ഏഷ്യൻ അത്‌ലറ്റിക്സിന് ഇന്ന് ദക്ഷിണകൊറിയയിൽ തുടക്കം; ഇന്ത്യൻ സംഘത്തിൽ നീരജ് ചോപ്രയില്ല

7 months ago 11

asian athletics championships 2025

അബ്ദുള്ള അബൂബക്കർ, ആൻസി സോജൻ

ന്യൂഡൽഹി: ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച ദക്ഷിണകൊറിയയിലെ ഗുമിയിൽ തുടക്കം. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 59 അംഗ ഇന്ത്യൻ സംഘമാണ് പങ്കെടുക്കുന്നത്. മെഡൽപ്പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകചാമ്പ്യൻഷിപ്പിന് യോഗ്യതനേടാനുള്ള അവസരംകൂടിയാണ് ഏഷ്യൻ മീറ്റ്.

ജാവലിൻ ത്രോയിലെ ഒളിമ്പിക് ഇരട്ടമെഡൽ ജേതാവ് നീരജ് ചോപ്ര ഒഴികെയുള്ള മിക്ക പ്രമുഖതാരങ്ങളും ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സിൽ നീരജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണംനേടിയ പാകിസ്താന്റെ അർഷാദ് നദീം മീറ്റിനുണ്ട്. ഉയർന്നുവരുന്ന യുവതാരം സച്ചിൻ യാദവാണ് ജാവലിനിൽ ഇന്ത്യയുടെ പോരാട്ടം നയിക്കുന്നത്.

സ്റ്റീപ്പിൽ ചേസിലാണ് ഇന്ത്യക്ക് ഏറെ പ്രതീക്ഷയുള്ളത്. പുരുഷന്മാരിൽ ദേശീയറെക്കോഡുകാരൻ അവിനാഷ് സാബ്ലെ മികച്ചഫോമിലാണെന്നത് ശുഭസൂചനയാണ്. പ്രധാന എതിരാളി ജപ്പാന്റെ റിയുജി മിയുര മത്സരിക്കാനില്ലെന്നതും അവിനാഷിന് അനുകൂലഘടകമാണ്. വനിതകളിൽ നിലവിലെ ജേതാവായ പാരുൾ ചൗധരിയും ഇന്ത്യയുടെ ഉറച്ചപ്രതീക്ഷയാണ്. എന്നാൽ, ഒളിമ്പിക് ചാമ്പ്യൻ ബഹ്‌റൈന്റെ വിൻഫെഡ് യാവി പാരുളിന് കടുത്ത എതിരാളിയാവും. പുരുഷന്മാരുടെ 5000, 10000 മീറ്റർ ദീർഘദൂര ഓട്ടത്തിൽ മത്സരിക്കുന്ന ഗുൽവീർ സിങ്ങിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. സീസണിൽ ഏഷ്യയിലെ മികച്ച സമയംകുറിച്ച ഗുൽവീർ പ്രകടനം ആവർത്തിച്ചാൽ മെഡൽ ഉറപ്പാക്കാം.

ട്രിപ്പിൾ ജംപിൽ ദേശീയ റെക്കോഡുകാരൻ തമിഴ്‌നാടിന്റെ പ്രവീൺ ചിത്രവേലും മലയാളി താരം അബ്ദുള്ള അബൂബക്കറും ഇന്ത്യൻ പോരാട്ടം നയിക്കും. ഇരുവരും 17 മീറ്റർ പിന്നിടുന്നവരാണ്. കൊച്ചിയിലെ ഫെഡറേഷൻ കപ്പിൽ ചിത്രവേൽ 17.37 മീറ്ററിൽ തന്റെതന്നെ ദേശീയറെക്കോഡിന് ഒപ്പമെത്തിയിരുന്നു. വനിതാ ലോങ് ജംപിൽ സഹാലി സിങ്ങും മലയാളിയായ ആൻസി സോജനും മെഡൽപ്രതീക്ഷകളാണ്.

പരമ്പരാഗതമായി ഇന്ത്യയുടെ ശക്തിപ്രകടനം കാണാറുള്ള പുരുഷ, വനിതാ 4x400 മീറ്റർ റിലേ ടീമുകളും സ്വർണനേട്ടം ലക്ഷ്യമിടുന്നു. ഇത്തവണ പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിലും ഇന്ത്യ ശക്തമായ ടീമിനെയാണ് അണിനിരത്തുന്നത്.

ചൊവ്വാഴ്ച 20 കിലോമീറ്റർ നടത്തത്തിൽ സെർവിൻ സെബാസ്റ്റ്യനും അമിതും ഇന്ത്യക്കായി മത്സരിക്കും. വനിതകളുടെ ജാവലിനിൽ അന്നുറാണി പങ്കെടുക്കും. പുരുഷന്മാരുടെ 10,000 മീറ്ററിൽ ഗുൽവീർ സിങ്ങും സാവൻ ബർവാളും ട്രാക്കിലിറങ്ങും.

Content Highlights: asiatic athletics championships india medal hopes

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article