ഏഷ്യാകപ്പിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധം; ബിസിസിഐയോട് കോൺ​ഗ്രസ്

4 months ago 5

Congress Flag

പ്രതീകാത്മകചിത്രം | ഫോട്ടോ: Arranged

ഗുവാഹത്തി: അടുത്ത മാസം നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ പാകിസ്താനെതിരേ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ബിസിസിഐയോട് ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയ്ക്ക് ഗൊഗോയ് കത്തയച്ചിട്ടുണ്ട്. ക്രിക്കറ്റ് എപ്പോഴും ജനങ്ങളിൽ സന്തോഷം കൊണ്ടുവരുന്ന ഒരു കായിക വിനോദമാണ്. എന്നാൽ നിലവിലെ ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഇടപെടലുകൾക്ക് ദേശീയ താത്പര്യത്തേക്കാൾ മുൻഗണന നൽകരുതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും നമ്മുടെ സായുധ സേനയുടെ ത്യാഗങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനുമായി കളിക്കുന്നത് ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നിൽക്കുന്ന ഇന്ത്യൻ ജനതയുടെ വികാരങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തമാസം യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായി കളിക്കുന്നതിൽനിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് അടുത്തിടെ കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധകോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.

ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. എട്ട്‌ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

Content Highlights: Playing cricket with Pakistan contrary to nationalist involvement Congress to BCCI connected Asia Cup match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article