24 August 2025, 08:41 PM IST
.jpg?%24p=c6281ee&f=16x10&w=852&q=0.8)
സഞ്ജു സാംസണും സൂര്യകുമാർ യാദവും |ഫോട്ടോ:AFP
ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന് മുൻ ശ്രീലങ്കൻ താരം ഫർവീസ് മഹറൂഫ്. ജസ്പ്രീത് ബുംറ ടീമിൽ ചേരുന്നതോടെ ഇന്ത്യയുടെ പേസ് ആക്രമണത്തിന് മൂർച്ച കൂടുമെന്നും മഹറൂഫ് ഐഎഎൻഎസിനോട് പറഞ്ഞു. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനുള്ള 15-അംഗ ഇന്ത്യന്‍ ടീമിനെ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കുമ്പോൾ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.
ഏഷ്യാ കപ്പ് നേടാൻ കൂടുതൽ സാധ്യതയുള്ള ടീം ഇന്ത്യയാണെന്നാണ് അവരുടെ ടീമിനെ നോക്കുമ്പോൾ തോന്നുന്നത്. ശ്രീലങ്കയും ബംഗ്ലാദേശും കറുത്ത കുതിരകളാകും. പ്രമുഖ ടൂർണമെൻ്റുകളിൽ ആ പ്രത്യേക ദിവസത്തെ പ്രകടനം പ്രധാനമാണ്. - മഹറൂഫ് ഐഎഎൻഎസിനോട് പറഞ്ഞു.
ഏത് പേസ് ആക്രമണമാണ് ഏറ്റവും മികച്ചതെന്ന് പറയാൻ പ്രയാസമാണ്. എന്നാൽ ബുംറ കൂടി ചേരുന്നതോടെ ഇന്ത്യക്ക് തീർച്ചയായും മികച്ചൊരു പേസ് നിരയുണ്ട്. പാകിസ്താനും ഒപ്പമുണ്ട്. ശ്രീലങ്കയും ബംഗ്ലാദേശും തുല്യശക്തികളാണ്. അതുപോലെ, ഇന്ത്യയും പാകിസ്താനും തുല്യശക്തികളാണ്. - മഹറൂഫ് കൂട്ടിച്ചേർത്തു.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക.
ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.
Content Highlights: india wide favourites asia cupful Farveez Maharoof








English (US) ·