ഏഷ്യാകപ്പ്: ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന് ജയം

4 months ago 6

11 September 2025, 11:54 PM IST

asia cup

Photo: AFP

അബുദാബി: ചൂടുപിടിച്ചുകിടക്കുന്ന അബുദാബിയിൽ കൂളായൊരു ജയവുമായി ബംഗ്ലാദേശ്. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ബി ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശ് ഏഴുവിക്കറ്റിന് ഹോങ്‌ കോങ്ങിനെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹോങ്‌ കോങ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 17.4 ഓവറിൽ നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 39 പന്തിൽ 59 റൺസ് നേടിയ ലിട്ടൺ ദാസാണ് ബംഗ്ലാദേശിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്. 35 റൺസുമായി പുറത്താകാതെനിന്ന തൗഹീദ് ഹൃദോയിയും വിജയത്തിൽ പങ്കാളിയായി. നേരത്തേ 42 റൺസ് നേടിയ നിസാഖാത് ഖാനാണ് ഹോങ് കോങ്ങിന്റെ ടോപ് സ്കോററായത്. ബംഗ്ലാദേശിനായി ടസ്‌കിൻ അഹമ്മദും തൻസീം ഹസ്സനും റിഷാദ് ഹൊസൈനും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. സ്കോർ: ഹോങ് കോങ് 20 ഓവറിൽ 143/7. ബംഗ്ലാദേശ് 17.4 ഓവറിൽ 144/3. തുടർച്ചയായ രണ്ടാം പരാജയത്തോടെ ഹോങ്‌ കോങ് ടൂർണമെന്റിൽനിന്ന് ഏറക്കുറെ പുറത്തായി.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് പവർപ്ലേ തീരുംമുൻപ്‌ രണ്ടുവിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ലിട്ടൺ ദാസും തൗഹീദ് ഹൃദോയിയും ചേർന്നുനേടിയ 95 റൺസ് കൂട്ടുകെട്ട് അനായാസം വിജയത്തിലെത്താൻ സഹായകരമായി. 39 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് ലിട്ടൺ ദാസ് 59 റൺസ് നേടിയത്.

വിക്കറ്റ് കൈയിലുണ്ടായിരുന്നിട്ടും ട്വന്റി 20 ക്രിക്കറ്റിന്റെ വേഗതയിലേക്ക് കൂടുമാറാൻ മടിച്ചുനിന്നതാണ് ഹോങ്‌ കോങ് താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങാൻ കാരണം. 40 പന്തിൽ 42 റൺസെടുത്ത നിസാഖാത് ഖാനും 34 പന്തിൽ 30 റൺസെടുത്ത സീഷാൻ അലിയുമാണ് ഹോങ് കോങ്ങിന്റെ ടോപ് സ്കോറർമാർ.

ഇരുവരും കളിക്കാൻ എടുത്ത പന്തുകളുടെ എണ്ണം ഹോങ്‌ കോങ്ങിന്റെ ഇന്നിങ്‌സ് വേഗത്തെ ബാധിച്ചു. 19 പന്തിൽ 28 റൺസടിച്ച യാസിം മുർത്താസ മാത്രമാണ് ഹോങ്‌ കോങ്ങിനായി ട്വന്റി 20 സ്റ്റൈലിൽ ബാറ്റുവീശിയത്.

മെഹ്ദി ഹസനെയും തൻസിം ഹസനെയും സിക്സറടിച്ച മുർത്താസ സിംഗിളുകൾ ഓടിയെടുക്കുന്നതിലും മിടുക്ക് കാണിച്ചതോടെ ഹോങ്‌ കോങ്ങിന്റെ സ്കോർ ബോർഡ് ഉയർന്നു. ഒടുവിൽ 19 പന്തിൽ രണ്ട് വീതം ബൗണ്ടറിയും സിക്സറുമായി 28 റൺസ് നേടിയ മുർത്താസ നിർഭാഗ്യകരമായി റണ്ണൗട്ടായതോടെ ഹോങ്‌ കോങ്ങിന്റെ ശേഷിച്ച പ്രതീക്ഷയും അസ്ഥാനത്തായി. അവസാന മൂന്ന് വിക്കറ്റുകൾ ഒമ്പത് റൺസിനിടെയാണ് ഹോങ്‌ കോങ്ങിന് നഷ്ടമായത്.

Content Highlights: bangladesh wins against hong kong successful asia cup

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article