Published: August 13, 2025 09:33 AM IST
1 minute Read
ഗുഡ്, ബാഡ് ആൻഡ് അഗ്ലി! – തമിഴ് നടൻ അജിത് കുമാറിന്റെ ഏറ്റവും ഒടുവിലിറങ്ങിയ സിനിമയുടെ പേര് ഇങ്ങനെയാണെങ്കിലും കാറോട്ട മത്സരത്തിൽ അദ്ദേഹത്തിന്റെ റേസിങ് സ്പിരിറ്റിന് എല്ലാവരും നൽകുന്നത് ‘വെരി ഗുഡ്’ റിവ്യൂ മാത്രം. ഹോബിയായി തുടങ്ങിയ കാറോട്ടം 2003ൽ പ്രഫഷനാക്കി മാറ്റി അജിത്. കഴിഞ്ഞ വർഷം ‘അജിത് കുമാർ റേസിങ്’ എന്ന ടീമിനും രൂപം നൽകി.
ആ ടീമിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്, ഫോർമുല വൺ കാറോട്ടമത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഡ്രൈവറായ നരെയ്ൻ കാർത്തികേയൻ! ഡ്രൈവർമാർ മാറിമാറി മത്സരിക്കുന്ന ഏഷ്യൻ ലീമാൻസ് സീരിസ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പതാക പതിപ്പിച്ച കാറിൽ ഒരുമിച്ച് മത്സരിക്കാൻ ഒരുങ്ങുകയാണ് നരെയ്നും അജിത്തും.
∙ ഏഷ്യൻ ലീമാൻസ് സീരീസ്
വേഗത്തിനൊപ്പം മണിക്കൂറുകളോളം പിഴവു വരുത്താതെ റേസ് ചെയ്യാനുള്ള ഡ്രൈവറുടെ കഴിവും വാഹനത്തിന്റെ സ്ഥിരതയും നിർണായകമാകുന്ന സ്പോർട്സ് കാർ എൻഡ്യൂറൻസ് സീരിസാണ് ഏഷ്യൻ ലീമാaൻസ്.
ഫോർമുല വൺ കാറോട്ട മത്സരങ്ങൾ ശരാശരി ഒന്നര മണിക്കൂർ മാത്രം നീളുമ്പോൾ ലീമാൻസ് റേസുകൾ 4 മണിക്കൂറിലധികം നീളും. 24 മണിക്കൂർ ദൈർഘ്യമുള്ള ഫ്രാൻസിലെ ലീമാൻസ് റേസിന്റെ ചെറിയ പതിപ്പാണ് ഏഷ്യൻ ലീമാൻസ് സീരിസ്.
ഇന്ധനവും ടയറുകളും മാറുന്നതിനൊപ്പം പിറ്റ് സ്റ്റോപ്പിൽ ഡ്രൈവർമാരും മാറും. മലേഷ്യ, ദുബായ്, അബുദാബി എന്നിവിടങ്ങളിലായി ഡിസംബറിലാണ് ഇത്തവണത്തെ മത്സരങ്ങൾ.
∙ ഇന്ത്യൻ എക്സ്പീരിയൻസ് !
ഏഷ്യൻ ലീമാൻസ് സീരിസിന് ഏറക്കുറെ സമാനമായ ജിടി4 യൂറോപ്യൻ സീരീസ്, 24എച്ച് യൂറോപ്യൻ സീരീസ് എന്നിവയിലാണ് നിലവിൽ അജിത് മത്സരിക്കുന്നത്. 2010ൽ ഫോർമുല 2 മത്സരങ്ങളിൽ പങ്കെടുത്ത അജിത് 15 കിലോ ശരീരഭാരം കുറച്ചാണ് എൻഡ്യൂറൻസ് മത്സരങ്ങൾക്ക് ഈ വർഷം തയാറെടുത്തത്.
ജിടി4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് ദി റേസ് അവാർഡ് ഈ സീസണിൽ നേടി. കോയമ്പത്തൂരിൽ ജനിച്ചു വളർന്ന നരെയ്ൻ 2005ലാണ് ഫോർമുല വണ്ണിൽ അരങ്ങേറ്റം കുറിച്ചത്. 2012ലെ ബ്രസീലിയൻ ഗ്രാൻപ്രിയിലാണ് നരെയ്ൻ ഒടുവിൽ പങ്കെടുത്തത്.
∙ ഒറേക്ക 07
ലീമാൻസ് റേസിങ്ങിനായി ഫ്രഞ്ച് കമ്പനി ഒറേക്ക നിർമിച്ച ഒറേക്ക 07 എന്ന കാറിലാകും അജിത്തും നരെയ്നും മത്സരിക്കുക. 2017ൽ നിർമിച്ച റേസ് കാറാണിത്. 34 തവണ വീതം ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പും ടീം ചാംപ്യൻഷിപ്പും നേടിക്കൊടുത്ത കാർ എന്ന സവിശേഷതയും ഒറേക്ക 07നുണ്ട്.
English Summary:








English (US) ·