ദുബായ്: ദുബായിലെ ഞായറാഴ്ചത്തെ താപനിലപ്രവചനം 41 ഡിഗ്രി സെൽഷ്യസാണ്. അതിനേക്കാളേറെ ചൂടിൽ രാഷ്ട്രീയമായ കുറെ കാര്യങ്ങളും ദുബായിലെ ക്രിക്കറ്റ് പിച്ചിൽ പൊതിഞ്ഞുനിൽക്കുന്നുണ്ട്. പക്ഷേ, ആ ചൂടുകൾക്കെല്ലാമപ്പുറം നല്ലൊരു ക്രിക്കറ്റ് സംഭവിക്കണമേയെന്ന ആഗ്രഹത്തോടെ ഇന്ത്യയും പാകിസ്താനും വീണ്ടും മുഖാമുഖം വരുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ എ ഗ്രൂപ്പ് മത്സരത്തിൽ ഞായറാഴ്ച ദുബായിൽ ഇന്ത്യ പാകിസ്താനെ നേരിടും. ഒരു ഹെവി വെയ്റ്റ് മത്സരത്തിന്റെ സമ്മർദം ഇരുടീമുകൾക്കുമുള്ളപ്പോൾ കപിൽ ദേവും വസീം അക്രമും പറഞ്ഞ വാക്കുകൾ അവർ ഓർക്കുമായിരിക്കും -‘പുറത്തെ ശബ്ദങ്ങൾ തത്‌കാലം അവഗണിക്കൂ, നിങ്ങൾ പോയിരിക്കുന്നത് ക്രിക്കറ്റ് കളിക്കാനാണ്, നിങ്ങൾ ക്രിക്കറ്റ് ആസ്വദിക്കൂ...’ ആദ്യ മത്സരത്തിൽ യുഎഇയെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യ വരുന്നതെങ്കിൽ ഒമാനെതിരേ 93 റൺസിന്റെ കൂറ്റൻ ജയവുമായാണ് പാകിസ്താന്റെ വരവ്. ഇന്നത്തെ മത്സരഫലം എ ഗ്രൂപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനാൽ ഇരുടീമുകളും ആവേശത്തിലാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രാദേശിക സമയം ആറരമണിക്കാണ് (ഇന്ത്യൻ സമയം രാത്രി എട്ടുമണി) മത്സരം.
മാറ്റമില്ലാതെ ഇന്ത്യ
യുഎഇയ്ക്കെതിരായ ആദ്യമത്സരത്തിൽ ഇന്ത്യൻ ബൗളിങ്നിര പത്തു വിക്കറ്റും പിഴുത് മികവുകാണിച്ചപ്പോൾ ബാറ്റിങ്നിരയ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ വിജയത്തിലെത്താനായിരുന്നു. യുഎഇയ്ക്കെതിരായ മത്സരത്തിലെ അതേ ഇലവൻതന്നെയാകും പാകിസ്താനെതിരേയും അണിനിരക്കുന്നതെന്നാണ് സൂചന. ഇന്ത്യൻ ബാറ്റിങ്നിരയുടെ കരുത്ത് ആദ്യമായി പരീക്ഷിക്കപ്പെടുന്ന മത്സരമാകും പാകിസ്താൻ കാത്തുവെച്ചിരിക്കുന്നത്. ഷഹീൻഷാ അഫ്രീദി എന്ന ലോകത്തിലെ അതിവേഗ ബൗളർ നേതൃത്വംനൽകുന്ന പാക് പേസാക്രമണത്തെ ഇന്ത്യൻ ഓപ്പണർമാർ എങ്ങനെ നേരിടുമെന്നതാണ് പ്രധാനം. അഭിഷേക് ശർമയുടെ ആക്രമണ ബാറ്റിങ്ങിനൊപ്പം ശുഭ്മൻ ഗില്ലിന്റെ കരുതലോടെയുള്ള സമീപനവും ചേരുന്നതാകും ഇന്ത്യൻ ഓപ്പണിങ് എന്നാണ് കരുതേണ്ടത്.
മധ്യനിരയും സ്പിന്നർമാരും
മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ഇന്ത്യൻ മധ്യനിരയുടെ പ്രകടനത്തിനും പാക് ബൗളർമാർ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. മധ്യ ഓവറുകളിൽ വിക്കറ്റെടുക്കുന്നതിൽ മികവുകാട്ടുന്ന ഹാരിസ് റൗഫും സൂര്യകുമാർ യാദവും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരിക്കുകയാണ് ദുബായിലെ ആരാധകർ. ഒമാനെതിരായ മത്സരത്തിൽ ഇറങ്ങാതിരുന്ന റൗഫ് ഇന്ത്യക്കെതിരേ കളിക്കുമെന്നാണ് സൂചന. ജസ്‌പ്രീത് ബുംറയെ ഏക പേസ് ബൗളറാക്കി കുൽദീപ്-വരുൺ-അക്‌സർ ത്രയത്തെ സ്പിൻ വിഭാഗമായി ഇറക്കുന്നതാകും ഇന്ത്യയുടെ ബൗളിങ് പദ്ധതി. ദുബായിൽനടന്ന കഴിഞ്ഞ മത്സരങ്ങളിലെല്ലാം സ്പിന്നർമാർക്കുകിട്ടിയ ആനുകൂല്യം തുടരുമെന്ന പ്രതീക്ഷയിലാണിത്. ബുംറയ്ക്ക് സഹായമായി ഹാർദിക്കിനെയും ശിവം ദുബെയെയും ഉപയോഗിക്കാമെന്ന സാധ്യതയിലാണ് ഇന്ത്യയുടെ ബൗളിങ് പദ്ധതി.
പ്രതീക്ഷയോടെ പാക്
ഇന്ത്യ യുഎഇയെ തകർത്ത അതേ പാക്കേജിൽത്തന്നെ ഒമാനെ തകർത്താണ് പാകിസ്താൻ വരവറിയിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരത്തിൽ തങ്ങളുടെ ബൗളിങ്, ബാറ്റിങ് ഡിപ്പാർട്ടുമെന്റുകളുടെ കരുത്ത് മുഴുവൻ പുറത്തെടുക്കേണ്ടിവരുമെന്നതിൽ പാകിസ്താന് സംശയമില്ല. യുവ ഓപ്പണറായ സായിം അയ്യൂബ് ബുംറയുടെ പന്തുകൾ എങ്ങനെ കളിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പാക് ഇന്നിങ്‌സിന്റെ തുടക്കം. മധ്യനിരയിൽ ഫഖർ സമാൻ കുൽദീപിന്റെയും വരുൺ ചക്രവർത്തിയുടെയും പന്തുകൾ എങ്ങനെ കളിക്കുമെന്നതും പാക് സ്‌കോറിങ്ങിൽ നിർണായകമായിരിക്കും.
ബിസിസിഐ പ്രതിനിധികൾ മത്സരം കാണാൻ എത്തിയേക്കില്ല
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രതിനിധികൾ എത്തിയേക്കില്ലെന്ന് സൂചന. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരായ കളി ബഹിഷ്‌കരിക്കണമെന്ന് സൈബറിടങ്ങളിൽ ആഹ്വാനം ശക്തമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ നീക്കം. ഔദ്യോഗികമായി മത്സരം ബഹിഷ്‌കരിക്കാൻ സാധിക്കില്ലെങ്കിലും ബിസിസിഎ ഉദ്യോഗസ്ഥരൊന്നും മത്സരത്തിന് എത്താത്തവിധം പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അടക്കമുള്ളവർ വരില്ലെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തേ ദുബായിയിൽനടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ബിസിസിഐ പ്രതിനിധികളെല്ലാം മത്സരം കാണാനെത്തിയിരുന്നു.
Content Highlights: india pakistan asia cupful cricket








English (US) ·