12 August 2025, 03:52 PM IST

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ | Photo - AP
ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നില്‍ അടുത്ത ലക്ഷ്യം ഏഷ്യാ കപ്പാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കില്ലെന്ന് അറിയിച്ചതോടെ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു. പഹല്‍ഗാമിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ടൂര്‍ണമെന്റിനുണ്ട്. താരാധിക്യമുള്ള ഇന്ത്യന്‍ ടീമില്‍ ആരെയൊക്കെ ഉൾകൊള്ളണം ആരെയൊക്കെ തള്ളണം എന്ന പ്രതിസന്ധിയിലാണ് അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി. ഓഗസ്റ്റ് 19-നോ 20-നോ ടീമിനെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിടെ ടി20 ടീമംഗങ്ങളായ ഓപ്പണര്‍ അഭിഷേക് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ഒഴിവാക്കി ഒരു ടീം കെട്ടിപ്പടുക്കുന്നതില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് താത്പര്യമില്ലെന്നാണ് സൂചന. ഐസിസിയുടെ അവസാന ടി20 റാങ്കിങ് പ്രകാരം അഭിഷേക് ശര്‍മയാണ് ഒന്നാത്. അതിനാല്‍ അഭിഷേകിനെ ഒഴിവാക്കിയൊരു സ്‌ക്വാഡ് രൂപപ്പെടുത്താന്‍ സാധ്യതയില്ല.
കഴിഞ്ഞ സീസണില്‍ ബാറ്റുകൊണ്ടും ഗ്ലൗസുകൊണ്ടും കാണിച്ച മികവ് സഞ്ജു സാംസണും ഗുണം ചെയ്‌തേക്കും. ഇംഗ്ലണ്ട് പര്യടനത്തില്‍ ക്യാപ്റ്റനായും ബാറ്ററായും മികവ് തെളിയിച്ച ശുഭ്മാന്‍ ഗില്ലിനെ അവഗണിക്കാനും സാധ്യമല്ല. കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിരുന്നു. ടോപ് ഓര്‍ഡറിലെ ഈ താരാധിക്യം ടീം സെലക്ഷന്‍ പ്രക്രിയയില്‍ തലവേദന സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഇത് യശസ്വി ജയ്‌സ്വാളിന്റെയും സായ് സുദര്‍ശന്റെയും വഴിയടയ്ക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സഞ്ജു ആദ്യ ചോയ്‌സ് വിക്കറ്റ് കീപ്പറാകുമെന്ന് ഏറക്കുറെ ഉറപ്പിക്കാം. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലോ ജിതേഷ് ശര്‍മയോ വന്നേക്കും. കെഎൽ രാഹുലിനെ ഉൾപ്പെടുത്താൻ സാധ്യതയില്ല. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ വിക്കറ്റിന് പിന്നിലും മുന്നിലും മികച്ച പ്രതിഭ കാണിച്ചുകൊണ്ട് പങ്കാളിത്തം വഹിച്ച താരമാണ് ജിതേഷ് ശര്‍മ. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ഉറപ്പിക്കുമ്പോള്‍ ശിവം ദുബെ തിരിച്ചുവരാനുള്ള സാധ്യതയുമുണ്ട്. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും മറ്റു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍. സീം ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ടീമില്‍ ഉള്‍പ്പെടുമെന്നത് ഏറക്കുറെ ഉറപ്പിക്കാം. മൂന്നാമതൊരാളായി പ്രസിദ്ധ് കൃഷ്ണയോ ഹര്‍ഷിത് റാണയോ വന്നേക്കും.
Content Highlights: India's Asia Cup Squad Selection: Balancing Top-Order Talent and Seam Bowling Options








English (US) ·