Published: July 26 , 2025 07:17 PM IST
1 minute Read
ന്യൂഡൽഹി ∙ ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബറിൽ യുഎഇയിൽ നടക്കും. സെപ്റ്റംബർ ഒൻപതു മുതൽ 28 വരെ യുഎഇയിലാണ് ടൂർണമെന്റ്. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുവേള ഉപേക്ഷിച്ചേക്കുമെന്ന് കരുതിയ ടൂർണമെന്റിനാണ് പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം സെപ്റ്റംബർ 14ന് നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയാണ് ടൂർണമെന്റ് നടക്കുന്ന തീയതി പ്രഖ്യാപിച്ചത്.
മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ 10ന് യുഎഇയ്‌ക്കെതിരെയാണെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 14ന് നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനു ശേഷം അവസാന ഗ്രൂപ്പ് മത്സരത്തിൽ സെപ്റ്റംബർ 19ന് ഇന്ത്യ ഒമാനെ നേരിടും. ട്വന്റി20 ലോകകപ്പ് അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്നതിനു മുന്നോടിയായാണ് ഏഷ്യാ കപ്പ് ട്വന്റി20 ടൂർണമെന്റായി നടത്താൻ തീരുമാനിച്ചത്. സമ്പൂർണ മത്സരക്രമം പിന്നീടു പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
അബുദാബിയിലും ദുബായിലുമായാണ് മത്സരങ്ങൾ നടക്കുകയെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെ എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലാകെ 19 മത്സരങ്ങൾ ഉണ്ടാകും. കലാശപ്പോരാട്ടം സെപ്റ്റംബർ 28 ഞായറാഴ്ച നടക്കും. ടൂർണമെന്റിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. യുഎഇയും ഒമാനുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകളെന്നാണ് വിവരം. ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനിസ്ഥാനും ഉൾപ്പെടെയുള്ള ടീമുകൾ രണ്ടാമത്തെ ഗ്രൂപ്പിലാണ്. ഹോങ്കോങ്ങാണ് ഈ ഗ്രൂപ്പിലെ നാലാമത്തെ ടീം.
ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിന്റെ ആതിഥേയർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആണ്. ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങൾ ഇരുരാജ്യങ്ങളും അംഗീകരിച്ച ഹൈബ്രിഡ് മോഡൽ അനുസരിച്ച് 2027 വരെ നിഷ്പക്ഷ വേദിയിലാണു സംഘടിപ്പിക്കേണ്ടത്. ഇതുകൂടി പരിഗണിച്ചാണ് ഏഷ്യാകപ്പ് ടൂർണമെന്റ് ഒന്നാകെ യുഎഇയിലേക്കു മാറ്റാൻ ബിസിസിഐ തീരുമാനിച്ചത്.
English Summary:








English (US) ·