Published: July 22 , 2025 03:59 PM IST Updated: July 22, 2025 11:41 PM IST
1 minute Read
മുംബൈ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ മുടങ്ങിയാൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനു നഷ്ടമാകുക 35 കോടിയോളം രൂപ. ഇന്ത്യ ആതിഥേയരാകേണ്ട ടൂർണമെന്റിന്റെ തീയതിയോ മത്സര ക്രമമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതു ചർച്ച ചെയ്യാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കാനും ബിസിസിഐ സമ്മതം അറിയിച്ചിട്ടില്ല. 24ന് ബംഗ്ലദേശിലെ ധാക്കയിലാണു യോഗം തീരുമാനിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ധാക്കയിലെത്തില്ലെന്നാണ് ബിസിസിഐ പ്രതിനിധികളുടെ നിലപാട്.
ബിസിസിഐയ്ക്കൊപ്പം ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഒമാൻ ക്രിക്കറ്റ് അസോസിയേഷനുകളും ധാക്കയിൽ യോഗം ചേരുന്നതിനെ എതിർത്തിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ തലവനും പാക്കിസ്ഥാനിലെ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി ബിസിസിഐ നിർദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുമില്ല. ഇതോടെയാണു ടൂര്‍ണമെന്റു നടത്തിപ്പു സംബന്ധിച്ചു തീരുമാനം നീളുന്നത്.
ഏഷ്യാകപ്പ് ടൂർണമെന്റ് ഇന്ത്യയിൽ നടന്നാലും പാക്കിസ്ഥാന്റെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്തു നടത്തേണ്ടിവരും. ഈ വർഷം നടക്കുന്ന ഏഷ്യാകപ്പിലൂടെ 1.16 ബില്യൻ പാക്കിസ്ഥാനി രൂപ (ഏകദേശം 35.06 കോടി ഇന്ത്യൻ രൂപ) വരുമാനം ഉണ്ടാക്കാമെന്നായിരുന്നു പാക്ക് ക്രിക്കറ്റ് ബോർഡിന്റെ കണക്കു കൂട്ടൽ. ടൂർണമെന്റ് നടന്നില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന പിസിബിയുടെ കാര്യം കൂടുതൽ കഷ്ടത്തിലാകും.
സാമ്പത്തിക വർഷത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽനിന്നുള്ള വരുമാനമായി 7.7 ബില്യനാണ് (664 കോടി രൂപ) പിസിബി പ്രതീക്ഷിക്കുന്നത്. മറ്റു മത്സരങ്ങളിൽനിന്ന് 7.7 മില്യൻ രൂപയും (6.64 കോടി ഇന്ത്യൻ രൂപ) പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. പഹൽഗാം ഭീകരാക്രമണവും അതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും കാരണം ഇന്ത്യ– പാക്ക് ക്രിക്കറ്റ് ബന്ധം പൂർണമായും നിലച്ചു. വിരമിച്ച താരങ്ങൾ കളിക്കുന്ന ‘ലെജൻഡ്സ് ലീഗിലെ’ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് റദ്ദാക്കിയിരുന്നു.
English Summary:








English (US) ·