Published: April 02 , 2025 07:54 AM IST
1 minute Read
കോഴിക്കോട്∙ അപ്രതീക്ഷിത ട്വിസ്റ്റുമായി ഐ ലീഗ് ഫുട്ബോൾ ഫൊട്ടോഫിനിഷിൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർ ആകാംക്ഷയിലാണ്. തോൽവിയിൽ മുങ്ങിപ്പോയ ഗോകുലം കേരള എഫ്സി ഫീനിക്സ് പക്ഷിയെപ്പോലെ കിരീടത്തിലേക്കു പറന്നടുക്കുകയാണ്. വിധിയറിയാൻ ഇനി 3 മത്സരങ്ങളുടെ ദൂരം മാത്രം. ഇത്തവണ കിരീടം നേടിയാൽ ഗോകുലം അടുത്ത ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളത്തിലിറങ്ങും.
ഐ ലീഗിന്റെ അവസാന റൗണ്ടിൽ ഗോകുലം കേരള ഉൾപ്പെടെ 4 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. എല്ലാ ടീമിനും ഓരോ മത്സരം വീതം ബാക്കി. 3–ാം സ്ഥാനത്തുള്ള ഗോകുലത്തിന് 21 കളികളിൽ 11 ജയവും 4 സമനിലയുമായി 37 പോയിന്റ്. 39 പോയിന്റുമായി ഗോവ ചർച്ചിൽ ബ്രദേഴ്സ് ഒന്നാമതും ഇന്റർ കാശി രണ്ടാമതും.കോർപറേഷൻ സ്റ്റേഡിയത്തിൽ 6ന് ഡെംപോ എസ്‌സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. കിരീടം നേടണമെങ്കിൽ ഈ മത്സരത്തിൽ ഗോകുലം ജയിച്ചാൽ മാത്രം പോരാ; ചർച്ചിൽ ബ്രദേഴ്സും ഇന്റർകാശിയും അവരുടെ മത്സരങ്ങളിൽ തോൽക്കുക കൂടി വേണം.
നിലവിൽ നാലാം സ്ഥാനത്തുള്ള റിയൽ കശ്മീർ എഫ്സിയെയാണ് 6നു നടക്കുന്ന അടുത്ത മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് നേരിടുന്നത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാൻ യുണൈറ്റഡ് എഫ്സിക്കെതിരെയാണ് ആറിന് ഇന്റർകാശിയുടെ അവസാന മത്സരം. ചർച്ചിലും ഇന്റർകാശിയും തോൽക്കുകയും ഗോകുലം ജയിക്കുകയും ചെയ്താൽ ഐലീഗ് കിരീടം മൂന്നാംതവണയും കേരളത്തിലേക്കു വരും. ഇത്തവണത്തെ ഐ ലീഗ് ജേതാക്കൾക്ക് ഐഎസ്എലിലേക്കു സ്ഥാനക്കയറ്റം ലഭിക്കുമെന്നിരിക്കെ ഗോകുലത്തിന് ഇതു സുവർണാവസരമാണ്.
ഐ ലീഗിൽ ഈ സീസണിൽ ഗോകുലത്തിന്റെ തുടക്കം പ്രതീക്ഷയോടെയായിരുന്നു. എന്നാൽ, ഗോകുലം പാതിവഴിയിൽ തളർന്നു. ഫെബ്രുവരിയിൽ പരിശീലകൻ അന്റോണിയോ റുവേദയെ പുറത്താക്കി സഹപരിശീലകൻ ടി.എ.രഞ്ജിത്തിനെ ചുമതലയേൽപിച്ചു. എറണാകുളം സ്വദേശിയായ രഞ്ജിത്തിനു കീഴിൽ ഫെബ്രുവരി 16ന് ഡൽഹി എഫ്സിയെ 6–3ന് തോൽപിച്ചു ഗോകുലം തുടങ്ങിവച്ച ഗംഭീര തിരിച്ചുവരവാണിപ്പോൾ കിരീടനേട്ടത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്നത്.
∙ കിരീട സാധ്യത ഇങ്ങനെ
∙ ഗോകുലം കേരള: ആറിനു ഡെംപോയെ തോൽപിക്കണം. റിയൽ കശ്മീരിനോടു ചർച്ചിൽ പരാജയപ്പെടണം. ഇന്റർ കാശി എഫ്സി രാജസ്ഥാൻ യുണൈറ്റഡിനോടു തോൽക്കണം. ഇരുടീമുകളും സമനില വഴങ്ങിയാൽ, ഗോൾവ്യത്യാസത്തിൽ മുന്നിൽക്കയറിയാലും ഗോകുലത്തിനു സാധ്യതയുണ്ട്. ചർച്ചിൽ (20), ഗോകുലം (17), ഇന്റർ കാശി (9) എന്നിങ്ങനെയാണ് നിലവിലെ ഗോൾവ്യത്യാസം. ഡെംപോയ്ക്കെതിരെ വൻ മാർജിനിൽ ജയിക്കേണ്ടതും ഗോകുലത്തിന്റെ ആവശ്യമാണ്.
∙ ചർച്ചിൽ: അവസാന മത്സരത്തിൽ റിയൽ കശ്മീരിനെ തോൽപിച്ചാൽ കിരീടം ഉറപ്പിക്കാം. സമനിലയാണെങ്കിൽ ഇന്റർകാശി രാജസ്ഥാൻ യുണൈറ്റഡിനോടു തോൽക്കണം.
∙ ഇന്റർകാശി: രാജസ്ഥാൻ യുണൈറ്റഡിനെ തോൽപിക്കണം. റിയൽ കശ്മീരിനോടു ചർച്ചിൽ പരാജയപ്പെടണം.
∙ റിയൽ കശ്മീർ: ചർച്ചിലിനെ 3–0ന് തോൽപിക്കണം. ഗോകുലവും ഇന്റർകാശിയും പരാജയപ്പെടണം.
English Summary:








English (US) ·