Published: December 19, 2025 09:58 AM IST Updated: December 19, 2025 10:59 AM IST
1 minute Read
-
ക്ലബ്ബുകൾ നൽകുന്ന പദ്ധതിരേഖ ചർച്ച ചെയ്യണമെന്ന് ഫെഡറേഷനോട് കായിക മന്ത്രാലയം
ന്യൂഡൽഹി ∙ ഐഎസ്എലിന്റെ പ്രതിസന്ധി തീർക്കാൻ ‘ഇംഗ്ലിഷ് പ്രിമിയർ ലീഗ് മോഡൽ’ ആശയം മുന്നോട്ടുവച്ച ക്ലബ്ബുകളോട് 24 മണിക്കൂറിനുള്ളിൽ പദ്ധതി രേഖ സമർപ്പിക്കാൻ കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്നലെ നടന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയും (എഐഎഫ്എഫ്) ക്ലബ്ബുകളുടെയും യോഗത്തിലാണ് കായികമന്ത്രാലയം ഈ ആവശ്യമുന്നയിച്ചത്. ക്ലബ്ബുകളുടെ നിർദേശം 20ന് നടക്കുന്ന എഐഎഫ്എഫ് വാർഷിക ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യാനും മന്ത്രാലയം നിർദേശിച്ചു.
അതേസമയം, ക്ലബ്ബുകൾ ആവശ്യപ്പെട്ട ഭേദഗതികൾ ഭരണഘടനയിൽ നടപ്പാക്കാനാവില്ലെന്ന് ഫെഡറേഷൻ അറിയിച്ചു. ഐഎസ്എലിന്റെ നടത്തിപ്പിലടക്കം സ്പോൺസർമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതികളാണ് ക്ലബ്ബുകൾ ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ പുതിയ സ്പോർട്സ് കോഡ് നിലവിൽ വരുന്നതുവരെ ഭരണഘടനയിൽ മാറ്റമുണ്ടാകില്ലെന്നാണ് ഫെഡറേഷൻ നിലപാട്.
എന്താണ് പ്രിമിയർ ലീഗ് മോഡൽ?
ക്ലബ്ബുകളുടെ കൺസോർഷ്യം നേതൃത്വം നൽകുകയും എഐഎഫ്എഫും മറ്റ് വാണിജ്യപങ്കാളികളും ചേർന്ന് ഐഎസ്എൽ നടത്തുകയും ചെയ്യുന്ന രീതിയാണിത്. ക്ലബ്ബുകൾക്കാണ് നടത്തിപ്പിൽ കൂടുതൽ അവകാശം. ഇംഗ്ലിഷ് പ്രീമിയർ ലീഗ് അടക്കമുള്ള ലോകത്തെ മുൻനിര ലീഗുകളിൽ വിജയകരമായി നടപ്പാക്കപ്പെട്ട പദ്ധതിയാണിത്.
ഇംഗ്ലിഷ് പ്രിമിയർ ലീഗിന്റെ നടത്തിപ്പ് ഫുട്‌ബോൾ അസോസിയേഷൻ പ്രിമിയർ ലീഗ് ലിമിറ്റഡിനാണ്. ലീഗിലെ 20 ക്ലബ്ബുകൾക്കാണ് ഉടമസ്ഥാവകാശം. ഇംഗ്ലണ്ടിലെ ഫുട്‌ബോൾ അസോസിയേഷനു പ്രത്യേക പങ്കാളിത്തമുണ്ട്. ദൈനംദിന നടത്തിപ്പിന് ഡയറക്ടർ ബോർഡും ചെയർമാനും ചീഫ് എക്സിക്യുട്ടീവുമുണ്ട്. സുപ്രധാന തീരുമാനമെടുക്കാൻ കുറഞ്ഞത് 14 ക്ലബ്ബുകളുടെ പിന്തുണ വേണം. ടെലിവിഷൻ സംപ്രേഷണം ഉൾപ്പെടെയുള്ള വരുമാനം ക്ലബ്ബുകൾക്ക് കൃത്യമായി ലഭിക്കും.
English Summary:









English (US) ·