കൊച്ചി ∙ ഭാവി അനിശ്ചിതത്വത്തിലായ ഐഎസ്എൽ ടീമുകൾ കൂട്ടത്തോടെ ശമ്പളം വെട്ടിക്കുറയ്ക്കൽ നടപടികളിലേക്കു കടന്നതോടെ ഇന്ത്യൻ പ്രഫഷനൽ ഫുട്ബോൾ ലോകത്തു മുഴങ്ങുന്നത് അപായ വിസിൽ. നാനൂറിലേറെ താരങ്ങൾ ഉൾപ്പെടെ ഏകദേശം 5,000 പ്രഫഷനലുകളെയാണു ലീഗിലെ അനിശ്ചിതത്വം സാമ്പത്തികമായും തൊഴിൽപരമായും കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എംആർഎ) പുതുക്കാത്തതാണ് ഇക്കുറി ഐഎസ്എൽ മരവിപ്പിക്കാൻ കാരണം. ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി വരാത്തതു കൊണ്ടാണ് ഐഎസ്എലിന്റെ ഭാവി സംബന്ധിച്ചു തീരുമാനമെടുക്കാൻ കഴിയാത്തതെന്ന നിലപാടിലാണു ഫെഡറേഷൻ. ദേശീയ ലീഗ് സംഘടിപ്പിക്കാൻ കഴിയാത്ത ദുരവസ്ഥ ഇന്ത്യൻ ഫുട്ബോളിനു തന്നെ അപമാനകരമായി മാറുകയാണ്.
കരാറുകൾ റദ്ദാക്കി ഒഡീഷബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി ടീമുകൾ തങ്ങളുടെ താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ മുഴുവൻ പ്രഫഷനലുകളുടെയും പ്രതിഫലം പൂർണമായി വെട്ടിക്കുറച്ചു. ചെന്നൈയിൻ എഫ്സി ക്ലബ്, ഐഎസ്എലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയും ചെയ്തു. ഒഡീഷ എഫ്സിയാകട്ടെ ശമ്പളം വെട്ടിക്കുറയ്ക്കുക മാത്രമല്ല, കളിക്കാരുമായുള്ള കരാറുകൾ പോലും റദ്ദാക്കിയെന്നാണു സ്ഥിരീകരിക്കാത്ത വിവരം. ലീഗ് മരവിപ്പിക്കുകയും വരുമാനം ഇല്ലാതാകുകയും ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കാർ ഒഴികെയുള്ളവരുടെ നിശ്ചിത ശതമാനം ശമ്പളം കുറച്ചു. ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി ബോധ്യപ്പെടുത്തുകയും ചെയ്ത ശേഷം ജീവനക്കാരുടെ കൂടി സമ്മതത്തോടെയാണു ശമ്പളം കുറച്ചത്.
പ്രതിസന്ധികാലത്തു ക്ലബ്ബിന്റെ നിലനിൽപിനായി സഹകരിക്കണമെന്നു മാനേജ്മെന്റ് എല്ലാവരോടും അഭ്യർഥിച്ചിരുന്നു. നിലവിൽ സിഇഒയും സ്പോർട്ടിങ് ഡയറക്ടറും മുതൽ താഴേക്കുള്ള മുഴുവൻ ജീവനക്കാരുടെയും ശമ്പളത്തിൽ കുറവു വരുത്തി.
കളിക്കാരുടെയും സഹകരണം തേടിയിട്ടുണ്ട്. താരങ്ങളുടെ ഏജന്റുമാരുമായി സംസാരിച്ചശേഷം അവരുടെ കൂടി സമ്മതത്തോടെ ശമ്പളം കുറയ്ക്കുമെന്നാണു സൂചന. മറ്റ് ഐഎസ്എൽ ടീമുകളും പലവിധത്തിൽ ചെലവു കുറയ്ക്കാനുള്ള നീക്കത്തിലാണ്. പല ടീമുകളും ശമ്പളം പൂർണമായോ ഭാഗികമായി വെട്ടിക്കുറച്ചേക്കും.
ഒന്നും ചെയ്യാനാകാതെ ടീമുകൾലീഗ് നടക്കുമോയെന്ന് ഉറപ്പില്ലാത്തതിനാൽ പ്രമുഖ ക്ലബ്ബുകളൊന്നും പ്രീ സീസൺ ട്രെയ്നിങ് പോലും തുടങ്ങിയിട്ടില്ല. ഒഡീഷ എഫ്സി, ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സി, ഹൈദരാബാദ്, മുംബൈ സിറ്റി ടീമുകളൊക്കെ ലീഗിന്റെ ഭാവി നിശ്ചയിക്കുന്ന കോടതി വിധി കാത്തിരിക്കുകയാണ്. എഎഫ്സി ചാംപ്യൻസ് ലീഗ് 2 പ്ലേ ഓഫിൽ കളിക്കേണ്ടതിനാൽ ഗോവ എഫ്സി പരിശീലനം തുടങ്ങിയിട്ടുണ്ട്. കളിയും പരിശീലനവും നടക്കുന്നില്ലെങ്കിലും കലൂർ സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും പരിപാലിക്കേണ്ട ബാധ്യതയും ബ്ലാസ്റ്റേഴ്സിനുണ്ട്.
അതേസമയം, ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ സംബന്ധിച്ച് തുടരുന്ന അനിശ്ചിതത്വത്തെക്കുറിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ക്ലബുകളുമായുള്ള പ്രത്യേക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെ എട്ട് ടീമുകൾ സംയുക്തമായി എഐഎഫ്എഫിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. എന്നാൽ ഇന്ന് നടക്കുന്ന യോഗത്തിൽ മുൻ ചാംപ്യൻമാരായ മോഹൻ ബഗാൻ പങ്കെടുക്കില്ലെന്നാണ് വിവരം.
English Summary:








English (US) ·