ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് യുഎഇയില്‍വെച്ച് നടക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഔദ്യോഗികമായി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നുമുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. എസിസി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്‌വി സാമൂഹികമാധ്യമമായ എക്‌സിലൂടെ പ്രഖ്യാപനം നടത്തുകയായിരുന്നു. ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം സെപ്റ്റംബര്‍ 14-നാണ്.
ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.
അങ്ങനെ വന്നാല്‍ ഇന്ത്യയും പാകിസ്താനും മൂന്നുതവണവരെ ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. സെപ്റ്റംബര്‍ 14-ന് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരം. സൂപ്പര്‍ ഫോറിലേക്ക് ഇരു ടീമുകളും യോഗ്യതനേടുന്ന പക്ഷം അവിടെയും നേര്‍ക്കുനേര്‍ വരും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒരു ഇന്ത്യ-പാക് ഫൈനലിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ടീമുകള്‍ സെപ്റ്റംബര്‍ ഏഴോടെ യുഎഇയിലെത്തും. സന്നാഹ മത്സരങ്ങളുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. 2023 ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
ഷെഡ്യൂള്‍:
- സെപ്റ്റംബര്‍ 9 (ചൊവ്വ): അഫ്ഗാനിസ്ഥാന്‍ vs ഹോങ്കോംഗ്
- സെപ്റ്റംബര്‍ 10 (ബുധന്‍): ഇന്ത്യ vs യുഎഇ
- സെപ്റ്റംബര്‍ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ്
- സെപ്റ്റംബര്‍ 12 (വെള്ളി): പാകിസ്ഥാന്‍ vs ഒമാന്‍
- സെപ്റ്റംബര്‍ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക
- സെപ്റ്റംബര്‍ 14 (ഞായര്‍): ഇന്ത്യ vs പാകിസ്ഥാന്‍
- സെപ്റ്റംബര്‍ 15 (തിങ്കള്‍): ശ്രീലങ്ക vs ഹോങ്കോംഗ്
- സെപ്റ്റംബര്‍ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍
- സെപ്റ്റംബര്‍ 17 (ബുധന്‍): പാകിസ്ഥാന്‍ vs യുഎഇ
- സെപ്റ്റംബര്‍ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍
- സെപ്റ്റംബര്‍ 19 (വെള്ളി): ഇന്ത്യ vs ഒമാന്‍
സൂപ്പര്‍ 4
- സെപ്റ്റംബര്‍ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
- സെപ്റ്റംബര്‍ 21 (ഞായര്‍): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് എ ക്വാളിഫയര്‍ 2
- സെപ്റ്റംബര്‍ 22 (തിങ്കള്‍): വിശ്രമ ദിനം
- സെപ്റ്റംബര്‍ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
- സെപ്റ്റംബര്‍ 24 (ബുധന്‍): ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് എ ക്വാളിഫയര്‍ 2
- സെപ്റ്റംബര്‍ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയര്‍ 2 vs ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
- സെപ്റ്റംബര്‍ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1
- സെപ്റ്റംബര്‍ 27 (ശനി): ഇടവേള
ഫൈനല്‍
- സെപ്റ്റംബര്‍ 28 (ഞായര്‍): ഫൈനല്‍ മത്സരം
ജൂലായ് 24-ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ 25 അംഗരാജ്യങ്ങളും ചേര്‍ന്ന എസിസി യോഗത്തിലാണ് ഏഷ്യാകപ്പ് ആതിഥേയത്വവും ഷെഡ്യൂളും സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ബിസിസിഐയെ പ്രതിനിധാനംചെയ്ത് രാജീവ് ശുക്ല ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. ടി20 ഫോര്‍മാറ്റിലായിരിക്കും ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്. 2026-ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമെന്ന നിലയിലാണ് ഈ മാറ്റം.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് ആതിഥേയത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പിന്റെ ആതിഥേയത്വാവകാശം ബിസിസിഐക്കാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കില്ലെന്ന് അറിയിച്ചിരുന്നു.
Content Highlights: Asia Cup 2023 Officially Confirmed for UAE, Tournament Dates Announced








English (US) ·