മുജീബുര്‍റഹ്മാന്‍ കരിയാടന്‍
മുറുകിയ ഒന്നാം പകുതി, ആരാധകര്‍ക്കു കൂടി വേണ്ടി തയ്യാറാക്കിയ രണ്ടാം പകുതി, അതോടൊപ്പം കുടുംബ പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറാനൊരു കഥയും- ഇവ മൂന്നും ചേരുമ്പോള്‍ ഐ നോബഡിയാകും. അതെ, നിസ്സാരനും അപ്രധാനിയും ഒന്നുമല്ലാത്തവനും സാധാരണക്കാരനുമൊക്കെയായ ഞാന്‍. ഞാന്‍, വെറും സാധാരണക്കാരന്‍!
വ്യത്യസ്ത പ്രമേയങ്ങള്‍ കണ്ടെത്താനുള്ള മലയാള സിനിമയുടെ അന്വേഷണത്വരയാണ് ഐ നോബഡി പോലൊരു സിനിമയുടെ പിന്നിലുമുള്ളത്. ഒരിക്കലും ആലോചിച്ചിട്ടില്ലാത്തൊരു പ്രമേയം എന്നുതന്നെ പറയാം. ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവ വികാസങ്ങളും അതിലുള്‍പ്പെടാത്ത ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതത്തില്‍ അതുണ്ടാക്കുന്ന വലിയ മാറ്റങ്ങളുമൊക്കെയായി മുമ്പോട്ടു പോകുന്നതാണ് ഈ ചിത്രം. എന്നാല്‍ കഥയുടെ വളവുകളിലും തിരിവുകളിലുമൊക്കെ അതിബുദ്ധിയോ വളഞ്ഞ ബുദ്ധിയോ ഉള്ളവരെ കൂടി പ്രതിഷ്ഠിച്ചിരിക്കുന്നു. തിരക്കഥാകൃത്തിന്റെ 'കണ്ണിംഗ് മൂവ്‌മെന്റ്' ഈ ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
കെട്ട്യോളാണ് എന്റെ മാലാഖയും റോഷാക്കും അവതരിപ്പിച്ച് തന്റെ സംവിധായകനെന്ന മികവും കഥ പറഞ്ഞവതരിപ്പിക്കാനുള്ള കഴിവും പ്രകടിപ്പിച്ച നിസാം ബഷീര്‍ ഐ നോബഡിയിലും ആ പ്രതീക്ഷ തെറ്റിക്കുന്നില്ല. രണ്ടേ മുക്കാല്‍ മണിക്കൂറിലേറെ നീളമുള്ള സിനിമയെ കുറച്ചുകൂടി വെട്ടിയൊതുക്കി രണ്ടര മണിക്കൂറില്‍ താഴെയാക്കിയിരുന്നുവെങ്കില്‍ മൊത്തത്തിലൊരു മുറുക്കം അനുഭവിപ്പിക്കാന്‍ കഴിയുമായിരുന്നു. നേരിയൊരു 'വലിവ്' പ്രേക്ഷകരില്‍ തോന്നിക്കുമായിരുന്നില്ല.
പൃഥ്വിരാജിന്റെ കഥാപാത്രം രാജീവിന്റെ സ്വഭാവത്തെ പിന്നേയും പിന്നേയും ഉറപ്പിച്ചു നിര്‍ത്താന്‍ ഉതകുന്ന പല രംഗങ്ങള്‍ വെട്ടിയൊതുക്കിയിരുന്നുവെങ്കില്‍ തന്നെ ചലച്ചിത്രത്തിന്റെ ദൈര്‍ഘ്യത്തില്‍ കുറവു വരുത്താമായിരുന്നു.
ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് തിരക്കഥാകൃത്ത് സിനിമയെ കൊണ്ടുപോകുന്നത്. ഒരുപക്ഷേ, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും പുകവലിയുടെ ദൂഷ്യങ്ങളെ കുറിച്ചുള്ള അവബോധവും കഴിഞ്ഞാല്‍ വ്യത്യസ്ത രീതിയിലാണ് സിനിമ ആരംഭിക്കുന്നത്. പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് കാണിക്കുമ്പോള്‍ സൗണ്ട് ട്രാക്ക് മാറിപ്പോയോ എന്നു സംശയിക്കുന്ന തരത്തില്‍ വരെ സിനിമയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. മാത്രമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ നിയമ ലംഘനമാണെന്നാണ് പൊതുവെ എഴുതിക്കാണിക്കാറെങ്കില്‍ ഈ ചിത്രത്തില്‍ പുരുഷന്മാര്‍ക്കെതിരെയുള്ള അതിക്രമവും നിയമ ലംഘനമാണെന്ന അവബോധം നല്‍കുന്നുണ്ട്!
എത്ര കണക്കു കൂട്ടിയാലും ജീവിതത്തിലെ ഓരോ കാര്യങ്ങളും സംഭവിക്കുന്നത് മറ്റാരുടെയോ രചനയ്ക്ക് അനുസരിച്ചാണെന്ന തിരിച്ചറിവുണ്ടാകും. പ്രകൃതിയിലെ ഭക്ഷ്യ ചാക്രികം പോലെ, പുല്‍ച്ചാടി പുല്ലിനേയും തവള പുല്‍ച്ചാടിയേയും പാമ്പ് തവളയേയും പരുന്ത് പാമ്പിനേയും ഒടുവില്‍ പരുന്ത് പുല്ലിനും ഭക്ഷണമാകുന്നതുപോലെ ജീവിതത്തിനുമൊരു ചാക്രികമുണ്ട്. നിന്നെ 'തിന്നുന്നവന്റെ' തല ആദ്യം തിന്നാല്‍ ഈ ചാക്രികം പൊളിച്ചടുക്കാം. അവിടെയാണ് ഒന്നും ചെയ്യാനാവാത്ത നോബഡിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവുന്നത്.
രാജീവനായി പൃഥ്വിരാജ് മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ അനസ് റഹ്മാനായി ഹക്കീം ഷായും മുഴുനീളം മികവ് പ്രകടമാക്കിയിട്ടുണ്ട്. ഇവരോടൊപ്പം എടുത്തു പറയേണ്ട പേരാണ് അശോകന്‍ അവതരിപ്പിച്ച ജേക്കബ്. ഇത്രയും നാള്‍ മലയാള സിനിമ കണ്ട അശോകനല്ല ഐ, നോബഡിയിലെ ജേക്കബ്. അയാള്‍ വെറും സാധാരണക്കാരന്‍ മാത്രമല്ല, അതിനപ്പുറത്തെ നിസ്സഹായന്‍ കൂടിയാണ്. ചെറിയ സമയം മാത്രമേ സ്‌ക്രീനിലുള്ളുവെങ്കിലും ഇര്‍ഷാദ് അലിയുടെ ഡി ജി പി വേഷം കനപ്പെട്ടതായിട്ടുണ്ട്. കഥാപാത്രത്തിന്റെയോ സംഭാഷണത്തിന്റെയോ മികവ് എന്നതിനേക്കാള്‍ ഇര്‍ഷാദ് അലിയുടെ ശരീരഘടനയുമായി വളരെയധികം ആ കഥാപാത്രം താദാമ്യം പ്രാപിക്കുന്നുണ്ടെന്നതാണ് ആ മികവിന് കാരണമാകുന്നത്.
ഐ, നോബഡി പുറമേ ഒരു കഥ പറഞ്ഞാണ് പോകുന്നതെങ്കിലും ക്ലൈമാക്‌സിലെത്തുമ്പോള്‍ കഥയുടെ രീതിയും സ്വഭാവവും തീര്‍ത്തും മാറിപ്പോകുന്നുണ്ട്. സിനിമയുടെ അന്തര്‍ധാരയായി കുടുംബമുണ്ടെങ്കിലും പുറമേ പരുക്കന്‍ കഥയാണ് പറഞ്ഞുവെക്കുന്നത്. എന്തുകൊണ്ടിങ്ങനെ പരുക്കനായി എന്ന ചോദ്യത്തിന് സ്വഭാവവിശേഷം എന്നതിനപ്പുറത്തേക്കൊന്നും പറയാനുമില്ല. ഈ കഥാപാത്രത്തിന് വേണ്ടിയായിരിക്കില്ലെങ്കിലും ഒരു സാധാരണക്കാരന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും പൃഥ്വിരാജിന്റെ ശരീരഘടനയേയും മാറ്റിയിട്ടുണ്ട്.
വിജയരാഘവന്‍ മുഖ്യമന്ത്രിയും നന്ദു മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ ഉന്നത രാഷ്ട്രീയക്കാരനും മനോജ് കെ യു പ്രതിപക്ഷ നേതാവുമൊക്കെയായി വരുന്ന സിനിമ രാഷ്ട്രീയക്കാരുടെ കുറുക്കു ബുദ്ധിയും എളുപ്പത്തിലും രസകരമായും കാണിച്ചു തരുന്നു. ഒരാള്‍ നെഗറ്റീവാകാനും പോസിറ്റീവാകാനും മാധ്യമ ശ്രദ്ധയൊന്നുമതി എന്നതുപോലെ ഒരാളെ ഉണ്ടാക്കാനെന്ന അവഗണിക്കാനും അതേ ശ്രദ്ധ മാറ്റിയാല്‍ മതിയെന്ന ഗുണപാഠവുമുണ്ട്. ആരുമല്ലാത്ത അയാള്‍ പിന്നേയും ആരുമല്ലാതാകുമെന്ന് ചുരുക്കം. പിന്നേയും അയാള്‍ക്ക് പറയാം ഐ, നോബഡി.
ജേക്‌സ് ബിജോയിയുടെ സംഗീതം സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. മലയാളത്തിലുള്ള ഒരു പാട്ട് വളരെ അര്‍ഥവത്തായ വരികളിലാണ് പണിതുവെച്ചിരിക്കുന്നത്.
റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുലാണ് ഐ, നോബഡിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഐ നോബഡി റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ്.
വാനിക്ക് ബെന്‍, കലൈ കിംഗ്‌സ്റ്റണ്‍, അമിത് ജോളി ബാസ്റ്റിന്‍ എന്നിവരാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. സംഘട്ടന രംഗങ്ങള്‍, ശരിക്കും അടിച്ചിടുകയാണെന്ന് അനുഭവിപ്പിക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്.
ദിനേശ് പുരുഷോത്തമന്റേതാണ് ക്യാമറ. കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ക്യാമറ ആംഗിളുകളെ ചിലയിടങ്ങളില്‍ അര്‍ഥവത്തായി മാറ്റിപ്പിടിക്കുന്നുണ്ട്. റമീസ് എം ബിയാണ് സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
എന്ന് നിന്റെ മൊയ്തീന്‍, കൂടെ എന്നീ സിനിമകള്‍ക്കു ശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഒന്നിച്ച ചിത്രം കൂടിയാണ് ഐ നോബഡി. പാര്‍വതി പതിവുപോലെ കൃത്യമായ മീറ്ററിലാണ് തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നത്. കൗതുകമെന്ന് പറയട്ടെ പാര്‍വതിയുടെ മീരയോ പൃഥ്വിരാജിന്റെ രാജീവോ ഈ സിനിമയിലൊരിക്കലും മനസ്സു തുറന്നൊന്നു ചിരിക്കുന്നു പോലുമില്ല, ശരിക്കും സാധാരണക്കാര്‍ തന്നെ. എന്നാല്‍ ആ പെണ്‍കുട്ടിയുണ്ടല്ലോ ജിയ, അവളൊരിക്കല്‍ ഉള്ളുതുറന്നു ചിരിക്കുന്നുണ്ട്- ഐ നോബഡിയുടെ ക്യാമറ കാണിച്ച ഏറ്റവും മനോഹരമായ മുഹൂര്‍ത്തമായിരുന്നു അത്. ജിയയുടെ അനുജത്തി അമയയും കാഴ്ചക്കാരെ കയ്യിലെടുക്കുന്നുണ്ട്.
എല്ലാ കോലാഹലങ്ങളും കഴിഞ്ഞ് അവസാനമെത്തുമ്പോള്‍ അപ്രധാനമെന്ന് തോന്നുന്നൊരു കഥാപാത്രം ഉയര്‍ത്തുന്നൊരു ചോദ്യമുണ്ട്- ഒരുപക്ഷേ, ഈ സിനിമ കുടുംബ പ്രേക്ഷകര്‍ക്കും ദമ്പതികള്‍ക്കും നല്‍കുന്ന സന്ദേശവും ആ ചോദ്യം തന്നെയായിരിക്കും. അതിനുള്ള ഉത്തരം കണ്ടെത്തേണ്ടത് ഓരോ കാഴ്ചക്കാരനുമാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും ഇ4 എക്‌സ്‌പെരിമെന്റ്‌സിന്റേയും ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥയും ചേര്‍ന്നാണ് ഐ നോബഡി നിര്‍മിച്ചത്.




English (US) ·