെപ്റ്റംബർ ഒൻപതുമുതൽ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് മത്സരങ്ങൾ.
ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിനെ ട്വന്റി 20-യിലും സ്ഥിരമായി കളിപ്പിക്കണമെന്ന താത്‌പര്യം അഗാർക്കർക്കും ഗംഭീറിനുമുണ്ട്. ഗില്ലിനെ മുന്നിൽനിർത്തി മൂന്നു ഫോർമാറ്റിലും ഒരു ക്യാപ്റ്റൻ എന്ന ആശയവും ഗംഭീറിനുണ്ടെന്ന് സൂചനയുണ്ട്. മറ്റൊരാളെ ഉൾപ്പെടുത്താൻ വേണ്ടിമാത്രം, മികച്ച വിജയ റെക്കോഡുള്ള ഇപ്പോഴത്തെ ടീമിനെ പൊളിക്കരുതെന്ന വാദവും ശക്തമായുണ്ട്. ഇതിനൊപ്പം യശസ്വി ജയ്‌സ്വാളും ഓപ്പണിങ്സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. അതേസമയം യുവതാരം വൈഭവ് സൂര്യവംശിയെ ടീമിലുൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്തുൾപ്പെടെയുള്ളവർ ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ട്രാവലിങ് റിസർവായെങ്കിലും താരത്തെ ടീമിലെടുക്കാനാണ് അദ്ദേഹം നിർദേശിച്ചത്.
അതേസമയം ഗില്ലിനെ ഉൾപ്പെടുത്തുകയാണെങ്കിൽ ഐപിഎലിൽ കളിച്ച ഓപ്പണിങ് സ്ഥാനത്തുതന്നെയാകും. അഭിഷേക് ശർമയും സഞ്ജു സാംസണുമാണ് നിലവിൽ ട്വന്റി 20 ടീമിലെ ഓപ്പണർമാർ. അവസാനം കളിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചുകളികളിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 279 റൺസടിച്ച അഭിഷേക് ശർമയെ ഒഴിവാക്കാൻ ഒരുതരത്തിലും കഴിയില്ല.പരിക്കു കാരണം ഐപിഎലിൽ മുഴുവൻ മത്സരങ്ങളും കളിക്കാനാവാത്ത സഞ്ജു സാംസൺ അതിനുമുൻപ് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകൾക്കെതിരേ നല്ല ഫോമിലായിരുന്നു.
ഗിൽ, ജയ്‌സ്വൾ എന്നിവരിലൊരാളെ കൊണ്ടുവരാൻ തീരുമാനിച്ചാൽ സഞ്ജുവിന്റെ സ്ഥാനം അപകടത്തിലാകും. എന്നാൽ, വിക്കറ്റ് കീപ്പറായി സഞ്ജുവിനുതന്നെയാണ് മുൻഗണന. അങ്ങനെയെങ്കിൽ സഞ്ജുവിനെ മധ്യനിരയിലേക്ക് ഇറക്കുന്നത് പരിഗണിക്കുമോ അതോ മധ്യനിരക്കാരായ ജിതേഷ് ശർമ, ധ്രുവ് ജുറെൽ എന്നിവരെ വിക്കറ്റ് കീപ്പറാക്കുമോ എന്നീ ചോദ്യങ്ങളും ഉയരുന്നു.
മൂന്നാം നമ്പറിൽ വെടിക്കെട്ട് ബാറ്റർ തിലക് വർമ, നാലാം നമ്പറിൽ സൂര്യകുമാർ എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരങ്ങളിൽ ഇറങ്ങിയത്. ഏകദിനത്തിൽ സ്ഥിരതയോടെ കളിക്കുന്ന ശ്രേയസ് അയ്യർ ഐപിഎലിലും മികച്ച ഫോമിലായതിനാൽ അദ്ദേഹത്തെ ട്വന്റി 20-യിലും കളിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇതിനൊപ്പം ഐപിഎലിലെ ടോപ് സ്‌കോറർ സായ് സുദർശനും സ്ഥാനത്തിനുവേണ്ടി പോരടിക്കുന്നു.
പേസ് ബൗളർ ജസ്‌പ്രീത് ബുംറ ഉണ്ടാകും. പേസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇകംകൈയൻ അർഷ്ദീപ് സിങ്ങും സ്ഥാനം ഉറപ്പിക്കുമ്പോൾ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരും പരിഗണനയിലുണ്ട്. പേസ് ഓൾറൗണ്ടർ ശിവം ദുബെയും റിസർവ് ലിസ്റ്റിലുണ്ട്. സ്പിൻ വിഭാഗത്തിൽ വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, അക്‌സർ പട്ടേൽ എന്നിവർക്കൊപ്പം ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറും സ്ഥാനത്തിനായി മത്സരിക്കുന്നു.
Content Highlights: asia cupful amerind squad enactment vaibhav sanju gill chances








English (US) ·