
Photo: instagram.com/churchillbrothersfcgoa
ന്യൂഡല്‍ഹി: ഐ-ലീഗ് ഫുട്‌ബോള്‍ കിരീട തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അന്തിമ വിധി കാത്തിരിക്കുകയാണ് ഇന്റര്‍ കാശിയും ഗോവന്‍ ക്ലബ് ചര്‍ച്ചില്‍ ബ്രദേഴ്സും. ലീഗ് കഴിഞ്ഞിട്ടും കിരീടം ആര്‍ക്കെന്നകാര്യത്തില്‍ തീരുമാനത്തിനായി കാത്തിരിക്കേണ്ട അവസ്ഥ. എഐഎഫ്എഫിന്റെ അപ്പീല്‍ കമ്മിറ്റി വിധി അനുകൂലമായാല്‍ ഇന്റര്‍ കാശി കപ്പില്‍ മുത്തമിടും. അല്ലെങ്കില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിന് കിരീടം ലഭിക്കും.
ഐ-ലീഗ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയിട്ടും കിരീടം ലഭിക്കാത്തതില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിന് അതൃപ്തിയുണ്ട്. ഇപ്പോഴിതാ നീതി ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ 20-ന് ആരംഭിക്കാനിരിക്കുന്ന സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നാണ് ക്ലബ്ബിന്റെ നിലപാട്. പ്രശ്‌നം പരിഹരിക്കുന്നതു വരെ ഭാവി ടൂര്‍ണമെന്റുകളില്‍ ക്ലബ്ബിന്റെ പങ്കാളിത്തമുണ്ടാകില്ലെന്ന് ചര്‍ച്ചില്‍ ബ്രദേഴ്സ് സിഇഒ ചര്‍ച്ചില്‍ അലേമാവോ പ്രതികരിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ടീം തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''ചര്‍ച്ചില്‍ ബ്രദേഴ്‌സ് സൂപ്പര്‍ കപ്പില്‍ കളിക്കുമോ എന്ന് എനിക്ക് ഇപ്പോള്‍ ഉറപ്പില്ല. പക്ഷേ ഞങ്ങളുടെ ടീമിന് ഇതുവരെ ഐ-ലീഗ് ട്രോഫി ലഭിക്കാത്തതിനാല്‍ ടീമിന് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. പട്ടികയില്‍ ഞങ്ങള്‍ ഒന്നാം സ്ഥാനത്തെത്തി. പക്ഷേ ഇപ്പോഴും ഒരു തീരുമാനവും എടുത്തിട്ടില്ല. ഫുട്‌ബോളില്‍ അഴിമതി കാണിക്കരുത്. ലോകം മുഴുവന്‍ ഇന്ന് ഇതുകണ്ട് ചിരിക്കുകയാണ്. നീതി ലഭിച്ചില്ലെങ്കില്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ എങ്ങനെ ഉയരും? ആദ്യം, എനിക്ക് എന്റെ ലീഗ് ട്രോഫി വേണം. എന്നിട്ട് മറ്റൊരു ട്രോഫിയെ കുറിച്ച് ചിന്തിക്കാം.'' - അലേമാവോ വ്യക്തമാക്കി.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പോയിന്റുനിലയനുസരിച്ച് ഐ-ലീഗില്‍ 22 കളിയില്‍ 40 പോയിന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്സ് ഒന്നാമതാണ്. ഇന്റര്‍ കാശിക്ക് 39 പോയിന്റുണ്ട്. എന്നാല്‍, ഇന്റര്‍ കാശിയുടെ മൂന്നുപോയിന്റ് വിഷയത്തില്‍ അപ്പീല്‍ ഫെഡറേഷന്റെ മുന്നിലുണ്ട്. അപ്പീലില്‍ അവര്‍ക്ക് അനുകൂലമായി വിധിവന്നാല്‍ 42 പോയിന്റുമായി ടീം ജേതാക്കളാകും. മറിച്ചാണെങ്കില്‍ ചര്‍ച്ചിലിന് കപ്പുയര്‍ത്താം. അവസാനറൗണ്ടില്‍ ചര്‍ച്ചില്‍ ജയിച്ചിരുന്നെങ്കില്‍ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല.
അപ്പീല്‍ കാര്യം
ഐ ലീഗില്‍ ജനുവരി 13-ന് നാംധാരി ക്ലബ് ഇന്റര്‍ കാശിയെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ നാംധാരി കളിക്കാന്‍ അര്‍ഹതയില്ലാത്തയാളെ ഇറക്കിയെന്നുകാണിച്ച് ഇന്റര്‍ കാശി ലീഗ് അച്ചടക്കസമിതിക്ക് പരാതിനല്‍കി. നാല് മഞ്ഞക്കാര്‍ഡ് ലഭിച്ച ബ്രസീല്‍ ഫോര്‍വേഡ് ക്ലെഡ്സന്‍ കാര്‍വാലോ ഡാ സില്‍വയെ നാംധാരി കളിപ്പിച്ചതാണ് പരാതിക്കിടയാക്കിയത്. അച്ചടക്കസമിതി പരാതി അംഗീകരിച്ച് ഇന്റര്‍ കാശി മൂന്നുഗോളിന് ജയിച്ചതായി കണക്കാക്കി മൂന്നുപോയിന്റ് നല്‍കുകയും ചെയ്തു. ഇതിനെതിരേ നാംധാരി അപ്പീല്‍ കമ്മിറ്റിയെ സമീപിച്ചു. അപ്പീല്‍ കമ്മിറ്റി അച്ചടക്കസമിതിയുടെ ഉത്തരവ് സ്റ്റേചെയ്തു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷം ഏപ്രില്‍ 28-നാകും ഈ വിഷയത്തില്‍ അപ്പീല്‍ കമ്മിറ്റി വിധിപറയുക. വിധി അനുകൂലമായാല്‍ ഇന്റര്‍ കാശി ചാമ്പ്യന്മാരാകും. എതിരായാല്‍ എഎഫ്സിയിലേക്കും വേണ്ടിവന്നാല്‍ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിവരേയും കേസ് നീളാം.
Content Highlights: Churchill Brothers threatens to boycott the Super Cup implicit the disputed I-League title








English (US) ·