Published: July 27 , 2025 09:25 PM IST
1 minute Read
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിക്കുകയും, പിന്നാലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ തയാറാവുകയും ചെയ്ത ഇന്ത്യയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന ആരോപണവുമായി മുൻ പാക്ക് താരം ഡാനിഷ് കനേരിയ. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യൻ ടീമിന് വൈമനസ്യമില്ലെങ്കിൽ, ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ നിന്ന് എന്തിനാണ് പിൻമാറിയതെന്ന് കനേരിയ ചോദിച്ചു. സ്വന്തം സൗകര്യം നോക്കി ദേശസ്നേഹം പറയുന്ന പരിപാടി ഇന്ത്യൻ താരങ്ങൾ അവസാനിപ്പിക്കണമെന്നും കനേരിയ ആവശ്യപ്പെട്ടു.
ഇംഗ്ലണ്ടിൽ നടക്കുന്ന ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ബർമിങ്ങാമിലാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിനു പിന്നാലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ബിസിസിഐ സന്നദ്ധത അറിയിച്ചതോടെയാണ് പാക്ക് താരം വിമർശനവുമായി രംഗത്തെത്തിയത്.
‘‘ദേശീയ വികാരം ചൂണ്ടിക്കാട്ടി ഇന്ത്യൻ താരങ്ങൾ ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ചു. പക്ഷേ, ഏഷ്യാകപ്പ് ആയപ്പോൾ അവർക്ക് പാക്കിസ്ഥാനെതിരെ മത്സരിക്കാൻ മടിയില്ല. പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീമിന് വിമുഖതയില്ലെങ്കിൽ, ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിലും അതേ നിലപാടായിരുന്നില്ലേ സ്വീകരിക്കേണ്ടിയിരുന്നത്? സ്വന്തം സൗകര്യത്തിന് അനുസരിച്ച് ദേശസ്നേഹം പറയുന്നത് അവസാനിപ്പിക്കൂ. കായികമേഖലയെ ആ രീതിയിൽ കാണൂ. അല്ലാതെ നിങ്ങളുടെ ആശയപ്രചരണത്തിനുള്ള ഉപാധിയായിട്ടല്ല’ – ഡാനിഷ് കനേറിയ പറഞ്ഞു.
ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽപാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്ന് ശിഖർ ധവാൻ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങളാണ് പ്രഖ്യാപിച്ചത്. ശിഖർ ധവാന്റെ കടുംപിടിത്തം കാരണമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം റദ്ദാക്കിയതെന്ന് പാക്കിസ്ഥാൻ ചാംപ്യൻസ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ശിഖർ ധവാനെ ‘ചീഞ്ഞ മുട്ട’ എന്നും അഫ്രീദി വിശേഷിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിനിടെയാണ്, ഏഷ്യാ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന്റേത് ഉൾപ്പെടെയുള്ള ഷെഡ്യൂൾ പുറത്തുവന്നത്.
English Summary:








English (US) ·