മധ്യനിരയില്‍ നിന്ന് മണിയന്‍പിള്ള രാജു തുടക്കമിട്ട നീക്കം. കലാഭവന്‍ മണിയിലൂടെ, ബിജു മേനോനിലൂടെ മോഹന്‍ലാലിന്റെ ബൂട്ടിലെത്തിച്ചേരുന്നു അത്. ലാലിനുമുന്നില്‍ ഇനി ഗോള്‍വലയവും ഗോള്‍കീപ്പര്‍ മെഹബൂബും മാത്രം. ഇടംകാല്‍ കൊണ്ട് തൊടുക്കാനെന്ന 'വ്യാജേന' കീപ്പറെ കബളിപ്പിച്ചശേഷം വലംകാല്‍ കൊണ്ട് പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് നീട്ടിയടിക്കുന്നു മോഹന്‍ലാല്‍. അപകടം മണത്ത് ഡൈവ് ചെയ്ത മെഹബൂബിന്റെ വിരലുകളിലുരസി പന്ത് വലയിലേക്ക്. സൂപ്പര്‍താരങ്ങളുടെ ടീം ഒരു ഗോളിന് മുന്നില്‍.
ഭാഗ്യത്തിന്റെ അകമ്പടിയോടെയുള്ള ഗോളെന്നൊക്കെ പറയാം. എന്നാലും ഗോള്‍ ഗോള്‍ തന്നെ. പക്ഷേ, ഒരു പ്രശ്‌നം, മോഹന്‍ലാല്‍ സ്‌കോര്‍ ചെയ്താല്‍ മമ്മൂട്ടിക്ക് എങ്ങനെ കൈകെട്ടി കണ്ടുനില്‍ക്കാനാകും? കളി രണ്ടാം പകുതിയുടെ മധ്യഘട്ടത്തിലൂടെ മുന്നേറവേ, അതാ വരുന്നു മെഗാസ്റ്റാറിന്റെ ഗോള്‍. കലാഭവന്‍ മണി കൈമാറിയ പാസുമായി സ്റ്റോപ്പര്‍ബാക്കിനെ വെട്ടിച്ചു ബോക്‌സില്‍ കടന്ന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടുന്നു മമ്മൂട്ടി. ഗോള്‍ !
ഫൈനല്‍ റിസള്‍ട്ട്: സിനിമാക്കാരുടെ ടീം 4; ഐ.എം. വിജയന്റെ ടീം 3.
വിശ്വാസം വരുന്നില്ല. അല്ലേ? സത്യമാണ്. ഇനി ഇങ്ങനെയൊരു മാച്ച് റിപ്പോര്‍ട്ട് എഴുതാന്‍ ഭാഗ്യമുണ്ടാകുമോ എന്ന കാര്യത്തിലേയുള്ളൂ സംശയം. മലയാളസിനിമയിലെ വലിയവരും ചെറിയവരും ഇടത്തരക്കാരുമായ താരങ്ങളെ മുഴുവന്‍ അണിനിരത്തി ഒരു ഫുട്ബോള്‍ മത്സരം ഇനി സങ്കല്പിക്കാനാകുമോ? തുടക്കംമുതല്‍ ഐ.എം. വിജയനൊപ്പം ആ 'സ്വപ്നപദ്ധതി'യുടെ ഭാഗമാകാന്‍ കഴിഞ്ഞെന്നത് കളിയെഴുത്തു ജീവിതം കനിഞ്ഞുനല്‍കിയ സൗഭാഗ്യങ്ങളിലൊന്ന്.
.jpg?$p=072c8af&w=852&q=0.8)
തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കാല്‍നൂറ്റാണ്ടു മുന്‍പ് അരങ്ങേറിയ ആ 'താരയുദ്ധ'ത്തില്‍ സൂപ്പര്‍ സ്റ്റാര്‍സ് ടീമിനുവേണ്ടി ജേഴ്‌സിയും ബൂട്ടുമണിഞ്ഞിറങ്ങിയവരുടെ നിരയിലൂടെയൊന്ന് കണ്ണോടിക്കുക: മുകേഷ്, ശ്രീനിവാസന്‍, ഇന്നസെന്റ്, മാമുക്കോയ, ജഗദീഷ്, സിദ്ദിക്ക്, ബൈജു, ലാല്‍, ഹരിശ്രീ അശോകന്‍, സുധീഷ്, ശ്രീരാമന്‍, അഗസ്റ്റിന്‍, ഇടവേള ബാബു, തമ്പി കണ്ണന്താനം, കുഞ്ചന്‍, കൊച്ചിന്‍ ഹനീഫ, സാദിഖ്, വിജയ് യേശുദാസ്, ദിനേശ് നായര്‍... കോച്ച്: ഷാജി കൈലാസ്. മാനേജര്‍: രഞ്ജിത്ത്. വിജയന്‍സ് ഇലവനില്‍ വിജയനുപുറമേ, പാപ്പച്ചന്‍, സേവ്യര്‍ പയസ്. കുരികേശ് മാത്യു, ഷറഫലി, മാര്‍ട്ടിന്‍ സി. മാത്യു, സുരേഷ് ബാബു, ഡോ. ബഷീര്‍, തോമസ്, മെഹബൂബ് തുടങ്ങിയ പടക്കുതിരകള്‍. സ്റ്റാര്‍സ് ടീമിന്റെ പത്താം നമ്പര്‍ ജേഴ്‌സി മോഹന്‍ലാലിനെങ്കില്‍, വിജയന്‍ ഇലവന്റേത് ഇന്റര്‍നാഷണല്‍ സേവ്യര്‍ പയസ്സിന്. ആന്ദലബ്ധിക്കിനിയെന്തു വേണം ?
കളിക്കളത്തിലെ മറക്കാനാവാത്ത ആ താരസംഗമത്തിന്റെ 'കിക്കോഫ്' ഒരൊറ്റ ഫോണ്‍വിളിയില്‍ നിന്നായിരുന്നു എന്നോര്‍ക്കുമ്പോള്‍ അദ്ഭുതം.
സന്തോഷ് ട്രോഫി മത്സരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ചെന്നതായിരുന്നു തൃശ്ശൂരില്‍. ആ ദിവസങ്ങളിലൊന്നില്‍, താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ വന്നു കണ്ടപ്പോഴാണ് വിജയന്‍ തന്റെ ചിരകാല മോഹം പങ്കുവെച്ചത്: 'ഒരു ഫുട്ബോള്‍ അക്കാദമി തുടങ്ങണമെന്നുണ്ട്. എന്റെ മാത്രമല്ല, പലരുടേയും ആഗ്രഹമാണ്. കളിയോട് വിടവാങ്ങിയശേഷം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കാമല്ലോ.'
നല്ല കാര്യം. പക്ഷേ, പണച്ചെലവുള്ള ഏര്‍പ്പാടാണ്. ആദ്യം ഒരു ഫൗണ്ടേഷന് രൂപം നല്‍കിയശേഷം അതിനുകീഴില്‍ അക്കാദമിക്ക് തുടക്കമിടുക എന്നതായിരുന്നു ആശയം. കളിച്ചുകിട്ടുന്ന വരുമാനംകൊണ്ടുമാത്രം അങ്ങനെയൊരു ദൗത്യം ഏറ്റെടുത്തു വിജയിപ്പിക്കുക അസാധ്യം. 'ഫണ്ട് സ്വരൂപിക്കാന്‍ സിനിമാതാരങ്ങളുടെ ഒരു എക്‌സിബിഷന്‍ മാച്ച് സംഘടിപ്പിച്ചാലോ എന്നൊരു ചിന്ത. നടക്കുമോ എന്നറിയില്ല...' -വിജയന്‍ പറഞ്ഞു.
ആശയം ഉഗ്രന്‍. അതുവരെ പരീക്ഷിക്കാത്ത ഒന്ന്. നടക്കുന്ന കാര്യമാണ് സംശയം. നിമിഷങ്ങള്‍ക്ക് പൊന്നുംവിലയുള്ള ചലച്ചിത്രതാരങ്ങളെ ഒന്നൊന്നര മണിക്കൂര്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തളച്ചിടുകയെന്നാല്‍ ചില്ലറക്കാര്യമല്ല. ക്രിക്കറ്റ് ആണെങ്കില്‍ അധികം വിയര്‍പ്പൊഴുക്കാതെ കളിച്ച് ഒപ്പിക്കാം. ഇടയ്ക്ക് വിശ്രമിക്കാന്‍ സമയവും കിട്ടും. ഫുട്ബോളിന്റെ കാര്യം അതല്ല. അത്യാവശ്യം ഓടിക്കളിച്ചേ പറ്റൂ. നന്നായി വിയര്‍ക്കേണ്ടിവരും. എളുപ്പം പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ സിനിമാനടന്മാര്‍ അതിന് തയ്യാറാകുമോ? ചെറിയൊരു ജലദോഷം വന്നാല്‍പ്പോലും ടെന്‍ഷനടിക്കുന്ന ആളുകളാകുമ്പോള്‍ പ്രത്യേകിച്ചും.
പ്രദര്‍ശനമത്സരം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ തുടങ്ങിവെച്ചിരുന്നു വിജയന്‍. പ്രതികരണങ്ങള്‍ ഒട്ടും ആശാവഹമായിരുന്നില്ല എന്ന് മാത്രം. സുഹൃത്തുക്കളുമൊത്ത് ചില ഷൂട്ടിങ് ലൊക്കേഷനുകളിലൊക്കെ കറങ്ങിയെങ്കിലും ചെറുകിട താരങ്ങളെപ്പോലും നേരില്‍ കാണാന്‍ കിട്ടുന്നത് അപൂര്‍വം. വിജയന് നേരിട്ടറിയുന്ന കുറച്ചുപേരേയുള്ളൂ അന്ന് സിനിമാലോകത്ത്. അവരില്‍ ചിലരെ ചെന്നുകാണാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കാത്തിരുന്നു മടുത്ത് സ്ഥലംവിടേണ്ടിവന്ന സന്ദര്‍ഭങ്ങള്‍ വരെയുണ്ട്. സിനിമയുടെ ലോകമല്ലേ?
.jpg?$p=e480c1c&w=852&q=0.8)
വിജയന്റെ അനുഭവകഥനം കേട്ടപ്പോള്‍ പതിവു പല്ലവി ആവര്‍ത്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എനിക്ക്: 'സ്വന്തം വില അറിയാതെ പെരുമാറരുത് വിജയാ. അവരൊക്കെ മലയാളസിനിമയുടെ 'ഠ' വട്ടത്തില്‍ കിടന്നു കറങ്ങുന്നവര്‍. വിജയന്റെ തട്ടകം ഇന്ത്യയാണ്. നാഷണല്‍ സെലിബ്രിറ്റി ആണ് നീ. ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവിവരെ വഹിച്ചയാള്‍. അത് മറക്കരുത്. ഇവരെയൊന്നും കാത്തിരിക്കേണ്ട ഗതികേടില്ല നിനക്ക്'
എല്ലാം കേട്ട് പതിവുപോലെ എന്റെ മുഖത്തു നോക്കി നിഷ്‌കളങ്കമായി ചിരിച്ചു വിജയന്‍. 'അത് അവര്‍കൂടി മനസ്സിലാക്കണ്ടേ രവിയേട്ടാ' എന്നൊരു തമാശച്ചോദ്യവും. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല ഞങ്ങള്‍. രണ്ടാംനിരയോ മൂന്നാംനിരയോ ആയ കുറച്ചു സിനിമാക്കാരെയെങ്കിലും മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. പോലീസിന്റെ ഇന്റര്‍നാഷണല്‍ കളിക്കാര്‍കൂടി ചേര്‍ന്നാല്‍ പേരിനെങ്കിലും ഒരു സെലിബ്രിറ്റി ഗെയിം ആകുമല്ലോ. പക്ഷേ, അങ്ങനെയൊരു തട്ടിക്കൂട്ട് മത്സരം കാണാന്‍ ആളെത്തുമോ എന്ന ചോദ്യം ബാക്കി.
ഒരു ഐഡിയ മനസ്സിലുദിച്ചത് ആ നിമിഷമാണ്. 'നമുക്കൊരാളെ വിളിച്ചുനോക്കാം. അയാള്‍ വിചാരിച്ചാലേ തത്കാലം മലയാളസിനിമയില്‍ എന്തെങ്കിലും നടക്കൂ. വിരോധമുണ്ടോ ?' -എന്റെ ചോദ്യം. ഈഗോയുടെ ലാഞ്ഛനപോലും പെരുമാറ്റത്തില്‍ കാണിക്കാത്ത വിജയന്‍ ചിരിച്ചു: 'ങ്ങള് വിളിക്ക് രവിയേട്ടാ. നമ്മക്കെന്ത് വിരോധം ?'
വിളിച്ചത് രഞ്ജിത്തിനെ. അന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്താണ് രഞ്ജിത്ത്. ലാലിന്റെ 'നരസിഹം' രഞ്ജിയുടെ സംഭാഷണങ്ങളുമായി തിയേറ്ററില്‍ തകര്‍ത്തോടുന്നു. മമ്മൂട്ടിയുടെ 'വല്യേട്ടന്‍' വരാനിരിക്കുന്നു. കോഴിക്കോട്ടെ മുല്ലശ്ശേരി രാജുവേട്ടന്റെ സംഗീത സദസ്സുകളില്‍ സ്ഥിരക്കാരനായ രഞ്ജിയെ വര്‍ഷങ്ങള്‍ക്കുമുന്‍പേ അറിയാം. അടുത്ത സൗഹൃദവുമുണ്ട്. വിളിച്ചു കാര്യംപറഞ്ഞപ്പോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ നിമിഷങ്ങളുടെ മൗനം. മൗനത്തിനൊടുവില്‍ ഉറച്ച ശബ്ദത്തില്‍ മറുപടി: 'പിന്നെന്താ. നമുക്ക് നടത്തിക്കളയാം. വിജയന്റെ ഒരാവശ്യമല്ലേ?'
അദ്ഭുതം. കിക്കോഫില്‍നിന്നുതന്നെ ഗോള്‍ വീഴുമെന്ന് സങ്കല്‍പിച്ചിട്ടില്ലല്ലോ ഞങ്ങള്‍. അടുത്ത ഗോള്‍ അതിലും കേമം: 'നമുക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഗ്രൗണ്ടിലിറക്കിയാലോ?' -വിജയനെയും എന്നെയും ഞെട്ടിച്ചുകൊണ്ട് രഞ്ജിയുടെ ചോദ്യം. തമാശയാണോ എന്ന് സംശയിച്ചു ആദ്യം. എന്നാല്‍, അങ്ങേയറ്റം സീരിയസ് ആയിരുന്നു രഞ്ജിത്ത്. 'ഒരു കാര്യം ചെയ്യാം. ആദ്യം ലാലിനെ വിളിച്ചുനോക്കാം. ലാല്‍ സമ്മതിച്ചുകിട്ടിയാല്‍ മമ്മൂട്ടിയുടെ കാര്യം ഉറപ്പ്. ബാക്കി നടന്മാരെല്ലാം പിറകെ വന്നോളും. രണ്ടു സൂപ്പര്‍സ്റ്റാഴ്‌സിന്റെകൂടെ പന്തു കളിക്കാന്‍ ആരാ മോഹിക്കാത്തത് ?'
.jpg?$p=a94f560&w=852&q=0.8)
അവിശ്വസനീയതയായിരുന്നു ഞങ്ങള്‍ക്ക്. ഫോണ്‍ വെച്ച ശേഷവും അദ്ഭുതം കെട്ടടങ്ങിയില്ല. ഏതോ സ്വപ്നലോകത്ത് എത്തിപ്പെട്ട പ്രതീതി. 'രവിയേട്ടാ, ഇത് വല്ലതും നടക്കുമോ? ലാലേട്ടനും മമ്മുക്കയുമൊക്കെ നമുക്കുവേണ്ടി കളിക്കുക എന്ന് വെച്ചാല്‍...' -എന്റെ കൈകളില്‍ പിടിച്ചമര്‍ത്തി ആകാംക്ഷയോടെ വിജയന്‍ ചോദിക്കുന്നു. 'നടക്കാനാണ് സാധ്യത. രഞ്ജി അങ്ങനെ വെറുംവാക്ക് പറയുന്ന ആളല്ല. എന്തായാലും ഇപ്പോള്‍ ഇതാരോടും പറയേണ്ട. കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയ ശേഷം മതി...' വിജയന് സമ്മതം.
പിന്നീട് നടന്നതെല്ലാം സ്വപ്നതുല്യമായ സംഭവങ്ങള്‍. രഞ്ജിത്തിന്റെ പ്രേരണയില്‍ മോഹന്‍ലാല്‍ പന്തുകളിക്കാന്‍ തയ്യാറാകുന്നു; പിന്നാലെ, മമ്മൂട്ടിയും. തീര്‍ന്നില്ല. സുരേഷ് ഗോപിയും ജയറാമും ഒഴികെ മലയാളത്തിലെ മിക്കതാരങ്ങളും വിജയനുവേണ്ടി ബൂട്ടുകെട്ടി കളിക്കളത്തിലിറങ്ങാന്‍ തയ്യാര്‍. ഒരു സാധാരണ ബെനിഫിറ്റ് മത്സരം ഒരൊറ്റ ഫോണ്‍കോളിലൂടെ താരോത്സവമായി മാറുകയായിരുന്നു. കളിനടത്തിപ്പിന്റെ ചുമതല ഏറ്റെടുത്ത വിജയന്റെ സുഹൃത്ത് രാജേഷ് നായരുടെ സംഘാടകമികവുകൂടി ചേര്‍ന്നപ്പോള്‍ മറക്കാനാവാത്ത ഒരു സന്ധ്യയായി മാറി ആ കൂടിച്ചേരല്‍.
ഇടയ്‌ക്കൊരു നാള്‍ ഹോട്ടല്‍മുറിയില്‍ കാണാന്‍ വന്നപ്പോള്‍ പ്രിയഗായകന്‍ ജയചന്ദ്രന്റെ ചോദ്യം: 'ങ്ങളെല്ലാരുംകൂടി വിജയനുവേണ്ടി എന്തോ ഫുട്ബോള്‍ മാച്ച് നടത്തുന്നുണ്ട് ന്ന് കേട്ടല്ലോ? ന്താ മ്മളൊന്നും വേണ്ടേ? ഒന്നൂംല്ല്യെങ്കി നമ്മളൊക്കെ തൃശ്ശൂക്കാരല്ലേ?' ജയേട്ടന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഭയമുണ്ടായിരുന്നതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്ന് വിജയന്‍. 'അതെന്താ, ഞാന്‍ പിടിച്ചുതിന്നുമോ?' എന്ന് ചിരിയോടെ ഗായകന്‍. സൗഹൃദമത്സരത്തിന്റെ ഇടവേളയില്‍ മൈതാനത്തിന്റെ ടച്ച് ലൈനില്‍ നിന്നുകൊണ്ട് നിറഞ്ഞ ഗാലറിയുടെ ആരവം ഏറ്റുവാങ്ങി ഭാവഗായകന്‍ പാടിയ 'പ്രായം നമ്മില്‍ മോഹം നല്‍കി...' ഇതാ ഈ നിമിഷവും കാതില്‍ അലയടിക്കുന്നു. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍.
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം മഹാരാഷ്ട്രയോട് ഒരൊറ്റ ഗോളിന് പൊരുതിത്തോറ്റ് നാലുദിവസത്തിനകം, 2000 ഏപ്രില്‍ 27-നായിരുന്നു അതേ വേദിയില്‍ താരങ്ങളുടെ സൗഹൃദമത്സരം. ഫ്‌ളഡ്ലിറ്റില്‍ അരങ്ങേറിയ മത്സരത്തില്‍ സ്‌കോറിങ് തുടങ്ങിവെച്ചത് മോഹന്‍ലാല്‍. ഇടവേള കഴിഞ്ഞായിരുന്നു ആദ്യഗോള്‍. അധികം വൈകാതെ ഭീമന്‍ രഘുവിലൂടെ സൂപ്പര്‍ സ്റ്റാഴ്സ് ഇലവന്‍ വീണ്ടും ഗോളടിക്കുന്നു. വിജയന്‍ ഇലവനുവേണ്ടി വി.പി. ഷാജി ഒരു ഗോള്‍ മടക്കിയെങ്കിലും മമ്മൂട്ടിയിലൂടെ സ്റ്റാഴ്‌സ് വീണ്ടും മുന്നില്‍. (3-1). വിജയനും ഷറഫലിയും തുടരെത്തുടരെ സ്‌കോര്‍ ചെയ്തതോടെ സ്‌കോര്‍നില തുല്യം. എന്നാല്‍, അവസാന നിമിഷങ്ങളില്‍ വീണ, ഭീമന്‍ രഘുവിന്റെ ഗോള്‍ ക്ലൈമാക്‌സ് വീണ്ടും തിരുത്തി. 4-3 ന് ജയം മമ്മൂട്ടി-മോഹന്‍ലാല്‍ ഇലവന്.
'ആര് ജയിച്ചു, തോറ്റു എന്നതൊന്നും പ്രസക്തമായിരുന്നില്ല. മമ്മുക്കയും ലാലേട്ടനുമൊക്കെ നമുക്കുവേണ്ടി കളിക്കാനിറങ്ങി എന്നതായിരുന്നു പ്രധാനം. ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത നിമിഷങ്ങള്‍' -ഔദ്യോഗിക ചുമതലകളില്‍നിന്ന് വിരമിച്ചശേഷം ഫുട്ബോളിലെ പുതുതലമുറയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്ന വിജയന്റെ ആത്മഗതം.
ആ ചരിത്രമത്സരത്തിന്റെ ഭാഗമായവര്‍ പലരും ഓര്‍മ്മയാണിന്ന്: കലാഭവന്‍ മണി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, അഗസ്റ്റിന്‍, തമ്പി കണ്ണന്താനം... മത്സരത്തിന്റെ ഇടവേളയില്‍ പാട്ടുപാടി ഗാലറികളെ നൃത്തം ചെയ്യിച്ച ഭാവഗായകന്‍ ജയചന്ദ്രനും യാത്രയായി. അന്തരീക്ഷത്തില്‍ അലയടിക്കുന്ന പാട്ടിന്റെ ശീലുകള്‍ക്ക് മാത്രമില്ല മരണം: 'പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി, പ്രേമം നെഞ്ചില്‍ രാഗം നല്‍കി, രാഗം ചുണ്ടില്‍ ഗാനം നല്‍കി...'








English (US) ·