Published: September 23, 2025 11:21 AM IST
1 minute Read
അബുദാബി∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് നേർക്കുനേർ വരുമ്പോൾ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ഇതു നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ഇരു ടീമുകൾക്കും രണ്ടാമതൊരു തോൽവി കൂടി നേരിടേണ്ടി വന്നാൽ ഫൈനലിലേക്കുള്ള വഴി ഏറക്കുറെ പൂർണമായും അടയും. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.
ബലാബലംടൂർണമെന്റിൽ ഏറക്കുറെ ബലാബലം നിൽക്കുന്ന ടീമുകളാണ് ശ്രീലങ്കയും പാക്കിസ്ഥാനും. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ബംഗ്ലദേശിനോടു തോൽക്കേണ്ടിവന്നതിന്റെ ക്ഷീണം ലങ്കൻ താരങ്ങളെ അലട്ടുന്നുണ്ട്. ഓപ്പണിങ്ങിൽ പാത്തും നിസങ്ക– കുശാൽ മെൻഡിസ് സഖ്യം നൽകുന്ന തുടക്കമാണ് ലങ്കയുടെ കരുത്ത്. ഇവരിൽ ഒരാൾ തുടക്കത്തിലേ പുറത്തായാൽ മധ്യനിരയിൽ ഇന്നിങ്സ് താങ്ങിനിർത്താൻ സാധിക്കുന്ന ഒരു താരം അവർക്കില്ല.
ബംഗ്ലദേശിനെതിരായ മത്സരത്തിൽ ഓൾറൗണ്ടർ ദസുൻ ശനകയുടെ ഒറ്റയാൾ പോരാട്ടമാണ് അവരെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ബോളിങ്ങിൽ നുവാൻ തുഷാര– ദുഷ്മന്ത ചമീര പേസ് ജോടി മികച്ച ഫോമിലാണ്. എന്നാൽ സ്പിൻ വിഭാഗത്തിൽ വാനിന്ദു ഹസരംഗയെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് മധ്യ ഓവറുകളിൽ ലങ്കൻ അറ്റാക്ക് ദുർബലമാക്കുന്നു.
മറുവശത്ത് ഇന്ത്യയോടു തോറ്റെങ്കിലും ബാറ്റിങ്ങിലും ബോളിങ്ങിലും പ്രകടനം മെച്ചപ്പെടുത്തിയതിന്റെ ആശ്വാസം പാക്കിസ്ഥാനുണ്ട്. എങ്കിലും ടൂർണമെന്റിന്റെ ഫൈനലിൽ കടക്കാൻ ഈ പ്രകടനം പോരെന്ന തിരിച്ചറിവുമായാണ് ലങ്കയ്ക്കെതിരായ മത്സരത്തിന് സൽമാൻ ആഗയും സംഘവും ഇറങ്ങുക. ബാറ്റിങ്ങിൽ ഓപ്പണർ സാഹിബ്സാദാ ഫർഹാന്റെ ഫോം ടീമിന് നിർണായകമാണ്. ഫഖർ സമാനെ മാറ്റിനിർത്തിയാൽ ടോപ് ഓർഡറിൽ മറ്റാരും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ടീമിനെ അലട്ടുന്നുണ്ട്. ബോളിങ്ങിൽ ഷഹീൻ അഫ്രീദി ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. സ്പിൻ വിഭാഗത്തിന്റെ പ്രകടനവും ശരാശരിയിൽ ഒതുങ്ങുന്നത് ടീമിന് തലവേദനയാണ്.
English Summary:








English (US) ·