ഏഷ്യാകപ്പ് ടീം അടുത്തയാഴ്ച; സഞ്ജു ഉൾപ്പെടെ 5 പേരെ സിലക്ടർമാർ ‘തൊടില്ല’, ജയ്‌സ്വാളിനും രാഹുലിനും സായ് സുദർശനും ഇടം ലഭിച്ചേക്കില്ല!

5 months ago 5

മനോരമ ലേഖകൻ

Published: August 12, 2025 03:50 PM IST Updated: August 13, 2025 08:47 AM IST

1 minute Read

sanju-suryakumar-yadav
സഞ്ജു സാംസണും സൂര്യകുമാർ യാദവും (ഫയൽ ചിത്രം, X/@BCCI)

മുംബൈ∙ യുഎഇയിൽ അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. അജിത് അഗാർക്കർ അധ്യക്ഷനായ സിലക്ഷൻ കമ്മിറ്റി ഓഗസ്റ്റ് 19, 20 തീയതികളിലായി ടീമിനെ പ്രഖ്യാപിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷമാകും ടീം തിരഞ്ഞെടുപ്പ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ സ്ഥാനമുറപ്പിച്ചതായാണ് സൂചന. സഞ്ജുവിനു പുറമേ അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവരും ഉൾപ്പെടുന്ന ടോപ് ഓർഡറിൽ കൈവയ്ക്കാൻ സിലക്ടർമാർ തയാറാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

പരുക്കിൽനിന്ന് മോചിതനായി പരിശീലനം പുനരാരംഭിച്ച സൂര്യകുമാർ യാദവ് തന്നെ ക്യാപ്റ്റനാകാനാണ് സാധ്യതയെങ്കിലും, ഇംഗ്ലണ്ട് പര്യടനത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ശുഭ്‌മൻ ഗില്ലും പരിഗണനയിലുണ്ടെന്നാണ് വിവരം. പേസ് ബോളർ ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പിൽ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കിൽ ഒക്ടോബർ ആദ്യം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽനിന്ന് ബുമ്രയ്ക്ക് വിശ്രമം അനുവദിക്കും.

ചില അപ്രതീക്ഷിത തീരുമാനങ്ങൾ തള്ളിക്കളയാനാകില്ലെങ്കിലും, സൂര്യകുമാർ യാദവിനു കീഴിൽ മികച്ച പ്രകടനം നടത്തുന്ന ടീമിൽ കാര്യമായ അഴിച്ചുപണികൾക്ക് സിലക്ടർമാർ തയാറായേക്കില്ല. ഇതോടെ ഐപിഎലിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, പരിചയസമ്പന്നനായ കെ.എൽ. രാഹുൽ തുടങ്ങിയവർക്ക് ടീമിൽ ഇടം ലഭിച്ചേക്കില്ല.

‘‘അഭിഷേക് ശർമ നിലവിൽ ഐസിസി ബാറ്റർമാരിൽ ഒന്നാം റാങ്കുകാരനാണ്. കഴിഞ്ഞ സീസണിൽ വിക്കറ്റിനു മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങിയ താരമാണ് സഞ്ജു സാംസൺ. തകർപ്പൻ ഫോമിലുള്ള ശുഭ്മൻ ഗില്ലിനെയും അവഗണിക്കാനാകാത്തതിനാൽ, ടീം തിരഞ്ഞെടുപ്പ് സങ്കീർണമായിരിക്കും. ഐപിഎലിലും ഗില്ലിന്റെ പ്രകടനം മികച്ചതായിരുന്നല്ലോ. ടോപ് ഓർഡറിൽ മികവുറ്റ ഒട്ടേറെ താരങ്ങളുണ്ട് എന്നതാണ് സിലക്ടർമാർ നേരിടാൻ പോകുന്ന വെല്ലുവിളി’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടമുറപ്പിച്ചതോടെ, രണ്ടാം വിക്കറ്റ് കീപ്പർ ആരാകുമെന്ന ചോദ്യവും സജീവമായി. ജിതേഷ് ശർമയും ധ്രുവ് ജുറേലും തമ്മിലാണ് ഈ സ്ഥാനത്തേക്ക് മത്സരം. ഐപിഎലിൽ പുറത്തെടുത്ത മികച്ച പ്രകടനവും ഫിനിഷർ റോളിനു ചേരുന്ന താരമെന്ന ആനുകൂല്യവും ജിതേഷ് ശർമയ്‌ക്കുണ്ട്. ഇഷാൻ കിഷനെ പരിഗണിക്കാനും വിദൂര സാധ്യതയുണ്ട്. 

ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ സ്വാഭാവികമായും ടീമിൽ ഇടംപിടിക്കുമ്പോൾ, ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡി പുറത്തിരിക്കാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരെ തകർപ്പൻ തിരിച്ചുവരവു നടത്തിയ ശിവം ദുബെയും ടീമിൽ ഇടംപിടിച്ചേക്കും. സ്പിൻ ഓൾറൗണ്ടർമാരായി അക്ഷർ പട്ടേലും വാഷിങ്ടൻ സുന്ദറും എത്തും. സ്പെഷലിസ്റ്റ് സ്പിന്നർമാരായി വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർക്ക് ഇടം ഉറപ്പാണ്.

പേസ് ബോളിങ് വിഭാഗത്തിൽ ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ് എന്നിവർക്ക് ഇടം ഉറപ്പാണ്. മൂന്നാം സീമറായി ആരു വരുമെന്ന ചോദ്യവും സജീവമാണ്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 25 വിക്കറ്റെടുത്ത് കരുത്തു തെളിയിച്ച പ്രസിദ്ധ് കൃഷ്ണ, പരിശീലകനായ ഗൗതം ഗംഭീറിന്റെ അടുപ്പക്കാരൻ ഹർഷിത് റാണ എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. 

English Summary:

KL Rahul And Yashasvi Jaiswal Unlikely To Be Part Of Asia Cup 2025 Squad, says Report

Read Entire Article