ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് ‘പ്രാദേശിക’ വെല്ലുവിളി; സഞ്ജുവിനെ എവിടെ കളിപ്പിക്കും, വീണ്ടും ബെഞ്ചിലാക്കുമോ?

4 months ago 4

മനോരമ ലേഖകൻ

Published: September 10, 2025 07:44 AM IST

1 minute Read

  • മത്സരം രാത്രി 8 മുതൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ

 KCA
സഞ്ജു സാംസണ്‍. Photo: KCA

ദുബായ്∙ ഏഷ്യാകപ്പ് ട്വന്റി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിന് ഇന്നു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു ‘പ്രാദേശിക’ വെല്ലുവിളിയാണ്; ഇന്ത്യയുടെ എതിരാളികളായ യുഎഇയുടെ മുഖ്യ പരിശീലകൻ ലാൽചന്ദ് രജ്പുത്തിന്റെ രൂപത്തിൽ.

2007ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് ജേതാക്കളായപ്പോൾ അന്നു പരിശീലകന്റെ ചുമതല ടീം മാനേജരായിരുന്ന രജ്പുത്തിനായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ ഹരിശ്രീ കുറിച്ചതു മുതൽ ഒപ്പമുണ്ടായിരുന്ന രജ്പുത്തിന് ടീമിന്റെ അകവും പുറവും നന്നായി അറിയാം. ഈ ‘ടീം പരിചയം’ ഇന്നത്തെ മത്സരത്തി‍ൽ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുമെന്ന് രജ്പുത്ത് വ്യക്തമാക്കിക്കഴിഞ്ഞു.

‘ ഞാൻ ഒരു ശാഠ്യക്കാരനായ മുംബൈക്കാരനാണ്. ഇന്ത്യ ടൂ‍ർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമായിരിക്കും. എന്നാൽ അവരെ അനായാസം ജയിക്കാൻ എന്റെ കുട്ടികൾ അനുവദിക്കില്ല’– ഇന്നലെ നടന്ന മാധ്യമസമ്മേളനത്തിൽ അറുപത്തിമൂന്നുകാരൻ രജ്പുത്ത് പറഞ്ഞു. തികച്ചും ഏകപക്ഷീയമായി ഒതുങ്ങിപ്പോകേണ്ട ഇന്ത്യ– യുഎഇ മത്സരത്തിന് രജ്പുത്തിന്റെ പ്രസ്താവനയോടെ ചൂടുപിടിച്ചുകഴിഞ്ഞു. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.

കരുത്തോടെ ഇന്ത്യഅവസാനം കളിച്ച 5 ട്വന്റി20 മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ഇന്ത്യ വരുന്നതെങ്കിൽ അവസാന 5 മത്സരങ്ങളിൽ എല്ലാം തോറ്റാണ് യുഎഇ എത്തുന്നത്. ഇരു ടീമുകളും അവസാനമായി ഒരു ട്വന്റി20 മത്സരത്തിൽ ഏറ്റുമുട്ടിയത് 2016 ഏഷ്യാകപ്പിലായിരുന്നു. അന്ന് 9 വിക്കറ്റിന് ഇന്ത്യ ജയം സ്വന്തമാക്കി.

സഞ്ജുവിന്റെ സാധ്യതടൂർണമെന്റിലെ ആദ്യ മത്സരത്തിനായി തയാറെടുക്കുന്ന ടീം ഇന്ത്യയെ ഏറ്റവും കൂടുതൽ അലട്ടുന്നത് സഞ്ജു സാംസണെ എവിടെ കളിപ്പിക്കുമെന്ന ചോദ്യമാണ്. ഇന്ത്യ അവസാനമായി ട്വന്റി20 പരമ്പര കളിച്ചപ്പോൾ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായിരുന്നു സഞ്ജു. എന്നാൽ ശുഭ്മൻ ഗിൽ ടീമിലേക്കു തിരിച്ചെത്തിയതോടെ ഓപ്പണിങ് സ്ഥാനം സഞ്ജുവിനു നഷ്ടപ്പെട്ടേക്കും. മൂന്നാം നമ്പറിൽ തിലക് വർമ, നാലാം നമ്പറിൽ സൂര്യകുമാർ യാദവ് എന്നിവർ ഇറങ്ങും. ഇതോടെ അഞ്ചാം നമ്പറിലാണ് സഞ്ജുവിനു സാധ്യതയുള്ളത്. എന്നാൽ ഐപിഎലിൽ മികച്ച ഫോമിൽ കളിച്ച വിക്കറ്റ് കീപ്പർ ജിതേഷ് ശർമയെ അ‍ഞ്ചാം നമ്പറിൽ പരിഗണിക്കാൻ ആലോചനയുണ്ട്. അങ്ങനെ വന്നാൽ സഞ്ജുവിന്റെ സാധ്യത മങ്ങും.

ഇന്ത്യൻ താരങ്ങളായ (ഇടതുനിന്ന്) അഭിഷേക് ശർമ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ എന്നിവർ പരിശീലനത്തിനിടെ.

ഇന്ത്യൻ താരങ്ങളായ (ഇടതുനിന്ന്) അഭിഷേക് ശർമ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ എന്നിവർ പരിശീലനത്തിനിടെ.

ബോളിങ് ഭദ്രം

6,7 സ്ഥാനങ്ങളിൽ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും കളിക്കുമെന്ന് ഉറപ്പാണ്. ഇതോടെ അടുത്ത 4 സ്ഥാനങ്ങളിൽ സ്പെഷലിസ്റ്റ് ബോളർമാരെ ഉൾപ്പെടുത്താൻ ഇന്ത്യയ്ക്കു സാധിക്കും. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം അർഷ്ദീപ് സിങ് പേസ് യൂണിറ്റ് നിയന്ത്രിച്ചാൽ ഹർഷിത് റാണ പുറത്താകും. കുൽദീപ് യാദവ്– വരുൺ ചക്രവർത്തി സഖ്യത്തിനായിരിക്കും സ്പിൻ വിഭാഗത്തിന്റെ ചുമതല.

പിച്ചിൽ പേസ്ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫിയിൽ 4 സ്പിന്നർമാരുമായാണ് ഇന്ത്യ ദുബായിൽ ഇറങ്ങിയത്.   എന്നാൽ അന്നത്തെക്കാൾ വേഗവും ബൗൺസുമുള്ള,പേസർമാരെ തുണയ്ക്കുന്ന പിച്ചാണ് ഇത്തവണ ഏഷ്യാകപ്പിനായി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഒരു മൂന്നാം പേസറെ ഇന്ത്യ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും കുറവല്ല.

English Summary:

Asia Cup T20: India vs UAE Match Updates

Read Entire Article