24 July 2025, 08:44 PM IST

Photo | PTI
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് യുഎഇയില്‍വെച്ച് നടത്താന്‍ സാധ്യത. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) വൃത്തങ്ങള്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ വേദി ചര്‍ച്ചചെയ്യാന്‍ 25 അംഗരാജ്യങ്ങളും പങ്കെടുത്ത എസിസി യോഗത്തിന് ശേഷമാണ് തീരുമാനം. ധാക്കയില്‍ നടന്ന യോഗത്തില്‍ ബിസിസിഐയെ പ്രതിനിധാനംചെയ്ത് രാജീവ് ശുക്ല ഓണ്‍ലൈനായി പങ്കെടുത്തു.
മത്സരക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും. സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്റ് രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കും. ഇന്ത്യക്ക് ആ സമയത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ അതിനുമുന്‍പ് ടൂര്‍ണമെന്റ് അവസാനിപ്പിക്കുന്ന വിധത്തിലായിരിക്കും ഷെഡ്യൂള്‍ ചെയ്യുക. വേദികളും ടൂര്‍ണമെന്റിന്റെ ഷെഡ്യൂളും അന്തിമമാക്കുന്നതിനായി ബിസിസിഐ പ്രസിഡന്റ് രാജീവ് ശുക്ലയും എസിസി പ്രസിഡന്റും പിസിബി ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വിയും വരുംദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ത്തന്നെയാവാനാണ് സാധ്യത.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് ആതിഥേയത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ധാക്കയില്‍ നടന്ന എസിസി വാര്‍ഷിക പൊതുയോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തതോടെ അനിശ്ചിതത്വം നീങ്ങി. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പിന്റെ ആതിഥേയത്വാവകാശം ബിസിസിഐക്കാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കില്ലെന്ന് അറിയിച്ചിരുന്നു.
Content Highlights: Asia Cup 2025: Dubai, Abu Dhabi Emerge arsenic Potential Hosts for Continental Tournament








English (US) ·