Published: August 25, 2025 01:08 PM IST
1 minute Read
മുംബൈ∙ ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും ഗംഭീര ഫോമിൽ കളിച്ചിരുന്ന ശ്രേയസ് അയ്യർ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായി വിവരം. ഇന്ത്യൻ ടീമിലെ സ്ഥാനം ഏറക്കുറെ ഉറപ്പിച്ചിരുന്നതുകൊണ്ടുതന്നെ ദുലീപ് ട്രോഫിയിൽ ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്നതായിരുന്നു അയ്യരുടെ നിലപാട്. ശ്രേയസ് അയ്യരുടെ നിർദേശപ്രകാരമാണ് വെസ്റ്റ് സോണിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു താരത്തെ ഒഴിവാക്കിയത്. തുടർന്ന് ഷാർദൂൽ ഠാക്കൂറിനെ വെസ്റ്റ് സോണിന്റെ ക്യാപ്റ്റനായി നിയമിച്ചു.
ഓഗസ്റ്റ് 29 മുതൽ ബെംഗളൂരുവിലാണ് ദുലീപ് ട്രോഫി മത്സരങ്ങൾ നടക്കേണ്ടത്. ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം ലഭിച്ചാൽ ടീം ക്യാംപിൽ ചേരുന്നതിനും തയാറെടുപ്പുകൾ തുടങ്ങുന്നതിനും വേണ്ടിയാണ് ശ്രേയസ് വെസ്റ്റ് സോൺ ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്നു വച്ചത്. ഇന്ത്യൻ ടീമിൽ ഇടം കിട്ടാതെ പോയതോടെ ശ്രേയസ് ഇനി ഷാർദൂൽ ഠാക്കൂറിനു കീഴിൽ ദുലീപ് ട്രോഫി കളിക്കേണ്ടിവരും. ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിന്റെ റിസർവ് നിരയിൽ പോലും ഉൾപ്പെടുത്താത്തത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു.
യുവതാരങ്ങളായ യശസ്വി ജയ്സ്വാളും റിയാൻ പരാഗും വരെ ‘സ്റ്റാൻഡ് ബൈ’ പട്ടികയിൽ ഇടം പിടിച്ചപ്പോഴാണ് ശ്രേയസ് പുറത്തു തുടരുന്നത്. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ്. ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയത്. ഇതോടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു സാംസണു പകരം ഗിൽ ബാറ്റിങ്ങിന് ഇറങ്ങിയേക്കും.
അതേസമയം ഓപ്പണിങ്ങിൽ തിളങ്ങി നിൽക്കുന്ന അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യം ഗില്ലിനു വേണ്ടി പൊളിക്കുന്നത് ഉചിതമല്ലെന്നും ടീം മാനേജ്മെന്റിൽ ഒരു വിഭാഗം വാദിക്കുന്നുണ്ട്. 2023 ഡിസംബറിലാണ് ശ്രേയസ് അയ്യർ അവസാനമായി ട്വന്റി20യിൽ ഇന്ത്യൻ ജഴ്സിയണിയുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഈ മത്സരത്തിൽ 37 പന്തുകൾ നേരിട്ട അയ്യർ 53 റൺസടിച്ച് അർധ സെഞ്ചറിയുമായി തിളങ്ങി. പിന്നീടു താരത്തിന് ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് അവസരം ലഭിച്ചിട്ടില്ല.
2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീടത്തിലെത്തിച്ച ശ്രേയസ് ആ സീസണിൽ 351 റൺസടിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 345 റൺസെടുത്ത് മുംബൈയെയും കിരീടത്തിലെത്തിച്ചു. കഴിഞ്ഞ ഐപിഎലും താരം മോശമാക്കിയില്ല. ബാറ്റിങ്ങിൽ 604 റൺസ് സ്കോർ ചെയ്ത അയ്യർ പഞ്ചാബിനെ ഫൈനൽ വരെയെത്തിച്ചു.
English Summary:








English (US) ·