ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത നിലപാടുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ടൂര്‍ണമെന്റ് നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിൽ ധാക്കയില്‍ വിളിച്ചുചേര്‍ത്ത വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. യോഗത്തിന്റെ വേദി മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബോര്‍ഡ്. ജൂലായ് 24-നാണ് വാര്‍ഷികയോഗം തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ പോകാന്‍ സാധിക്കില്ലെന്നാണ് ബിസിസിഐ അറിയിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വാര്‍ഷികയോഗം ധാക്കയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. യോഗം നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുകയാണെങ്കില്‍ ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നടത്തിപ്പില്‍ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് ബിസിസിഐ നിലപാടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനും പിസിബി ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വി ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. എന്നാല്‍ ഇന്ത്യ ഇതിനോട് വഴങ്ങിയിട്ടില്ല. മറിച്ച് വേദി മാറ്റണമെന്ന ആവശ്യം നഖ്‌വിയെ അറിയിച്ചിട്ടുമുണ്ട്. പക്ഷേ പിസിബി ചെയര്‍മാന്‍ മറുപടി നല്‍കിയിട്ടില്ല.
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ മത്സരക്രമം ഇനിയും പ്രഖ്യാപിക്കാത്തതില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ആശങ്കയുണ്ട്. പ്രഖ്യാപനം വൈകുന്ന പശ്ചാത്തലത്തില്‍ എസിസി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് കത്തെഴുതിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് സ്‌പോണ്‍സര്‍മാരില്‍ നിന്ന് സമ്മര്‍ദമുണ്ട്. ടൂര്‍ണമെന്റ് വൈകുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന ആശങ്കയാണ് സ്‌പോണ്‍സര്‍മാര്‍ പങ്കുവെക്കുന്നത്. ഇക്കാര്യം എസിസി കത്തില്‍ സൂചിപ്പിച്ചതായാണ് വിവരം. ടൂര്‍ണമെന്റിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ മിക്ക സ്‌പോണ്‍സര്‍മാരും ഇന്ത്യയില്‍ നിന്നുള്ളവരായതിനാല്‍ ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ഏഷ്യാ കപ്പ് പ്രായോഗികമല്ലെന്ന് ബിസിസിഐക്ക് അറിയാം. ഇന്ത്യ-പാകിസ്താന്‍ മത്സരം ഇല്ലാതെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുമാകില്ല. ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഇന്ത്യ-പാക് മത്സരങ്ങളില്‍ നിന്നാണ്.
Content Highlights: Asian Cricket Council Annual General Meeting dhaka bcci response








English (US) ·