ഏഷ്യാകപ്പ് ട്രോഫി ദുബായിലെ ഓഫിസിൽ ഇല്ല, ‘അജ്ഞാത കേന്ദ്രത്തിലേക്കു’ മാറ്റി മൊഹ്സിൻ നഖ്‍വിയുടെ നാടകം

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: October 24, 2025 08:25 PM IST

1 minute Read

 AP/PTI), മുഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ഫൈനലിനു ശേഷം ഗ്രൗണ്ടിൽ.(ചിത്രം: AP /PTI)
ഏഷ്യാകപ്പ് ട്രോഫിയുമായി എസിസി പ്രതിനിധികൾ.(ചിത്രം: AP/PTI), മുഹ്‌സിൻ നഖ്‌വി ഏഷ്യാ കപ്പ് ഫൈനലിനു ശേഷം ഗ്രൗണ്ടിൽ.(ചിത്രം: AP /PTI)

ദുബായ്∙ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഏഷ്യാകപ്പ് വിജയികൾക്കുള്ള ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനത്തുനിന്നു മാറ്റി എസിസി തലവൻ മൊഹ്സിൻ നഖ്‍വി. പാക്കിസ്ഥാൻ സർക്കാരിലെ മന്ത്രി കൂടിയായ നഖ്‍വി ഏഷ്യാകപ്പ് ട്രോഫി അബുദബിയിലേക്കാണു മാറ്റിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ ആഴ്ച ബിസിസിഐ പ്രതിനിധികൾ ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലെത്തിയിരുന്നു. എന്നാൽ ട്രോഫി അവിടെയില്ലെന്ന വിവരമാണ് അവർക്കു ലഭിച്ചത്.

ഇന്ത്യയ്ക്കു വേണമെങ്കിൽ ഏഷ്യാകപ്പ് ട്രോഫി എസിസി ഓഫിസിൽ എത്തി വാങ്ങാമെന്ന് നഖ്‍വി നേരത്തേ നിലപാടെടുത്തിരുന്നു. എത്രയും പെട്ടെന്ന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ മൊഹ്സിൻ നഖ്‌വിയ്ക്ക് കത്തയച്ചിരുന്നു. ഒരു ഇന്ത്യൻ താരത്തെ തന്റെ അടുത്തേക്ക് അയച്ചാൽ തന്നു വിടാമെന്നായിരുന്നു നഖ്‍വിയുടെ മറുപടി. ബിസിസിഐയ്ക്കു താൽപര്യമുണ്ടെങ്കിൽ ഇന്ത്യയിൽ സമ്മാനദാനച്ചടങ്ങ് സംഘടിപ്പിക്കാമെന്ന നിർദേശവും നഖ്‍വി മുന്നോട്ടുവച്ചു. വിഷയം അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഉന്നയിക്കാനാണ് ബിസിസിഐയുടെ തീരുമാനം.

ഏഷ്യാകപ്പ് വിജയികളായിട്ടും ട്രോഫി നൽകാത്തതിൽ പാക്കിസ്ഥാൻ മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയ്ക്കെതിരെ ഘട്ടംഘട്ടമായുള്ള നീക്കങ്ങളാണ് ബിസിസിഐ നടത്തുന്നത്. അതിന്റെ ഭാഗമായാണ് നഖ്‍വിയ്ക്ക് കത്തയച്ചത്. സെപ്റ്റംബർ 28ന് നടന്ന ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. വിജയിച്ച് ഒരു മാസത്തോളമായിട്ടും ട്രോഫി ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

പാക്കിസ്ഥാൻ മന്ത്രിയിൽനിന്ന് ഇന്ത്യൻ താരങ്ങൾ ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഫൈനലിനു ശേഷം ട്രോഫിയുമായി വേദി വിട്ട നഖ്‍വി അത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലേക്കു കൊണ്ടുപോകുകയായിരുന്നു. ഏഷ്യാകപ്പ് മത്സരങ്ങൾക്കിടെ പാക്ക് താരങ്ങളുമായി ഹസ്തദാനത്തിന് ഇന്ത്യ നിന്നിരുന്നില്ല.

English Summary:

Mohsin Naqvi's Shenanigans Continue! Moves Asia Cup Trophy Out Of ACC Office

Read Entire Article