ന്യൂഡൽഹി∙ മൂന്നു തവണ ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവായിരുന്ന നീരജ് യാദവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഡൽഹിയിലെ വസതിയിലാണ് നീരജിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് വിവരം. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് കാരണം ഈ മാസമാദ്യം നടന്ന ഐച്ചി-നഗോയ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കാൻ നീരജ് യാദവിനു സാധിച്ചിരുന്നില്ല. ഇതെത്തുടർന്ന് താരം കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റി.
What you should work next
ഇന്ത്യൻ പാരാ അത്‌ലറ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകൻ എസ്.സത്യനാരായണ സംഭവം സ്ഥിരീകരിക്കുകയും, 2023 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിന് ശേഷം ഈ ഉത്തേജകമരുന്ന് കേസ് പുറത്തുവന്നത് മുതൽ താൻ നീരജുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പറഞ്ഞു. ‘‘നീരജ് ആത്മഹത്യ ചെയ്തതാണ്. സംഭവം തികച്ചും നിർഭാഗ്യകരമാണ്. എനിക്ക് അവനുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഉത്തേജകമരുന്ന് കേസിൽ അവന്റെ പേരു വന്നതിനുശേഷവും ഞാൻ അവനുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.’’ സത്യനാരായണ പിടിഐയോട് പറഞ്ഞു.
എഫ്55 വിഭാഗത്തിൽ മത്സരിച്ചിരുന്ന നീരജ്, നിരോധിത പദാർഥം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നാല് വർഷത്തെ വിലക്ക് നേരിടുകയായിരുന്നു. ഇതു മൂലം 2023 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ നേടിയ രണ്ടു സ്വർണ മെഡലുകളും (ജാവലിൻ, ഡിസ്കസ് ത്രോ) അതോടൊപ്പം ലഭിക്കേണ്ടിയിരുന്ന സർക്കാർ ധനസഹായവും ജോലിയും താരത്തിനു നഷ്ടമായിരുന്നു. ‘‘ഉത്തേജകമരുന്ന് പ്രശ്നത്തിന് ശേഷം അവൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. നാല് വർഷത്തെ വിലക്കാണ് അവൻ നേരിട്ടിരുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് അവൻ എന്നോട് സംസാരിക്കുകയും ഐച്ചി-നഗോയ ഏഷ്യൻ പാരാ ഗെയിംസിനായുള്ള സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. വിലക്കിന്റെ കാലാവധി ഇനിയും ഏതാനും മാസങ്ങൾ കൂടി ബാക്കിയുള്ളതിനാൽ അത് സാധ്യമല്ലെന്ന് ഞാൻ അവനോട് പറഞ്ഞു.’’– സത്യനാരായണ വ്യക്തമാക്കി.
യാദവിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ സത്യനാരായണ, ഇതിലേക്കു നയിച്ച കൃത്യമായ കാരണങ്ങൾ തനിക്കറിയില്ലെന്ന് പറഞ്ഞു. ‘‘കൃത്യമായ കാരണം എനിക്ക് ഊഹിക്കാൻ കഴിയില്ല, എങ്കിലും പല കാരണങ്ങളാൽ അവൻ കടുത്ത വിഷാദത്തിലായിരുന്നു. രണ്ടു സ്വർണ മെഡലുകൾ നഷ്ടമായതിന്റെ ആഘാതമായിരുന്നു ആദ്യത്തേത്, രണ്ടാമത്തേത് ലഭിക്കേണ്ടിയിരുന്ന വലിയ തുകയായ സമ്മാനത്തുകയായിരുന്നു, മൂന്നാമത്തേത് അവന്റെ ജോലി സാധ്യതകളും.’’– അദ്ദേഹം പറഞ്ഞു. ‘‘അവൻ തീർച്ചയായും വിഷം കഴിച്ചിട്ടുണ്ട്. എന്നാൽ കഴിച്ച പദാർഥം ഏതാണെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. പക്ഷേ 100 ശതമാനവും അവൻ വിഷം കഴിച്ചതാണ്... ശരീരത്തിന്റെ നിറത്തിലും ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടായിരുന്നു.’’– സത്യനാരായണ പറഞ്ഞു.
രണ്ട് ഏഷ്യൻ പാരാ ഗെയിംസുകളിൽ നിന്നായി നീരജ് മൂന്നു സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. 2018 ജക്കാർത്ത ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ താരം, 2023ൽ ഹാങ്‌ചോവിൽ ജാവലിൻ, ഡിസ്കസ് ത്രോ ഇനങ്ങളിലും സ്വർണം നേടി. എന്നാൽ ഹാങ്‌ഷൗവിലെ രണ്ടു മെഡലുകളും ഉത്തേജകമരുന്ന് കേസിനെ തുടർന്ന് പിന്നീട് നഷ്ടമായി. ഏഴാം വയസ്സിൽ പോളിയോ ബാധിച്ച് ശരീരം തളർന്ന നീരജ്, ആദ്യം വീൽചെയർ ടെന്നിസിലൂടെയാണ് കായികരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പാരാ അത്‌ലറ്റിക്സിലേക്ക് മാറുകയും രാജ്യാന്തര തലത്തിൽ മികച്ച താരമായി മാറുകയും ചെയ്തു. പാരാ അത്‌ലറ്റിക്സിൽ ഷോട്ട്പുട്ട്, ഡിസ്കസ്, ജാവലിൻ തുടങ്ങിയ ഇനങ്ങൾ ഇരുന്നുകൊണ്ട് മത്സരിക്കുന്ന കായികതാരങ്ങളുടെ വിഭാഗമാണ് എഫ്55.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary:






English (US) ·